ഫോമയിൽ രണ്ട് മലയാളി അസോസിയേഷനുകൾക്ക് കൂടി അംഗത്വം
ഷോളി കുമ്പിളുവേലി
Saturday, May 10, 2025 12:50 PM IST
ന്യൂയോർക്ക്: മലയാളി അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫോമയിൽ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) പുതിയതായി രണ്ടു അസോസിയേഷനുകൾക്കുകൂടി അംഗത്വം നൽകിയതായി പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോ. സെക്ര. പോൾ ജോസ്, ജോ. ട്രഷ. അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.
ഇതോടുകൂടി ഫോമയിൽ അംഗമായിട്ടുള്ള മലയാളി അസോസിയേഷനുകളുടെ എണ്ണം തൊണ്ണൂറ് ആയി ഉയർന്നു. ജിതേഷ് ചുങ്കത്ത് പ്രസിഡന്റായിട്ടുള്ള ഗ്രേയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ, ഡെന്നി കണ്ണൂക്കാടൻ പ്രസിഡന്റായിട്ടുള്ള നയാഗ്ര പാന്തേഴ്സ് എന്നിവയാണ് പുതിയതായി ഫോമയിൽ അംഗത്വം ലഭിച്ച സംഘടനകൾ.
ചെയർമാൻ വിജി ഏബ്രഹാമിന്റെ നേതൃത്വത്തിൽ, സെക്രട്ടറി ടോജോ തോമസ്, കോഓർഡിനേറ്റർ തോമസ് കർത്തനാൽ, കമ്മിറ്റി അംഗങ്ങളായ ജോൺ പട്ടപതി, ചാക്കോച്ചൻ ജോസഫ് എന്നിവർ അടങ്ങിയ ഫോമ ക്രെഡൻഷ്യൽസ് കമ്മിറ്റി സൂക്ഷ്മ പരിശോധനകൾക്കു ശേഷം നൽകിയ ശുപാർശ ഫോമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ഇനിയും മറ്റുചില അസോസിയേഷനുകളുടെ അപേക്ഷകൾ ക്രെഡൻഷ്യൽസ് കമ്മിറ്റിയുടെ പരിഗണനയിൽ ഉണ്ടെന്നും ശുപാർശകൾ ലഭിക്കുന്നതനുസരിച്ചു അവർക്കും അംഗത്വം ലഭിക്കുന്നതാണെന്നും ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമ അംഗസംഘടനകളുടെ എണ്ണം നൂറിൽ എത്തിക്കുക തന്റെ ഒരു ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയതായി ഫോമയിൽ അംഗമായ ഗ്രേയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷനും നയാഗ്ര പാന്തേഴ്സും മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളാണെന്നും ഈ സംഘടനകളുടെ അംഗത്വം ഫോമയ്ക്ക് മുതൽക്കൂട്ടാണെന്നും ബൈജു വർഗീസ്, സിജിൽ പാലക്കലോടി എന്നിവർ പറഞ്ഞു.
പുതിയതായി ഫോമയിലേക്കു കടന്നുവന്ന രണ്ടു അസോസിയേഷനുകളേയും സ്വാഗതം ചെയ്യുന്നതായി ഷാലൂ പുന്നൂസ്, പോൾ ജോസ്, അനുപമ കൃഷ്ണൻ എന്നിവർ പറഞ്ഞു.