സന്ദീപ് റെഡ്ഡി, മമ്മൂട്ടി
ഹോളിവുഡ് ഇതിഹാസങ്ങളായ റോബർട്ട് ഡി നിറോ, അൽ പാച്ചിനോ എന്നിവരേക്കാൾ വലിയ അഭിനയ ജീവിതവും സിനിമകളുമാണ് ഇന്ത്യൻ താരങ്ങൾക്കുള്ളതെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. കമൽ ഹാസൻ, മമ്മൂട്ടി, ചിരഞ്ജീവി തുടങ്ങിയവരെയാണ് സന്ദീപ് ഉദാഹരണം പറഞ്ഞത്.
മാധ്യമപ്രവർത്തകൻ ഫരീദൂൺ ഷഹ്രിയാറിന് നൽകിയ അഭിമുഖത്തിലാണ് സന്ദീപ് റെഡ്ഡി വാങ്ക ഇക്കാര്യം വ്യക്തമാക്കിയത്.
'കമൽ ഹാസൻ, മമ്മൂട്ടി, ചിരഞ്ജീവി എന്നിവരുടെ സിനിമകളും അഭിനയ ജീവിതവും നോക്കുമ്പോൾ, അൽ പാച്ചിനോയേക്കാളും റോബർട്ട് ഡി നിറോയേക്കാളും വലിയ നേട്ടങ്ങളാണ് നമ്മുടെ താരങ്ങൾക്കുള്ളതെന്ന് എനിക്ക് തോന്നുന്നു,' വാങ്ക പറഞ്ഞു. അതേസമയം, ഇതിഹാസ താരങ്ങളായ പാച്ചിനോയെയും നിറോയെയും താഴ്ത്തിക്കെട്ടാനല്ല താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ പഴയകാല ഇന്ത്യൻ സിനിമകളുടെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയാകുന്നത് സിനിമാ പോസ്റ്ററുകളുടെ ഗുണനിലവാരമില്ലായ്മ മാത്രമാണെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.
'ഇന്ത്യൻ സിനിമാ പോസ്റ്ററുകളുടെ നിലവാരം മോശമാണെന്നത് മാത്രമാണ് ഏക പ്രശ്നം. ഈ നടന്മാരുടെ നിരവധി ഇഷ്ടചിത്രങ്ങൾ എനിക്കുണ്ട്. പക്ഷേ, അവയുടെ പോസ്റ്ററുകൾ മികച്ചതല്ല.
അവരുടെ അഭിനയ ജീവിതവും, ചെയ്ത സിനിമകളുടെ എണ്ണവും, വ്യത്യസ്ത കഥാപാത്രങ്ങളും കാണുമ്പോൾ നമ്മുടെ താരങ്ങൾ അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന് വ്യക്തമാകും,' അദ്ദേഹം വിശദീകരിച്ചു.
Tags : Sandeep Reddy Vanga Mammootty Chiranjeevi Kamal Haasan Sandeep Reddy