പ്രതീകാത്മക ചിത്രം
ബെർലിൻ/പാരീസ്: ഫ്രാൻസിൽ വിദ്യാർഥി സമരങ്ങളും ജീവിതച്ചെലവിനെതിരായ പ്രക്ഷോഭങ്ങളും അതിരൂക്ഷമായ അക്രമങ്ങളിലേക്കും തീവെപ്പിലേക്കും വഴിമാറിയ പശ്ചാത്തലത്തിൽ, ഫ്രാൻസിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് ജർമ്മൻ വിദേശകാര്യ മന്ത്രാലയം കർശന സുരക്ഷാ-യാത്രാ മുന്നറിയിപ്പ് നൽകി. അക്രമങ്ങൾ ഫ്രാൻസിന് പുറമെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും, ജർമനിയിലെ സ്കൂൾ ക്യാമ്പസുകളിലേക്കും പടരുന്ന സാഹചര്യത്തിൽ, യൂറോപ്പിലുള്ള പ്രവാസികളും ഇന്ത്യൻ വിദ്യാർഥികളും സന്ദർശകരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധ മേഖലകളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.
ഫ്രാൻസിൽ 'യുദ്ധസമാനമായ' അന്തരീക്ഷം; യാത്രാ മുന്നറിയിപ്പുമായി ജർമനി
ഫ്രഞ്ച് നഗരങ്ങളിലെ തെരുവുകൾ യുദ്ധക്കളത്തിന് സമാനമായ അവസ്ഥയിലാണെന്ന് പ്രാദേശിക ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കത്തിയമർന്ന കാറുകളും തകർന്നടിഞ്ഞ കെട്ടിടങ്ങളും ചില്ലുകഷണങ്ങൾ ചിതറിയ റോഡുകളുമാണ് പലയിടത്തെയും കാഴ്ച.
തലസ്ഥാനമായ പാരീസിൽ മാത്രം 855 പേർ അറസ്റ്റിലാവുകയും രാജ്യവ്യാപകമായി 5.5 ലക്ഷത്തിലധികം ആളുകൾ തെരുവിൽ ഇറങ്ങുകയും ചെയ്തു. വരും ദിവസങ്ങളിലും കൂടുതൽ അക്രമങ്ങൾക്കും റാലികൾക്കും സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ വിവേകത്തോടെ പെരുമാറണമെന്നും ജനക്കൂട്ടങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
പ്രാദേശിക പോലീസിന്റെയും സുരക്ഷാ സേനയുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. അനുമതിയില്ലാത്തതോ അക്രമാസക്തമായതോ ആയ സമരങ്ങളിൽ ഉൾപ്പെടുകയും, പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടിട്ടും മാറാതിരിക്കുകയും ചെയ്യുന്നവർക്കെതിരെ കനത്ത പിഴയും നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരവും ചുമത്തുമെന്നും ജർമൻ മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികളും ഇന്ത്യൻ വിദ്യാർഥികളും അതീവ ജാഗ്രത പാലിക്കണം
യൂറോപ്പിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളും തൊഴിലെടുക്കുന്ന പ്രവാസികളും ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും നിലവിലെ സാഹചര്യത്തിൽ അതീവ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
പ്രതിഷേധ കേന്ദ്രങ്ങൾ ഒഴിവാക്കുക
സ്കൂൾ-വിദ്യാഭ്യാസ പ്രശ്നങ്ങളും ജീവിതച്ചെലവും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ വഴിയാണ് പലയിടത്തും ആഹ്വാനങ്ങൾ വരുന്നത്. പൊതു സ്ക്വയറുകൾ, സർവ്വകലാശാല-സ്കൂൾ പരിസരങ്ങൾ, ട്രെയിൻ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നടക്കുന്ന അപ്രതീക്ഷിത ഒത്തുചേരലുകളിൽ നിന്ന് പ്രവാസി വിദ്യാർഥികൾ മാറിനിൽക്കണം.
കൗതുകത്തിന്റെ പേരിൽ പോലും പോകരുത്
വിദേശ രാജ്യങ്ങളിലെ വിസ ചട്ടങ്ങൾ അതീവ കർശനമായതിനാൽ, അക്രമാസക്തമായ പ്രകടനങ്ങൾ നടക്കുന്നിടത്ത് വെറുമൊരു കാഴ്ചക്കാരനായി നിൽക്കുന്നത് പോലും പോലീസ് നടപടികളിലേക്കോ വിസ പ്രശ്നങ്ങളിലേക്കോ വഴിതെളിച്ചേക്കാം.
യാത്രാ പ്ലാനുകൾ പുനഃപരിശോധിക്കുക: ഫ്രാൻസിലേക്ക് ടൂറിസ്റ്റ് ആവശ്യങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ യാത്ര ചെയ്യാൻ ഒരുങ്ങുന്നവർ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി മാത്രം യാത്രകൾ ക്രമീകരിക്കുക.
പ്രതിഷേധം ജർമനിയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും
ഫ്രാൻസിലും ബെൽജിയത്തിലും പൊട്ടിപ്പുറപ്പെട്ട സമരം ഇപ്പോൾ ഇറ്റലി, ഗ്രീസ്, അയർലൻഡ്, അൽബേനിയ, ഓസ്ട്രിയ, ജർമ്മനി എന്നീ രാജ്യങ്ങളിലേക്കും പടരുകയാണ്. അൽബേനിയയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ സ്ഫോടക വസ്തുക്കൾ എറിഞ്ഞ് പ്രക്ഷോഭം നടന്നു. ജർമനിയിൽ രാജ്യവ്യാപകമായി വലിയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും, വാരാന്ത്യത്തിൽ ബെർലിനിലെ നിരവധി സ്കൂളുകൾ വിദ്യാർഥികൾ ഉപരോധിച്ചു.
വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും നിർബന്ധിത സൈനിക സേവന നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബെർലിൻ ഫ്രീഡ്രിഷ്സ്ഹൈനിലെ ആൻഡ്രിയാസ് ജിംനേഷ്യം, ക്രൂസ്ബർഗിലെ ലൈബ്നിറ്റ്സ് ജിംനേഷ്യം എന്നിവയുടെ പ്രവേശന കവാടങ്ങൾ വിദ്യാർഥികൾ തടഞ്ഞു.
ഫ്രീഡ്രിഷ്സ്ഹൈനിൽ മാത്രം 150-ലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്. ബെർലിനിലെ ഫ്രഞ്ച് ജിംനേഷ്യത്തിലെ 150-ഓളം വിദ്യാർത്ഥികളും ഫ്രാൻസിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാരിക്കേഡുകൾ തീർത്തു.
Tags :