പരിപാടിയിൽ നിന്ന്
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ബൈബിൾ അപ്പസ്തോലേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓക്സ്ഫോർഡ് റീജിയണൽ ബൈബിൾ കലോത്സവത്തിൽ വിശ്വാസവും കലയും സർഗാത്മകതയും സമന്വയിച്ച അമ്പതില്പരം മത്സര ഇനങ്ങളിൽ എട്ട് വേദികളിലായി 500-ലേറെ കലാപ്രതിഭകൾ പങ്കെടുത്തു.
ബൈബിൾ പ്രതിഷ്ഠയോടെ കലോത്സവത്തിന് തുടക്കം
മത്സരവേദികളുടെ വെഞ്ചരിപ്പിനും അനുഗ്രഹപ്രാർഥനയ്ക്കും ശേഷം ബൈബിൾ പ്രതിഷ്ഠയോടെയാണ് കലോത്സവത്തിന് തുടക്കമായത്. ഓക്സ്ഫോർഡ് റീജിയണൽ ഡയറക്ടർ ഫാ. സോണി ജോർജ് വിശുദ്ധഗ്രന്ഥം വഹിച്ചുകൊണ്ട് ബൈബിൾ പ്രതിഷ്ഠാ റാലിക്ക് നേതൃത്വം നൽകി.
ആതിഥേയരായ സെന്റ് തോമസ് അപ്പസ്തോലേറ്റ് മിഷൻ, നോർത്താംപ്ടണിന്റെ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ, ഓക്സ്ഫോർഡ് റീജിയണൽ മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്സ് എന്നീ ഭക്തസംഘടനകളുടെ ഡയറക്ടർ ഫാ. അനീഷ് നെല്ലിക്കൽ, അപ്പസ്തോലേറ്റ് കമ്മീഷൻ അംഗവും കലോത്സവ ജനറൽ കൺവീനറുമായ സജൻ സെബാസ്റ്റ്യൻ, ബൈബിൾ അപ്പസ്തോലേറ്റ് കമ്മീഷൻ അംഗം ജിനീത ഡേവീസ്, ജനറൽ കോഓർഡിനേറ്റർമാരായ ജെബിറ്റി ജോസഫ്, സിബി സെബാസ്റ്റ്യൻ, സിസ്റ്റർമാർ, റീജിയണൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റീന ജെബിറ്റി, കാറ്റിക്കിസം റീജിയണൽ ഹെഡ് റാണി സഖറിയ, ഹെൽത്ത് ആൻഡ് സേഫ്റ്റി കോഓർഡിനേറ്റർ സന്തോഷ് പ്ലാശേരി, സേഫ് ഗാർഡിംഗ് കോഓർഡിനേറ്റർ റെക്സി ജോസ്, വിവിധ മിഷൻ അപ്പസ്തോലേറ്റ് അംഗങ്ങൾ എന്നിവർ റാലിയിൽ അണിനിരന്നു.
ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ തിരുവചനഭാഗം വായിച്ച് ബൈബിൾ പ്രതിഷ്ഠ നിർവഹിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ റീജിയണൽ കലോത്സവ ജനറൽ കോഓർഡിനേറ്റർ സിബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. നിലവിളക്ക് തെളിച്ച് കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനകർമം നിർവഹിച്ച ഫാ. സോണി ജോർജ് ഉദ്ഘാടന സന്ദേശവും നൽകി.
രാവിലെ 9.30-ഓടെ എട്ട് വേദികളിലും മത്സരങ്ങൾ ആരംഭിച്ചു. ദൈവം നൽകിയ സർഗപ്രതിഭകളും വരദാനങ്ങളും ദൈവമഹത്വത്തിനായി സമർപ്പിക്കാനും നന്ദി അർപ്പിക്കാനുമുള്ള അനുഗ്രഹീത അവസരമായിരുന്നു മത്സരാർഥികൾക്ക് കലോത്സവം.
