പോലീസ് സ്റ്റേഷനാക്കി മാറ്റിയ ഹിറ്റ്ലറുടെ ജന്മഗൃഹം
ബെർലിൻ: ജർമൻ മുൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ ജനിച്ച ഓസ്ട്രിയയിലെ ചരിത്രപരമായ വീട് പോലീസ് സ്റ്റേഷനാക്കി മാറ്റി. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരും നവ-നാസികളും ഈ കെട്ടിടത്തെ ഒരു തീർഥാടന കേന്ദ്രമായി കണ്ട് സന്ദർശിക്കുന്നത് തടയാനാണ് ഓസ്ട്രിയൻ സർക്കാരിന്റെ നിർണായക നടപടി.
20 ദശലക്ഷം യൂറോ ചെലവഴിച്ച്, ഓസ്ട്രിയൻ ആർക്കിടെക്ചർ ഫേമായ "മാർട്ടെ'യുടെ നേതൃത്വത്തിലാണ് കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കെട്ടിടത്തിന്റെ പഴകിയ മഞ്ഞ പെയിന്റ് മാറ്റി വെളുത്ത പെയിന്റ് അടിച്ച്, പഴയ രൂപം പൂർണമായും തിരിച്ചറിയാൻ കഴിയാത്ത വിധം മാറ്റിയെടുത്തിട്ടുണ്ട്.
ജർമൻ അതിർത്തിക്ക് സമീപമുള്ള "ബ്രൗണാവു അം ഇൻ' എന്ന നഗരത്തിലെ പതിനേഴാം നൂറ്റാണ്ടിലെ ഈ കെട്ടിടത്തിലാണ് 1889 ഏപ്രിൽ 20ന് ഹിറ്റ്ലർ ജനിക്കുന്നത്. 1912 മുതൽ ഒരു സ്വകാര്യ കുടുംബത്തിന്റെ കെെയിലായിരുന്ന കെട്ടിടം, 2016-ൽ പ്രത്യേക നിയമനിർമാണത്തിലൂടെ ഓസ്ട്രിയൻ സർക്കാർ പൂർണമായി ഏറ്റെടുക്കുകയായിരുന്നു.
കെട്ടിടത്തിന് മുൻവശത്ത് ഫാസിസത്തിനെതിരേയുള്ള മുന്നറിയിപ്പ് അടങ്ങിയ സ്മാരകക്കല്ല് നിലനിർത്തിയിട്ടുണ്ട്. ചരിത്രകാരന്മാരുടെ എതിർപ്പിനെത്തുടർന്ന് കെട്ടിടം പൊളിച്ചുനീക്കുന്നത് ഒഴിവാക്കുകയായിരുന്നു.
പോലീസിന്റെ നിരന്തരമായ സാന്നിധ്യം ഇവിടെ ഉറപ്പാക്കുന്നതിലൂടെ നാസി പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന യാതൊരു പ്രവർത്തനങ്ങളും ഇവിടെ അനുവദിക്കില്ലെന്ന് ഭരണകൂടം വ്യക്തമാക്കി.