യെൻസ് സ്പാൻ
ബെർലിൻ: ജർമനിയിൽ ഭരണകക്ഷിയായ സിഡിയു പാർലമെന്ററി പാർട്ടി തലവനും മുൻ ആരോഗ്യ മന്ത്രിയുമായ യെൻസ് സ്പാൻ സ്ഥാനം രാജിവച്ചു. അമേരിക്കയിൽ വാടകഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് അദ്ദേഹം നാടകീയമായി പടിയിറങ്ങിയത്.
ചാൻസലർ ഫ്രെഡറിഷ് മെർസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. അടുത്തിടെയാണ് 45 വയസുകാരനായ യെൻസ് സ്പാനും പങ്കാളി ഡാനിയൽ ഫുങ്കെയും തങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
എന്നാൽ, വാടകഗർഭധാരണത്തെ ശക്തമായി എതിർക്കുന്ന പാർട്ടിയുടെ നയങ്ങൾക്ക് വിരുദ്ധമായി സ്പാൻ പ്രവർത്തിച്ചു എന്ന ആരോപണം ഉയർന്നതോടെ ജർമൻ രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.
ജർമ്മനിയിൽ വാടകഗർഭധാരണം നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. വിദേശത്ത് വച്ച് വാടകഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിനെ ജർമനിയിൽ വളർത്തുന്നത് നിയമവിരുദ്ധമല്ലെങ്കിലും നിയമം നിർമിക്കുന്ന ഒരു ജനപ്രതിനിധി സ്വന്തം പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് വിമർശനം ഉയർന്നു.
വിവാദങ്ങൾ ശക്തമായതോടെയാണ് താൻ പദവി ഒഴിയുകയാണെന്ന് സ്പാൻ പ്രസ്താവനയിലൂടെ അറിയിച്ചത്.
Tags : JensSpahn CDU GermanPolitics SurrogacyControversy