മുഖ്യമന്ത്രി വി.ഡി. സതീശൻ.
തിരുവനന്തപുരം: കാലടി സർവകലാശാലയിലെ വിദ്യാർഥികൾ പരീക്ഷ എഴുതണമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സമരം ചെയ്തതിന്റെ പേരിൽ കുട്ടികൾ പരീക്ഷ എഴുതരുതെന്നുള്ള അഭിപ്രായമില്ല. നമ്മളൊക്കെ എത്രയോ സമരം ചെയ്തിട്ടുണ്ട്.
വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ടു സർക്കാർ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. കോടതി ഉത്തരവിട്ടാൽ അതു നടപ്പാക്കണം. കുട്ടികൾ പരീക്ഷ എഴുതട്ടെ, അതിനെന്താ കുഴപ്പമെന്നാണ് ഞാൻ ആദ്യമേ പറഞ്ഞത്.
കുട്ടികളുടെ ഭാവി കളയുന്നതൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലാണ് സമരക്കാരുമായി ചർച്ച നടത്താതിരുന്നത്. അപ്പീലിനു പോയത് യൂണിവേഴ്സിറ്റിയുടെ അവകാശമാണ്.
എൽപിഎസ്ടി സമരത്തിലും മന്ത്രിമാരായിരുന്ന എൽഡിഎഫ് നേതാക്കൾ പങ്കെടുക്കുകയാണ്. എൽപിഎസ്ടിയുടെ ലിസ്റ്റ് ഇപ്പോൾ വന്നതല്ലല്ലോ? നേരത്തേ വന്നതല്ലേ? എല്ലാ വേക്കൻസികളും റിപ്പോർട്ട് ചെയ്യണമെന്നതാണ് സർക്കാരിന്റെ നിലപാട്.
വകുപ്പ് മേധാവികൾക്കു സർക്കുലർ അയച്ചു. റിപ്പോർട്ട് ചെയ്യാത്തവർക്കതിരേ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“കേന്ദ്രഫണ്ടിനായി എംപിമാർ ഒറ്റക്കെട്ടായി ഇടപെടണം”
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നുവെന്നും അർഹമായ കേന്ദ്രഫണ്ട് നേടിയെടുക്കാൻ എംപിമാർ ഒറ്റക്കെട്ടായി ഇടപെടണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ കോണ്‍ഫറൻസ് ഹാളിൽ ചേർന്ന എംപിമാരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ കാലയളവിൽ 55,000 കോടി രൂപയുടെ റവന്യു ഡെഫിസിറ്റ് ഗ്രാന്‍ഡ് സംസ്ഥാനത്തിന് ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ അത് പൂർണമായും ഒഴിവാക്കിയത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
സസ്പെന്ഷന് റദ്ദാക്കിയ ഉത്തരവിനെതിരായ ഹര്‍ജികളിൽ ഇന്നു വാദം തുടരും
കൊച്ചി: വിദ്യാര്‍ഥികളുടെ സസ്പെന്ഷന് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കാലടി സംസ്കൃത സര്വകലാലയും വിസിയും നല്കിയ അപ്പീല്‍ ഹര്‍ജികള്‍ വാദം തുടരാനായി ഇന്നത്തേക്കു മാറ്റി.
വിദ്യാര്ഥികള്ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാനുള്ള സര്‍വകലാശാലയുടെ അധികാരത്തിലേക്ക് കടന്നുകയറുന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്കിയ അപ്പീലില്‍ വിദ്യാര്‍ഥികളുടെ അഭിഭാഷകന്റെ വാദമാണ് പൂര്‍ത്തിയാകാനുള്ളത്.
ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
Tags : Kalady University V.D. Satheesan exams Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash