ബല്‍ത്തങ്ങാടി (കര്‍ണാടക): കന്നഡ മണ്ണിലെ സീറോ മലബാര്‍സഭയുടെ തറവാടായ ബല്‍ത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷനായി മാര്‍ ജയിംസ് പട്ടേരില്‍ സ്ഥാനമേറ്റു. ബല്‍ത്തങ്ങാടി സെന്റ് ലോറന്‍സ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുടി അണിയിച്ചും അംശവടി കൈമാറിയും മെത്രാഭിഷേകം നടത്തി.
തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി എന്നിവര്‍ സഹകാര്‍മികരായി. ബല്‍ത്തങ്ങാടി വികാരി ജനറാള്‍ ഫാ. ജോസഫ് വലിയപറമ്പില്‍ സ്ഥാനാരോഹണ ചടങ്ങിന് സ്വാഗതം പറഞ്ഞു. ചാന്‍സലര്‍ ഫാ.ലോറന്‍സ് പൂണോലില്‍ നിയമനപത്രിക വായിച്ചു. മാര്‍ റാഫേല്‍ തട്ടില്‍ ഔദ്യോഗിക നിയമനപത്രിക മാര്‍ ജയിംസ് പട്ടേരിലിന് കൈമാറി.
മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബഷപ് ഡോ. പീറ്റര്‍ മച്ചാഡോ, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, മാര്‍ തോമസ് തറയില്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസ് പൊരുന്നേടം, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജോസഫ് ചിറ്റൂപറമ്പില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള 41 ബിഷപ്പുമാര്‍ ചടങ്ങില്‍ സാക്ഷ്യം വഹിക്കാനെത്തി.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രതികൂലസാഹചര്യങ്ങളെ അതിതീവിച്ച് കുടിയേറ്റജനത വിയര്‍പ്പും രക്തവും ചിന്തി യാഥാര്‍ഥ്യമാക്കിയ ബല്‍ത്തങ്ങാടി രൂപത ഇന്നു സീറോമലബാര്‍ സഭയുടെ അഭിമാനമാനമായി വളര്‍ന്നിരിക്കുകയാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ഇതിനു കാരണം മാര്‍ ലോറന്‍സ് മുക്കുഴിയുടെ നേതൃമികവാണ്.
പലഭാഗങ്ങളിലായി ചിതറിക്കിടന്ന ഇവിടുത്തെ ക്രൈസ്തവകുടുംബങ്ങളെ ഒരു കുടക്കീഴിലാക്കി നയിച്ചു. മികച്ച ഒരു വിഷനറിയും മിഷനറിയുമാണ് അദ്ദേഹം. ഏതൊരു പ്രശ്നത്തിനും മാർ മുക്കുഴി പിതാവിന്റെ പക്കല്‍ പരിഹാരമുണ്ടായിരുന്നു. അദ്ദേഹം കാട്ടിക്കൊടുത്ത മാതൃക മാര്‍ ജയിംസ് പട്ടേരിലിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അപ്പോസ്തോലിക് നൂണ്‍ഷ്യോയുടെ പ്രതിനിധി മോണ്‍. ആന്‍ഡ്രിയ ഫ്രാന്‍സിയ പേപ്പല്‍ മെസേജ് നല്കി. അധികാരം കൈയാളാനല്ല, നല്ലൊരു സേവകനായിതീരാനാണ് മെത്രാന് പദവിയിലൂടെ ശ്രമിക്കുന്നതെന്ന് മാര്‍ ജയിംസ് പട്ടേരില്‍ മറുപടിപ്രസംഗത്തില്‍ പറഞ്ഞു.
ക്ലരീഷ്യന്‍സ് സുപ്പീരിയര്‍ ജനറാള്‍ ഫാ. മാത്യു വട്ടമറ്റം, പ്രിസ്ബിറ്റോറിയം സെക്രട്ടറി ഫാ. തോമസ് കണ്ണാങ്കല്‍, എസ്എച്ച് കോൺഗ്രിഗേഷൻ മേരിമാതാ റീജണ്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ് മാത്യു , കെഎസ്എംസിഎ പ്രസിഡന്റ് ബിറ്റി നെടുനിലം, കറുകുറ്റി സെന്റ് തോമസ് പ്രോവിന്‍സ് സുപ്പീരിയര്‍ ഫാ.സിബി ഞാവള്ളിക്കുന്നേല്‍ സിഎംഎഫ് എന്നിവര്‍ സംബന്ധിച്ചു.
എപ്പിസ്കോപ്പല്‍ കോണ്‍സിക്രേഷന്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ഫാ. മാത്യു ആലപ്പാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജസീന്ത പുത്തന്‍പുര തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Mar James Patteril Bishop