ആത്മീയചൈതന്യം നിറഞ്ഞ ഗാനമത്സരങ്ങൾ, തിരുവചന വായന, വിശുദ്ധഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങൾ അനുഭവവേദ്യമാക്കിയ മോണോ ആക്ടുകൾ, ബൈബിൾ പ്രമേയങ്ങൾ ദൃശ്യവത്കരിച്ച ടാബ്ലോകൾ എന്നിവ ആകർഷകമായി.
ദൈവവചനസന്ദേശങ്ങൾ സംഗീതത്തിന്റെയും അഭിനയത്തിന്റെയും പ്രോപ്പാർട്ടികളുടെയും അനുബന്ധ പശ്ചാത്തലങ്ങൾ ഒരുക്കിയും അവതരിപ്പിച്ച സ്കിറ്റുകൾ കലോത്സവത്തിലെ ഹൈലൈറ്റായി. പ്രസംഗം, ഉപന്യാസം, ചിത്രരചന, പെയിന്റിംഗ് തുടങ്ങി 50ലധികം വൈവിധ്യമാർന്ന മത്സരങ്ങൾ, വിവിധ കാറ്റഗറികളിലായി കലോത്സവത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഈ വർഷം പുതുതായി ഉൾപ്പെടുത്തിയ സുറിയാനി ഗാനമത്സരത്തിനും മാർഗംകളിക്കും മികച്ച പങ്കാളിത്തമാണ് ലഭിച്ചത്. കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും സജീവ സാന്നിധ്യം കലോത്സവത്തെ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും വേദിയാക്കി മാറ്റി.
ഓവറോൾ കിരീടം സ്വന്തമാക്കി നോർത്താംപ്റ്റൺ
കലാസ്വാദകരാൽ നിറഞ്ഞ പ്രധാന ഹാളിൽ നടന്ന സമാപനസമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവ കോഓർഡിനേറ്റർ ജെബിറ്റി ജോസഫിന്റെ നന്ദി പ്രസംഗത്തിന് ശേഷം വ്യക്തിഗത, ഗ്രൂപ്പ് മത്സരങ്ങളിലെ വിജയികൾക്ക് ഉള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ആതിഥേയരായ നോർത്താംപ്ടൺ സെന്റ് തോമസ് ദി അപ്പോസ്റ്റൽ മിഷൻ ഓവറോൾ കിരീടം സ്വന്തമാക്കി. ഓക്സ്ഫോർഡ് കാർഡിനൽ ന്യൂമാൻ മിഷനും വാട്ഫോർഡ് ഹോളി ക്വീൻ ഓഫ് റോസറി മിഷൻ ഡെൻഹാമും തുല്യ പോയിന്റുകൾ നേടി റണ്ണറപ്പ് സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം ഔർ ലേഡി ഓഫ് ഡോളേഴ്സ് പ്രൊപോസ്ഡ്എ മിഷൻ, എയിൽസ്ബെറി കരസ്ഥമാക്കി.
മികച്ച സംഘാടകത്വവും കലാപ്രതിഭകളുടെ മികവും കൃത്യതയാർന്ന വിധിനിർണയവും സമർപ്പണബോധമുള്ള വോളണ്ടിയർമാരുടെ സേവനവും കലോത്സവത്തിന്റെ വിജയത്തിന് കരുത്തേകി. പങ്കെടുത്തവർക്കും കുടുംബങ്ങൾക്കും ആസ്വാദ്യകരമായ നാടൻ ഭക്ഷണവും ഒരുക്കിയിരുന്നു.
ഫാ. സോണി ജോർജിന്റെ സമാപനപ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം കലോത്സവം സമാപിച്ചു. രാവിലെ 9.30-ന് ആരംഭിച്ച കലോത്സവം രാത്രി 9.30 വരെ നീണ്ടുനിന്നു. തിരുവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസവും കലയും കൂട്ടായ്മയും സമന്വയിച്ച ഈ തിരുവചനോത്സവം ആത്മീയസാന്ദ്രവും അവിസ്മരണീയവുമായി.
Tags : BibleFestival OxfordRegional Northampton SpiritualJourney NRINews