ചണ്ഡീഗഡ്: അന്താരാഷ്ട്ര അത്ലറ്റും ആറ് തവണ ദേശീയ സ്വർണ മെഡൽ ജേതാവുമായ രോഹിത് ധൻഖറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു.
ഭിവാനി ജില്ലയിൽ താമസിക്കുന്ന സഹോദരന്മാരായ വരുൺ, തരുൺ, ദീപക് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ബംഗുളൂരുവിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഭാരത് ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
നവംബർ 27നാണ് സംഭവം. സുഹൃത്തിനൊപ്പം രേവാരി ഖേരയിലെ ഒരു ബന്ധുവിന്റെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു രോഹിത്.
ചടങ്ങിനിടെ, വരന്റെ ഭാഗത്തുനിന്നുള്ള ചില അതിഥികളുടെ മോശം പെരുമാറ്റം രോഹിതും സുഹൃത്തും ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്ക് നയിച്ചു.
ചടങ്ങിൽവച്ച് തന്നെ പ്രശ്നം രമ്യമായി പരിഹരിച്ചെങ്കിലും പരിപാടിക്ക് ശേഷം പിന്തുടർന്നെത്തിയ സംഘം രോഹിതും സുഹൃത്തും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി. 20 ഓളം ആളുകൾ ചേർന്ന് കാർ വളഞ്ഞ് ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് ക്രൂരമായി ഇവരെ മർദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രോഹിതിനെ ആദ്യം ഭിവാനി ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് പിന്നീട് റോത്തക്കിലേക്ക് മാറ്റിയെങ്കിലും അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു.
Tags : Athlete murder arrest case