മുംബൈ: മഹാരാഷ്ട്രയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും പ്രായപൂർത്തിയാകാത്ത മകനെ ക്രൂരമായി മർദിക്കുകയും ചെയ്ത് സർക്കാർ ഉദ്യോഗസ്ഥൻ. പുനെയിലാണ് സംഭവം.
സംഭവത്തിൽ മഹാരാഷ്ട്ര മന്ത്രി അതുൽ സേവിന്റെ ഒഎസ്ഡി(ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) ആയി ജോലി ചെയ്യുന്ന വിജയ് ദുൽചന്ദ് കരണ്ടെ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.
ഇയാളുടെ 30കാരിയായ ഭാര്യയാണ് പരാതിക്കാരി. വിജയ്യുടെ മൊബൈൽ ഫോണിലെ ചാറ്റുകളുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്.
തർക്കം രൂക്ഷമായതിനെ തുടർന്ന് വിജയ്, ഭാര്യയെ ബാറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത മകനെയും ഇയാൾ ആക്രമിച്ചു.
കുട്ടിയുമായി വീട്ടിൽ നിന്ന് ഓടി രക്ഷപെട്ട ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പരാതിയിന്മേൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശിവങ്കർ സ്ഥിരീകരിച്ചു.
Tags : Maharashtra case MurderAttempt