സംഭവസ്ഥലത്തുനിന്നുള്ള ചിത്രം
ടെക്സസ്: കനത്ത ചൂട് തുടരുന്നതിനിടെ ടെക്സസിലെ ലിറ്റിൽ എൽമിൽ ഡ്യൂട്ടിക്കിടെ യുഎസ് പോസ്റ്റൽ സർവീസ് (യുഎസ്പിഎസ്) ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. ഉമേഷ്കുമാർ താക്കർ (58) ആണ് മരിച്ചത്.
ഈ മാസം 20ന് നടന്ന സംഭവത്തിൽ മരണകാരണം സംബന്ധിച്ച് അധികൃതരുടെ അന്വേഷണം തുടരുകയാണ്. സംഭവദിവസം നോർത്ത് ടെക്സസിലുടനീളം 100 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലുള്ള കനത്ത ചൂടിനെ തുടർന്ന് ഹീറ്റ് അഡ്വൈസറി നിലവിലുണ്ടായിരുന്നു.
സെർവെയ്ലൻസ് ദൃശ്യങ്ങൾ പ്രകാരം ഉച്ചയ്ക്ക് ഏകദേശം 12.20 ഓടെ ലിറ്റിൽ എൽമിലെ തോൺഹിൽ ലെയിൻ - ഗ്രേസ്റ്റോൺ ഡ്രൈവ് പ്രദേശത്ത് താക്കറിന്റെ തപാൽ വാഹനം ഹസാർഡ് ലൈറ്റുകൾ തെളിഞ്ഞ നിലയിൽ നിർത്തിയിട്ടതായി കണ്ടെത്തിയിരുന്നു.
തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ വാഹനത്തിനുള്ളിൽ ബോധരഹിതനായി കിടക്കുന്ന വിവരമറിഞ്ഞ് ലിറ്റിൽ എൽ ഫയർ ഡിപ്പാർട്ട്മെന്റ് സ്ഥലത്തെത്തുകയായിരുന്നു. രക്ഷാപ്രവർത്തകർ സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ, മരണം അതിശക്തമായ ചൂടുമായി നേരിട്ട് ബന്ധപ്പെട്ടതാണോ എന്ന കാര്യം യുഎസ്പിഎസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിന് പിന്നാലെ നാഷണൽ റൂറൽ ലെറ്റർ കാരിയേഴ്സ് അസോസിയേഷൻ (NRLCA) താക്കറിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും അനുശോചനം രേഖപ്പെടുത്തി.
അതേസമയം, നാഷണൽ അസോസിയേഷൻ ഓഫ് ലെറ്റർ കാരിയേഴ്സ് (NALC) നേതാക്കൾ തപാൽ ജീവനക്കാർക്കായി കൂടുതൽ സുരക്ഷയും ചൂടുകാല തൊഴിൽ സംരക്ഷണ നടപടികളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
തപാൽ വാഹനം ഏറെ നേരം ഒരിടത്ത് തന്നെ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി അയൽവാസികൾ പറഞ്ഞു. തുടർന്ന് പോലീസും അഗ്നിശമനസേനയും എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലെ അതിശക്തമായ വേനൽച്ചൂടിൽ തപാൽ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ ദാരുണ സംഭവത്തോടെ വീണ്ടും ഉയർന്നിട്ടുണ്ട്.
2023ൽ ഡാളസിൽ യൂജിൻ ഗേറ്റ്സും 2025ൽ ജേക്കബ് ടെയ്ലറും ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഉമേഷ്കുമാർ താക്കറിന്റെയും മരണം.
Tags : USPS TexasHeat PostalWorker TexasNews