എൽഡിഎഫ് സ്ഥാനാർഥികള്ക്കായി വോട്ട് അഭ്യർഥിച്ച് നടി നിഖില വിമൽ. അഴീക്കോട് മണ്ഡലം സ്ഥാനാർഥി കെ.വി. സുമേഷ്, തളിപ്പറമ്പ് മണ്ഡലം സ്ഥാനാർഥി പി.കെ ശ്യാമള എന്നിവർക്കു പിന്തുണയുമായാണ് നിഖില ബുധനാഴ്ച എത്തിയത്.
കഴിഞ്ഞ തവണ സുമേഷിനായി നിഖില പ്രചരണത്ത് സജീവമായിരുന്നു. സുമേഷേട്ടന് ജയിക്കണമെന്ന് മനസുരുകി പ്രാർഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു. കെ.വി. സുമേഷ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കട്ടെ എന്ന് ആശംസിച്ചാണ് താരം വേദി വിട്ടത്.
‘‘കഴിഞ്ഞ തവണ അഴീക്കോട് മണ്ഡലത്തിൽ സുമേഷേട്ടൻ മത്സരിച്ചപ്പോഴാണ് ഞാൻ ആദ്യമായി ഒരു റോഡ് ജാഥയിൽ പങ്കെടുക്കുന്നത്. അന്ന് സുമേഷേട്ടൻ ജയിക്കണമേ എന്ന് ഞാൻ മനസുരുകി പ്രാർഥിക്കുമായിരുന്നു.
കാരണം തോറ്റുപോയാൽ അത് വലിയൊരു നാണക്കേടാകില്ലേ എന്നതായിരുന്നു എന്റെ പേടി. അങ്ങനെ എന്റെ പ്രാർഥനയുടെ ബലമായി കഴിഞ്ഞ തവണ സുമേഷേട്ടൻ ജയിച്ചു.
അതിനൊരു തുടർച്ച ഉണ്ടാകാൻ വേണ്ടി ഇത്തവണയും സുമേഷേട്ടന് വോട്ട് ചെയ്യണമെന്ന് നിങ്ങളോട് നേരിട്ട് വന്ന് അഭ്യർഥിക്കാൻ സാധിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇത്തവണയും അദ്ദേഹം വൻ ഭൂരിപക്ഷത്തോടെ വിജയിക്കണമെന്നാണ് എന്റെ പ്രാർഥന.
എനിക്ക് സുമേഷേട്ടനെ കഴിഞ്ഞ കുറെ വർഷങ്ങളായി അടുത്തറിയാം. സുമേഷേട്ടൻ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽ ഒരുപാട് വേദിയിൽ ഒരുമിച്ച് പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. അതിനു ശേഷം സുമേഷേട്ടനെ വിളിച്ച് ഒരുപാട് കാര്യങ്ങളൊന്നും ചോദിക്കാനുള്ള ആവശ്യം എനിക്ക് വന്നിട്ടില്ല.
പക്ഷേ തളിപ്പറമ്പുകാരിയായ എന്നെ സംബന്ധിച്ച്, റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ വലിയ ആശ്വാസമാണ് നൽകിയത്.
എനിക്ക് മാത്രമല്ല, നമ്മുടെ നാട്ടിലെ ഒരുപാട് പേർക്ക് അത് ഉപകാരപ്പെട്ടു. ഇവിടെനിന്ന് അങ്ങോട്ട് പോകുന്നവർക്കെല്ലാം സുഖപ്രദമായ ഒരു യാത്രാസൗകര്യം ഉണ്ടാക്കാൻ വേണ്ടി സുമേഷേട്ടൻ എടുത്ത പരിശ്രമം വളരെ വലുതാണ്.
അതുപോലെ ഇവിടെയുള്ള ചിറയുടെ കാര്യം, ഞാനിവിടെ വന്നപ്പോൾ ഈ ചിറ എത്ര മനോരഹമാണെന്ന് പറഞ്ഞപ്പോൾ പലരും പറഞ്ഞത് ഇത് ഇങ്ങനെ ആയിരുന്നില്ല, ഇങ്ങനെ മാറ്റി എടുത്തതാണ് എന്നാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നമ്മുടെ നാട് കൈവരിച്ച വികസനങ്ങൾക്കെല്ലാം പിന്നിൽ നമുക്ക് നന്നായി അറിയാവുന്ന ഒരു വ്യക്തിയുണ്ട് എന്നത് അഭിമാനകരമായ കാര്യമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും സുമേഷേട്ടൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കട്ടെ എന്ന് ഞാൻ ആത്മാർഥമായി ആശംസിക്കുന്നു.’’ നിഖില വിമൽ പറഞ്ഞു.
Tags : Nikhila Vimal LDF candidates kv sumesh