ടെക്സസ്: ഇരട്ടക്കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ടെക്സസ് ജയിലിൽ കഴിയുന്ന പ്രതി ജെയിംസ് ബ്രോഡ്നാക്സിനെ (37) വിവാഹം കഴിച്ച് ബ്രിട്ടിഷ് യുവതി ടിയാന ക്രാസ്നികി. ഏപ്രിൽ 30ന് ബ്രോഡ്നാക്സിന്റെ വധശിക്ഷ നടപ്പാക്കാനിരിക്കെ, ഏപ്രിൽ 14നായിരുന്നു ഇവരുടെ വിവാഹം.
മനുഷ്യാവകാശ നിയമത്തിൽ മാസ്റ്റർ ബിരുദ പഠനത്തിന്റെ ഭാഗമായി വംശീയ വിവേചനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടെയാണ് ടിയാന ജെയിംസിനെ പരിചയപ്പെടുന്നത്. ജെയിംസ് നിരപരാധിയാണെന്നും വംശീയ വിവേചനം മൂലമാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടതെന്നും ടിയാന വിശ്വസിക്കുന്നു. കേസിൽ ഡിഎൻഎ തെളിവുകൾ ജെയിംസിന് അനുകൂലമാണെന്നും അവർ വാദിക്കുന്നു.
ജയിലിലെ ഗ്ലാസ് മറയ്ക്ക് പിന്നിൽ നിന്ന് വെറും 20 മിനിറ്റ് നീണ്ടുനിന്ന ചടങ്ങിലൂടെയായിരുന്നു വിവാഹം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ സ്പർശിക്കാൻ ടെക്സസ് നിയമം അനുവദിക്കുന്നില്ല.
2008ൽ രണ്ട് പേരെ വെടിവച്ചു കൊന്നു എന്നതാണ് ജെയിംസിന് മേലെയുള്ള കുറ്റം. ഏപ്രിൽ 30ന് വിഷമിശ്രിതം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കുക. തന്റെ തീരുമാനത്തെ ആരും പിന്തുണയ്ക്കില്ലെന്ന് അറിയാമെന്നും എന്നാൽ താൻ ജെയിംസിനെ സ്നേഹിക്കുന്നുവെന്നും ടിയാന പ്രതികരിച്ചു.
Tags : Death sentence less than two weeks away