മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ
ഷിക്കാഗോ: സീറോമലബാർ സഭയുടെ രാജ്കോട്ട് രൂപത മുൻ ബിഷപ്പും പ്രമുഖ മിഷനറിയുമായിരുന്ന മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ സിഎംഐയുടെ (93) നിര്യാണത്തിൽ ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയ്ക്ക് വേണ്ടി രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടും എമിരറ്റസ് അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
അമേരിക്കയിലെയും കാനഡയിലെയും സീറോമലബാർ വിശ്വാസികൾക്കായി ഔദ്യോഗിക രൂപത സ്ഥാപിക്കുന്നതിന് അടിത്തറപാകിയ ദീർഘദർശിയായ ഇടയനായിരുന്നു മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ എന്ന് അനുശോചന സന്ദേശത്തിൽ പിതാക്കന്മാർ അറിയിച്ചു.
1960-കളുടെ അവസാനം മുതൽ കേരളത്തിൽ നിന്നും പ്രത്യേകിച്ച് ആരോഗ്യമേഖലയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വലിയൊരു ജനവിഭാഗത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ആവശ്യങ്ങൾ നേരിട്ടറിയാൻ അന്നത്തെ മൈഗ്രന്റ് കമ്മീഷൻ ചെയർമാനും അപ്പോസ്തോലിക് വിസിറ്റേറ്ററുമായിരുന്ന മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ നടത്തിയ നിരന്തരമായ ശ്രമങ്ങൾ സ്മരണീയമാണ്.
1996-ൽ വടക്കേ അമേരിക്കയിലെ പ്രമുഖ നഗരങ്ങൾ സന്ദർശിച്ച് വിശ്വാസികളുടെ അവസ്ഥ പഠിച്ച അദ്ദേഹം, 1998ൽ റോമിലെ സിനഡിനും വത്തിക്കാനും സമർപ്പിച്ച സമഗ്രമായ പഠന റിപ്പോർട്ടാണ് അമേരിക്കയിൽ സീറോമലബാർ രൂപത രൂപീകരിക്കുന്നതിന് നിർണായകമായത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2001 മാർച്ച് 13ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യക്ക് പുറത്തുള്ള സഭയുടെ ആദ്യത്തെ രൂപതയായി ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപത സ്ഥാപിച്ചത്.
അമേരിക്കൻ സീറോമലബാർ രൂപതയുടെ ആവിർഭാവത്തിന് മുഖ്യ കാരണഭൂതനായ പ്രിയപ്പെട്ട പിതാവിന്റെ വിയോഗം സഭയ്ക്കും പ്രത്യേകിച്ച് അമേരിക്കയിലെ വിശ്വാസ സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് മാർ ജോയ് ആലപ്പാട്ടും മാർ ജേക്കബ് അങ്ങാടിയത്തും അനുസ്മരിച്ചു.
രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും പിതാവിന്റെ ആത്മാവിനു വേണ്ടി പ്രത്യേക പ്രാർഥനകൾ നടത്തുമെന്നും രൂപതാ നേതൃത്വം അറിയിച്ചു.
മാർ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ ആത്മശാന്തിക്കായി ഷിക്കാഗോ രൂപതയ്ക്ക് വേണ്ടി പിതാക്കന്മാർ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും വിശ്വാസികളുടെ പ്രാർഥനകൾ അഭ്യർഥിക്കുകയും ചെയ്തു.
Tags : MarGregoryKarotemprel ChicagoDiocese SyroMalabar CatholicChurch Tribute