പരിപാടിയിൽ നിന്ന്
ദോഹ: വ്യക്തികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് ആരോഗ്യകരമായ സാമൂഹിക പരിസരം ഒരുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകനും ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റർ ഉപദേശക സമിതി ചെയര്‍മാനുമായ പി.എന്‍. ബാബുരാജന്.
ആരോഗ്യകരമായ കൂട്ടായ്മകള്‍ക്കും സൗഹൃദങ്ങള്‍ക്കും വ്യക്തികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക മാനസികദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസും ദ വേ കോര്‍പറേറ്റ് സര്‍വീസസും സംയുക്തമായി സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരിയും തെറ്റും എന്ന പരമ്പരാഗത വേര്‍തിരിവുകള്‍ക്കപ്പുറം, മനസിനെ ശാക്തീകരിക്കുകയും ഊര്‍ജസ്വലമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. പരസ്പരം കേള്‍ക്കാനും മനസിലാക്കാനും സഹവസിക്കാനും കഴിയുന്ന സൗഹൃദപരമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും മറ്റുള്ളവരുടെ പേരും പെരുമയും നോക്കി സ്വന്തം ജീവിതത്തെ വിലയിരുത്തുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്ന മനസുകളാണ് ആധുനിക ലോകം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന് കിഴിശേരി പറഞ്ഞു.
അസ്വസ്ഥതകളുടെയും ആകുലതകളുടെയും ലോകത്ത് മനുഷ്യനെക്കുറിച്ചുള്ള കൂടുതല്‍ വിശാലമായ കാഴ്ചപ്പാടിലേക്ക് നാം വളരേണ്ടതുണ്ട്. ഉള്ളതില്‍ സംതൃപ്തി കണ്ടെത്താനും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ജീവിതം കെട്ടിപ്പടുക്കാനും ശ്രദ്ധിക്കണം. മനസിന്റെ ഐശ്വര്യമാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം എന്നും അദ്ദേഹം പറഞ്ഞു.
ചിന്തകളും സ്വഭാവങ്ങളും ജീവിതവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും നല്ല ചിന്തകളിലൂടെ നല്ല പ്രവൃത്തികളും അതുവഴി സമാധാനപൂര്‍ണമായ ജീവിതവും സൃഷ്ടിക്കാന്‍ കഴിയുമെന്നും എന്‍എല്‍പി പരിശീലകനും സംരംഭകനുമായ രാജേഷ് ആളൂര്‍ പറഞ്ഞു.
മാനസികാരോഗ്യത്തിന്റെ സമകാലിക പ്രസക്തി തിരിച്ചറിയണമെന്നും വ്യക്തിജീവിതത്തിലും തൊഴില്‍ജീവിതത്തിലും മാനസികാരോഗ്യത്തിന് ആവശ്യമായ ശ്രദ്ധയും പരിചരണവും നല്‍കണമെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച ദ വേ കോര്‍പ്പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന് പറഞ്ഞു.
മൈന്‍ഡ് ട്യൂണ്‍ ഈക്കോ വേവ്സ് ഖത്തര്‍ ചെയര്മാന് മുത്തലിബ് മട്ടന്നൂര്‍, കരാട്ടെ പരിശീലകന് സയ്യിദ് സല്മാന്, ജദീര്‍ എന്നിവരും സംസാരിച്ചു. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
Tags : P.N.Baburajan Qatar HealthyEnvironment WorldMentalHealthDay MediaPlus