ലക്നോ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ട്രക്ക് ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു.
ലംബുവയിലെ കുർമിയാനേ റാംപൂർ ഗ്രാമത്തിലാണ് സംഭവം. മരിച്ചവരിൽ വാഹനത്തിന്റെ ഡ്രൈവറും ഉൾപ്പെടുന്നു.
നിയന്ത്രണം നഷ്ടമായ ട്രക്ക് ചായക്കടയിൽ ഇടിച്ചതിന് ശേഷം മരത്തിൽ ഇടിച്ചാണ് നിന്നത്. ചായക്കടക്കാരന്റെ മകൻ രോഹിത് (28) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ രോഹിതിന്റെ അമ്മ രാജകുമാരി(50)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിലുണ്ടായിരുന്ന ശ്രീറാം (55), നന്ദു (45) എന്നിവർക്കും പരിക്കേറ്റു.
അയോധ്യ ജില്ലയിലെ ഹൈദർഗഞ്ച് സ്വദേശിയായ ട്രക്ക് ഡ്രൈവർ അങ്കിത് പാൽ (32) സ്റ്റിയറിംഗ് വീലിനു സമീപം കുടുങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ലംഭുവ ഏരിയ സ്റ്റേഷൻ ഹൗസ് ഓഫീസർ സന്ദീപ് റായ് പറഞ്ഞു.
അപകടത്തിൽ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ നിയമനടപടികൾ നടന്നുവരികയാണെന്നും എസ്എച്ച്ഒ കൂട്ടിച്ചേർത്തു.
Tags : Accident death utherpradesh fog