ഭുവനേശ്വർ: വികസിത ഭാരതത്തിനായി കൂട്ടായ ശ്രമേ വേണമെന്നും തൊഴിലന്വേഷകരായി മാറാതെ തൊഴിൽദാതാക്കളാകുന്നതിനെക്കുറിച്ചാണു എല്ലാവരും ചിന്തിക്കേണ്ടതെന്നും കേരള ഗവർണർ വിശ്വനാഥ് രാജേന്ദ്ര അർലേക്കർ.
ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ കലിംഗ് ടിവി കോൺക്ലേവിൽ ഇന്ത്യയുടെ വികസന കാഴ്ചപ്പാടിനെയും അത് രൂപപ്പെടുത്തുന്നതിൽ ഒഡീഷയുടെ ഉയർന്നുവരുന്ന പങ്കിനെയും കേന്ദ്രീകരിച്ചുള്ള ചർച്ച ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ വികസിത ഒഡീഷയും അനിവാര്യമാണ്. വികസിത ഭാരതമെന്ന സ്വപ്നം പ്രധാനമന്ത്രി നമുക്കുമുന്നിൽ വച്ചിരിക്കുകയാണ്. ഇതിലേക്ക് എനിക്ക് എന്തു സംഭാവന ചെയ്യാൻ കഴിയുമെന്നതായിരിക്കണം നാമോരോരുത്തരും സ്വയം ചോദിക്കേണ്ടത്. ഈ ചോദ്യത്തിന് ഉത്തരം നൽകിയില്ലെങ്കിൽ നമ്മൾ വെറും കാഴ്ച്ചക്കാരായി മാറും.
നമുക്ക് സ്വാശ്രയമനോഭാവം വേണം. എനിക്കു സ്വദേശി സ്വീകരിക്കാൻ കഴിയുമോ? ഇറക്കുമതി ചെയ്ത വസ്തുക്കൾ ഉപയോഗിക്കുന്നത് നിർത്തി രാഷ്ട്രനിർമാണത്തിന് വ്യക്തിപരമായി സംഭാവന നൽകാൻ എനിക്ക് കഴിയുമോ? എന്നീ ചോദ്യങ്ങളിൽ നാം ആത്മപരിശോധന നടത്തണം-ഗവർണർ പറഞ്ഞു. വികസിത് ഭാരത്, വികസിത് ഒഡീഷ/” എന്ന വിഷയത്തിലുള്ള കോൺക്ലേവിൽ ദേശീയ നേതാക്കളും മുതിർന്ന പത്രപ്രവർത്തകരും നയരൂപീകരണ വിദഗ്ധരും പങ്കെടുത്തു.