പ്രധാനമന്ത്രി നരേന്ദ്ര മോദി, മെറ്റ ലോഗോ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ഇനി മുതൽ ഉന്നതതലത്തിൽ അധിക നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തുമെന്ന് മെറ്റ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെയാണ് മെറ്റ അധികൃതർ ഇക്കാര്യം അറിയിച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ജെൻ സി വിദ്യാർത്ഥികളോട് സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ ആദ്യത്തെ സെൽഫി വീഡിയോ ഫേസ്ബുക്കിൽ നിന്ന് താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. വീഡിയോ നീക്കം ചെയ്തത് ഒരു സാങ്കേതിക "പിഴവ്" മൂലമാണെന്ന് സമ്മതിച്ച മെറ്റ, വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്താനായി ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യത്തോടെയോ സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചത്. ചോദ്യപേപ്പർ ചോർച്ച നിസാര വിഷയമല്ലെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വേദന മനസിലാക്കുന്നുവെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, കേസ് വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതികളും കുറ്റക്കാർക്ക് കഠിന ശിക്ഷയും ഉറപ്പാക്കുന്ന പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ഉറപ്പുനൽകിയിരുന്നു.
Tags : NarendraModi PrimeMinister LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash