ഫ്രാങ്ക്ഫർട്ട് : ജർമനിയിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ പറന്ന യാത്രാവിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ ബലമായി തുറക്കാൻ യാത്രക്കാരന്റെ ശ്രമം. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പറക്കുകയായിരുന്ന ലുഫ്താൻസ വിമാനത്തിലാണ് സഹയാത്രക്കാരെയും വിമാന ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്.
ബോയിംഗ് 787 (Boeing 787) ഡ്രീംലൈനർ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന 33 വയസുകാരനാണ് പെട്ടെന്ന് അക്രമാസക്തനായത്. സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റ ഇയാൾ വിമാനത്തിന്റെ പ്രധാന വാതിലിന്റെ ഹാൻഡിലിൽ പിടിച്ച് ബലപ്രയോഗം നടത്തുകയായിരുന്നു.
ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിത ഇടപെടൽ
വാതിലിൽ നിന്നുള്ള പിടിവിടാൻ വിമാന ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇയാൾ അനുസരിച്ചില്ല. തുടർന്ന് ജീവനക്കാരും ഒപ്പമുണ്ടായിരുന്ന രണ്ടു യാത്രക്കാരും ചേർന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ വാതിലിൽ നിന്ന് വലിച്ചുമാറ്റി സീറ്റിൽ ബന്ധിക്കുകയായിരുന്നു.
വിമാനം ആകാശത്ത് സഞ്ചരിക്കുന്ന സാധാരണ ഉയരത്തിൽ വിമാനത്തിന് അകത്തും പുറത്തുമുള്ള വായുമർദത്തിലെ വ്യത്യാസം കാരണം വാതിൽ തുറക്കാൻ കഴിയില്ലെന്നത് വലിയ അപകടസാധ്യത ഒഴിവാക്കി. വിമാനം പിന്നീട് മുൻനിശ്ചയിച്ച പ്രകാരം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
അറസ്റ്റ് ചെയ്ത് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
വിമാനം ലാൻഡ് ചെയ്തയുടൻ ജർമൻ ഫെഡറൽ പൊലിസ് വിമാനത്തിനകത്ത് പ്രവേശിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മാനസികനില തകരാറിലാണെന്ന് വ്യക്തമായതിനെ തുടർന്ന് അടുത്തുള്ള മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലിസ് വക്താവ് അറിയിച്ചു. വിമാനയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വ്യോമയാന സുരക്ഷയിൽ ഗുരുതരമായി ഇടപെട്ടതിന് ഇയാൾക്കെതിരെ ഫെഡറൽ പൊലിസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.
Tags : Deepika DeepikaNewspaper BreakingNews Mid-air scare Young man sparks panic