എഫ്എസ്ബി
മോസ്കോ/ബർലിൻ: യുക്രെയ്നായി യുദ്ധം ചെയ്തുവെന്നാരോപിച്ച് ജർമ്മൻ പൗരനെ റഷ്യൻ രഹസ്യാന്വേഷണ വിഭാഗമായ എഫ്എസ്ബി അറസ്റ്റ് ചെയ്തു. മുൻ ജർമൻ സൈനികനായ (ബുണ്ടെസ്വെർ) ഇയാൾ യുക്രെയ്ൻ സൈന്യത്തിൽ സ്നൈപ്പറായി പ്രവർത്തിച്ചിരുന്നുവെന്നാണ് റഷ്യയുടെ ആരോപണം. ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഇയാൾ സൈന്യത്തിൽ നിന്ന് ഒളിച്ചോടിയെന്നും റഷ്യ അവകാശപ്പെടുന്നു.
1996 മുതൽ 2010 വരെ ജർമൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഇയാൾ അഫ്ഗാനിസ്ഥാനിലും സോമാലിയയിലും സൊമാലിയൻ സിവിൽ യുദ്ധത്തിലും പങ്കെടുത്തുയെന്നാണ് റിപ്പോർട്ട്. 2025-ൽ യുക്രെയ്നിലേക്ക് കൂലിപ്പട്ടാളക്കാരനായി മടങ്ങിയെത്തിയ ഇയാൾ ഡൊനെറ്റസ്റ് മേഖലയിൽ പോരാട്ടം നടത്തിയിരുന്നു.
അറസ്റ്റിലായ വ്യക്തിയുടെ പേര് വിവരങ്ങൾ എഫ്എസ്ബി പുറത്തുവിട്ടിട്ടില്ലെങ്കിലും ഇയാൾ ജർമൻ ഭാഷയിൽ സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് ആണ് ഈ വിവരം പുറത്തുവിട്ടത്.
റഷ്യയുടെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ വ്യക്തിഗത കേസുകളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ജർമൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
2022-ൽ യുക്രെയ്ൻ അധിനിവേചനം ആരംഭിച്ചതിനുശേഷം ചാരവൃത്തി, രാജ്യദ്രോഹം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് നിരവധി വിദേശ പൗരന്മാരെയാണ് റഷ്യ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കഴിഞ്ഞ ആഴ്ച സ്വീഡിഷ് പൗരനെയും സമാനമായ രീതിയിൽ റഷ്യ അറസ്റ്റ് ചെയ്തിരുന്നു. യു.എസ് പൗരനായ സ്റ്റീഫൻ ഹബ്ബാർഡിനെ റഷ്യ മോചിപ്പിച്ചതിന് പിന്നാലെയാണ് ഈ പുതിയ സംഭവവികാസങ്ങൾ.
Tags : German citizen arrested Deepika DeepikaNewspaper BreakingNews NewsUpdate German citizen arrested in Russia