ന്യൂഡൽഹി: രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടിനടക്കം 19 പേർക്ക് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുടെ ആദരം. സഭയ്ക്കും സമൂഹത്തിനും നൽകിയ മാതൃകാപരമായ സേവനങ്ങളെ മുൻനിർത്തിയാണ് ദേശീയതലത്തിലുള്ള ആദരം.
സുവിശേഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മനുഷ്യാന്തസ്, നീതി, വിദ്യാഭ്യാസം, നേതൃത്വം, നവീനത എന്നിവയിൽ ഗണ്യമായ സംഭാവനകൾ നൽകി സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും അസാധാരണമായ സേവനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്ത വ്യക്തികളെയാണ് ആദരിക്കുന്നത്.
ഫാ. മൈക്കിൾ വെട്ടിക്കാട്ടിനു പുറമെ കെ. പി. ജോൺ, പി. വി.മേരിക്കുട്ടി, ഡോ. എ. ആരോഗ്യസാമി, ഡോ. എഫ്. മേരി റെജീന, എസ്. എ. ലൂർദുസാമി, കെ. എസ്. ജയമോഹൻ, സീറ്റ്ലി ജോർജ്, ഡോ. തോംസൺ ഫിലിപ്പ്, കോൺറാഡ് കെ. സാംഗ്മ, ഡൊമിനിക്ക പാസ്കൽ ദാബ്രെ, ഫാ. ഡോ. പോൾ വി. പറത്താഴം, പ്രഫ. ഡേവിഡ് ആർ. സിയെംലി, ഡോ. ജൊവാൻ ചുങ്കപുര, എംഎംഎസ്, ഫാ. ഡോ. ജോസുകുട്ടി തോമസ്, എസ്ഡിബി, ഫാ. ജോസ് അലാരിക്കോ കാർവാലോ, ജോസഫ് ആന്റണി ഗാത്തിയ, എസ്. ജെ. റീമാൻ, ഫാ. റോയ് മാത്യു വടക്കേൽ എന്നിവരേയും ആദരത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
ആദരിക്കൽ ചടങ്ങ് ഒമ്പതിന് വൈകുന്നേരം അഞ്ചിന് ബംഗുളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽവച്ച് നടക്കും. കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ്, ഭാരതത്തിലെ മെത്രാന്മാർ, സഭാ നേതാക്കൾ, ക്ഷണിതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
വിശ്വാസം പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും പ്രവാചകതുല്യമായ സാക്ഷ്യം നൽകുകയും ചെയ്ത വൈദികർ, സന്യാസിനികൾ, അല്മായർ എന്നിവരുടെ നിസ്വാർഥ സേവനങ്ങളെയും ബൗദ്ധികമായ സംഭാവനകളെയും രാഷ്ട്രനിർമാണത്തിലെ പങ്കാളിത്തത്തെയും ആഘോഷിക്കുവാനുള്ള സിബിസിഐയുടെ പ്രതിബദ്ധതയാണ് ഈ അവാർഡുകളിലൂടെ വ്യക്തമാകുന്നതെന്ന് സിബിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Tags : CBCI honor Fr. Michael Vettikad