ഭഗവന്ത് മൻ
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മൂന്ന് മണിക്കൂറോളം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായി ആം ആദ്മി പാർട്ടി. തുടർന്ന് ഭഗവന്ത് മന്നിന് 50,000 രൂപ പിഴ ചുമത്തിയതായും എഎപി ആരോപിച്ചു.
മുഖ്യമന്ത്രിയെ മനഃപൂർവം അപമാനിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്നാണ് എഎപിയുടെ ആരോപണം. പ്രധാനമന്ത്രിയുടെ വിലക്കുകളെ അവഗണിച്ച് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് മൻ പാരീസിലേക്ക് പോയതെന്ന് എഎപി വ്യക്തമാക്കി.
ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യമേളയിൽ പഞ്ചാബിലെ പ്രശസ്തമായ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിനായാണ് അദ്ദേഹം ഫ്രാൻസിലേക്ക് പോയത്. എന്നാൽ മുഖ്യമന്ത്രിക്ക് അർഹമായ പ്രോട്ടോക്കോൾ നൽകാൻ പാരീസിലെ ഇന്ത്യൻ കോൺസൽ ജനറൽ പോലും തയാറായില്ലെന്നും ആം ആദ്മി പാർട്ടി ആരോപിക്കുന്നു.
Tags : BhagwantMann AAP Punjab NewsUpdate Headlines