ഡൽഹി ദ്വാരകയിൽ എൻഎസ്എസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമിച്ച മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
ന്യൂഡൽഹി: മന്നം സ്മൃതി മണ്ഡപം ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ സ്വത്തല്ലെന്നും അത് എല്ലാവർക്കും തുല്യാവകാശമുള്ള ഇടമാണെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഡൽഹി ദ്വാരകയിൽ എൻഎസ്എസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമിച്ച മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"മന്നം സ്മൃതി എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. 'ഞാനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരണം, ഇന്നയാൾ വരരുത്' എന്ന് തീരുമാനിക്കുന്ന രീതി ആർക്കും പാടില്ല," എന്ന് അദ്ദേഹം തുറന്നടിച്ചു. ഇത്തരം സങ്കുചിത മനോഭാവങ്ങൾ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശ്ശേരി സന്ദർശിച്ച ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിന് അനുമതി നിഷേധിക്കപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പരാമർശം.
ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എൻഎസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനമുയർത്തി. "പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Tags : NSS VicePresident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash