ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഫിലഡൽഫിയ: സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്കാ മിഷന് ഇനി സ്വന്തമായി ദേവാലയം. ഇതോടെ ന്യൂയോർക്ക് ക്നാനായ കത്തോലിക്കാ ഫൊറോനയിലെ നാലാമത്തെ ദേവാലയമെന്ന നേട്ടവും യാഥാർഥ്യമായി.
ഫിലഡൽഫിയയിലെ ന്യൂടൗണിലുള്ള 749 Durham Road, Newtown, PA 18940 എന്ന വിലാസത്തിൽ 5.44 ഏക്കർ സ്ഥലവും ദേവാലയവും സ്വന്തമാക്കിയത് മിഷന്റെ ആത്മീയ യാത്രയിലെ ചരിത്രപ്രധാനമായ നാഴികക്കല്ലാണ്.
സ്വന്തമായി ഒരു ദേവാലയവും വിശ്വാസപരിശീലനത്തിനും കൂട്ടായ്മയ്ക്കും അനുയോജ്യമായ കേന്ദ്രവും എന്ന 27 വർഷത്തെ ദീർഘകാല സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്.

ഈ വലിയ നേട്ടം കൈവരിക്കാൻ പ്രാർഥനകളിലൂടെയും സാമ്പത്തിക സഹായങ്ങളിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും ഒപ്പംനിന്ന എല്ലാ വിശ്വാസികളോടും കുടുംബങ്ങളോടും അഭ്യുദയകാംക്ഷികളോടും ഇടവക വികാരി ഫാ. ഡോ. ബിബി തറയിൽ നന്ദി അറിയിച്ചു.
ലക്ഷ്യസാക്ഷാത്കാരത്തിനായി പ്രവർത്തിച്ച ജനറൽ ബോഡി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കമ്മിറ്റി അംഗങ്ങളായ ജിജി ചാമക്കാല, റോബിൻ നെടുമാക്കൽ, ജിപി കട്ടപ്പുറം, തോമസ് നെടുമാക്കൽ, സണ്ണി പാറക്കൽ, ലൂക്കോസ് തത്തംകിണറ്റുകര എന്നിവർക്കും മിഷൻ ഡയറക്ടർ ഫാ. ഡോ. ബിബി തറയിലിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഫിലഡൽഫിയയിലെയും പരിസരപ്രദേശങ്ങളിലെയും ഭാവി ക്നാനായ കത്തോലിക്കാ തലമുറകൾക്ക് പ്രത്യാശ പകരുന്ന ആത്മീയ കേന്ദ്രമായി ദേവാലയം മാറട്ടെയെന്നും ഫാ. ബിബി തറയിൽ ആശംസിച്ചു.
Tags : Philadelphia StJohnNeumann KnanayaCommunity NewChurch USA