വിദ്യ ഭാസ്കറിൽ നിന്നും ഷമീർ കുന്നുമ്മൽ പുസ്തകം ഏറ്റുവാങ്ങുന്നു
റിയാദ്: സൗദിയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ അനുഭവങ്ങൾ കോർത്തിണക്കി സ്മിത അനിൽ രചിച്ച "മൺ തുരുത്തിലെ പെൺ മനങ്ങൾ' എന്ന പുസ്തകം റിയാദിൽ പ്രകാശനം ചെയ്തു. ദിശ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
റിയാദ് ലൂഹ ഓഡിറ്റോറിയത്തിൽ ചില്ല സർഗവേദി സംഘടിപ്പിച്ച ചടങ്ങിൽ ചില്ല സഹകോഓർഡിനേറ്റർ നാസർ കാരക്കുന്ന് അധ്യക്ഷനായി. വിദ്യ ഭാസ്കറിൽ നിന്നും കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ ഷമീർ കുന്നുമ്മൽ പുസ്തകം ഏറ്റുവാങ്ങി. ചില്ല രക്ഷാധികാരി സീബ കൂവോട് പുസ്തകം പരിചയപ്പെടുത്തി.
കവയിത്രിയും എഴുത്തുകാരിയുമായ സ്മിത അനിൽ 2024ലെ ഡോ. ബി.ആർ. അംബേദ്കർ ദേശീയ ഫെലോഷിപ്പ് ജേതാവാണ്. ദവാദ്മി ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ഇരുപത് വർഷത്തോളമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു.
ഒരു നഴ്സിന്റെ ജീവിതാനുഭവങ്ങൾ, പ്രവാസത്തിന്റെ നൊമ്പരങ്ങൾ, നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം, പ്രവാസത്തിൽ മക്കളിൽനിന്ന് അകന്നുനിൽക്കേണ്ടിവരുന്ന അമ്മമാരുടെ വേദനകൾ, മൺതുരുത്തുകളിലെ പെൺമനസുകളുടെ കരുത്തും കണ്ണീരും തുടങ്ങിയ പ്രവാസി വിഷയങ്ങൾ ആസ്പദമാക്കിയ 25 ഭാഗങ്ങളാണ് പുസ്തകത്തിലുള്ളത്.
എഴുത്തുകാരൻ ഫിറോസ് കോന്നിയാണ് അവതാരിക എഴുതിയിട്ടുള്ളത്. കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറി സുനിൽകുമാർ, കേളി ദവാദ്മി ഏരിയ സെക്രട്ടറി ഉമ്മർ കുരിയോട്, ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
Tags : Manthuruthiyile PenManangal Book Launched NRINews