രാജേന്ദ്ര പാൽ ഗൗതം
ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ അഞ്ചു സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സമാജ്വാദി പാർട്ടി. സീറ്റ് വിഭജന ചർച്ച നടക്കുന്നതിനിടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് ഒഴിവാക്കേണ്ടിയിരുന്നുവെന്ന് കോൺഗ്രസ് അറിയിച്ചു. സീറ്റ് വിഭജനം ശരിയായ ദിശയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുപിയുടെ ചുമതലയുള്ള എഐസിസി നേതാവ് രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു.
സ്ഥാനാർഥികളെ ഏകപക്ഷീയമായി എസ്പി പ്രഖ്യാപിച്ചതിൽ യുപിയിലെ പ്രമുഖ കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ ഇമ്രാൻ മസൂദ് രംഗത്തെത്തി. മസൂദിന്റെ മണ്ഡലമായ സഹാരൻപുരിനു കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിലാണ് രണ്ടു സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എസ്പി പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ നാലു പേർ സിറ്റിംഗ് എംഎൽഎമാരാണ്. തേജ് നരെയ്ൻ പാണ്ഡെയെ അയോധ്യയിലെ സ്ഥാനാർഥിയായി മുന്പേ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
സ്ഥാനാർഥികളെ പ്രഖ്യാപിച്ചതു സ്വാഭാവിക നടപടിക്രമമാണെന്ന് എസ്പി നേതാക്കൾ പറഞ്ഞു. വിജയമാണ്, സീറ്റുകളുടെ എണ്ണമല്ല പ്രധാനമെന്നാണ് എസ്പിയുടെ നിലപാട്. അതേസമയം, എസ്പിമായുള്ള സീറ്റ് വിഭജന ചർച്ച തുടരണമോയെന്ന് പാർട്ടി നേതൃത്വവുമായി ആലോചിക്കുമെന്ന് ഇമ്രാൻ മസൂദ് പറഞ്ഞു.
ഡൽഹിയിൽ ചൊവ്വാഴ്ച നടന്ന ആദ്യവട്ട ചർച്ചയിൽ 26 സീറ്റാണ് എസ്പി കോൺഗ്രസിന് വാഗ്ദാനം ചെയ്തത്. ഇതു കോൺഗ്രസിന് ഒരിക്കലും സ്വീകാര്യമല്ലെന്ന് രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു. 130 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് കൈമാറിയിട്ടുണ്ട്. 75-80 സീറ്റുകളിൽ കോൺഗ്രസ് തൃപ്തിപ്പെടുമെന്നാണ് റിപ്പോർട്ട്.
Tags : Samajwadi Party candidates Uttar Pradesh Legislative Assembly elections Congress Rajendra Pal Gautam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash