വാഷിംഗ്ടൺ/മേസൺ കൗണ്ടി: ഭാര്യയെയും സുഹൃത്തിനെയും വെടിവച്ചു കൊലപെടുത്തിയ വയോധികൻ അറസ്റ്റിൽ. റോബർട്ട് ടി. ചൈൽഡ് (60) ആണ് ഭാര്യ അന്ന ചൈൽഡിനെയും (46) സുഹൃത്ത് ജേസൺ ഹിൽഡെയെയും (46) ഷോട്ട്ഗൺ ഉപയോഗിച്ച് വെടിവച്ചു കൊന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭർത്താവിനെ തന്നെ സമീപിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് അന്ന കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയെ തുടർന്ന് റോബർട്ട് അന്നയുടെ സമീപത്ത് പോകുന്നത് വിലക്കി കോടതി ഉത്തരവിട്ടിരുന്നു.
വിലക്ക് ഏർപ്പെടുത്തിയ കോടതി ഉത്തരവ് വന്ന തൊട്ടടുത്ത ദിവസമാണ് അരുംകൊല നടന്നത്. വിവാഹമോചനത്തിനുള്ള നീക്കം നടക്കുന്നതിൽ റോബർട്ടിന് അതൃപ്തിയുണ്ടായിരുന്നു. മറ്റാരും അന്നയെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന് റോബർട്ട് ഭീഷണിപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഹൂഡ്സ്പോർട്ടിലെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് റോബർട്ട്, ഭാര്യയെയും സുഹൃത്തിനെയും വെടിവച്ചു കൊലപെടുത്തിയത്. . ഇരുവരുടെയും മൃതദേഹം തലയ്ക്ക് വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം ട്രക്കിൽ രക്ഷപ്പെട്ട പ്രതിയെ ബുധനാഴ്ച വൈകുന്നേരമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Tags : Elderly man arrested for shooting wife