ന്യൂഡൽഹി: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ കേസില്‍ കോണ്‍ഗ്രസ് നേതാവ് പവന് ഖേരയ്ക്ക് തിരിച്ചടി. ചൊവ്വാഴ്ച വരെ മുൻകൂർ ജാമ്യം നീട്ടിനൽകണമെന്ന ഖേരയുടെ ആവശ്യം സുപ്രീംകോടതി തള്ളി.
റിനികി ഭൂയാൻ ശർമ്മയ്ക്ക് ഒന്നിലധികം പാസ്പോർട്ടുകൾ ഉണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആസാമിൽ ഫയൽ ചെയ്ത എഫ്ഐആറിലാണ് ഈ നിയമനടപടികൾ നടക്കുന്നത്. ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ വൈകാരികമായ വാദങ്ങളാണ് ഉന്നയിച്ചത്.
ഒരു വേട്ടനായയെപ്പോലെയാണ് അവർ ഇദ്ദേഹത്തെ പിന്തുടരുന്നതെന്ന് മനു സിംഗ്വി കോടതിയെ അറിയിച്ചു. ഗുവാഹത്തിയിൽ ഇ-ഫയലിംഗ് സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ അദ്ദേഹം വല്ല കൊടും കുറ്റവാളിയോ ഭീകരവാദിയോ ആണോ എന്നും അഭിഭാഷകൻ കോടതിക്ക് മുന്നിൽ ചോദിച്ചു.
എന്നാൽ മുൻകൂർ ജാമ്യത്തിനായി ആസാമിലെ ബന്ധപ്പെട്ട കോടതിയെ തന്നെ സമീപിക്കാൻ നിർദ്ദേശിച്ചുകൊണ്ട് സുപ്രീംകോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഖേര സമർപ്പിക്കുന്ന അപേക്ഷ അവിടുത്തെ കോടതി സ്വതന്ത്രമായി പരിഗണിക്കണമെന്നും രേഖകളുടെയും മെറിറ്റിന്റെയും അടിസ്ഥാനത്തിൽ വേണം തീരുമാനമെടുക്കാനെന്നും കോടതി വ്യക്തമാക്കി.