സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെ പിന്തുടരുന്ന ഓസ്ട്രേലിയ മികച്ച നിലയിൽ. രണ്ടാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 എന്ന നിലയിലാണ് ഓസ്ട്രേലിയ.
ട്രാവിസ് ഹെഡും മൈക്കൽ നെസെറും ആണ് ക്രീസിൽ. ഹെഡ് 91 റൺസും നെസർ ഒരു റണും എടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 384 റൺസ് പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ട്രാവിസ് ഹെഡും ജെയ്ക്ക് വെതറാൾഡും ചേർന്ന് ആദ്യ വിക്കറ്റിൽ 57 റൺസാണ് കൂട്ടിച്ചേർത്തത്.
ഇരുവരും ഇംഗ്ലീഷ് ബൗളർമാരെ കരുതലോടെ നേരിട്ടു. ടീം സ്കോർ 57 ൽ നിൽക്കെ 21 റൺസെടുത്ത വെതറാൾഡ് വീണു. പിന്നീടെത്തിയ മാർനസ് ലെബുഷെയ്നും ഹെഡിന് മികച്ച പിന്തുണ നൽകി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഹെഡ് അർധ സെഞ്ചുറി നേടി.
ഹെഡും ലെബുഷെയ്നും ചേർന്ന് രണ്ടാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു. ടീം സ്കോർ 162ൽ നിൽക്കെ ലെബുഷെയ്ൻ പുറത്തായി. 48 റൺസാണ് ലെബുഷെയ്ൻ എടുത്തത്. മൈക്കൽ നെസെറാണ് പിന്നീട് ഹെഡിന് കൂട്ടായെത്തിയത്.
രണ്ടാം ദിനത്തിലെ മത്സരം നിർത്തുന്പോൾ സെഞ്ചുറിക്ക് ഒമ്പത് റൺസ് മാത്രം അകലെയാണ് ഹെഡ്. ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്ക്സ് രണ്ട് വിക്കറ്റ് എടുത്തു.