പൂനെ: ശ്വാസനാളത്തിൽ എൽഇഡി ബൾബ് കുടുങ്ങിയ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി സൈനിക ഡോക്ടർമാർ. പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ - തൊറാസിക് സയൻസസിൽ നടന്ന അതിസങ്കീർണമായ പ്രക്രിയയിലൂടെ കുരുന്നിന്റെ ജീവൻ രക്ഷപ്പെടുത്തിയത്.
ഇടത് ശ്വാസകോശത്തിലേക്കുള്ള പ്രധാന ശ്വസനനാളിയിലാണ് തുരുമ്പിച്ച വയറുകളോട് കൂടിയ എൽഇഡി ബൾബ് കുടുങ്ങിക്കിടന്നിരുന്നത്. ശസ്ത്രക്രിയകൾ ഒഴിവാക്കി കനത്ത വെല്ലുവിളികൾ നിറഞ്ഞ ബ്രോങ്കോസ്കോപ്പിക് പ്രക്രിയയിലൂടെയാണ് ഡോക്ടർമാർ ബൾബ് പുറത്തെടുത്തത്.
തുരുമ്പിച്ച വയറുകൾ ഉള്ളിലുണ്ടായിരുന്നതിനാൽ നേരിയ പാകപ്പിഴ സംഭവിച്ചാൽ പോലും ആന്തരികാവയവങ്ങൾക്ക് വലിയ പരിക്കേൽക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ സൈനിക ഡോക്ടർമാരുടെ കൃത്യതയാർന്ന ഇടപെടലിലൂടെ ബൾബ് വിജയകരമായി നീക്കം ചെയ്യുകയായിരുന്നു.
കുഞ്ഞ് ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന് ഇന്ത്യൻ കരസേനയുടെ സതേൺ കമാൻഡ് ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ അറിയിച്ചു. കുട്ടിയുടെ ശ്വസനനാളിയിൽനിന്ന് നീക്കം ചെയ്ത എൽഇഡി ബൾബിന്റെ ചിത്രവും കരസേന പങ്കുവെച്ചിട്ടുണ്ട്.
Tags : ledbulb stuck indian army