മുംബൈ: ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറെ ടീമിൽ നിന്ന് പുറത്താക്കാൻ ബിസിസിഐ ആലോചിച്ചിരുന്നതായി മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. ഈകാര്യം അറിഞ്ഞപ്പോൾ സച്ചിന് വലിയ ഞെട്ടലുണ്ടാക്കിയെന്നും സന്ദീപ് പാട്ടീൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
2012ൽ സച്ചിൻ മോശം ഫോമിലായിരുന്നു. തുടർന്ന് അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ആലോചിച്ചിരുന്നുവെന്നും പാട്ടീൽ വ്യക്തമാക്കി. 2012 ൽ ഒമ്പതു ടെസ്റ്റുകളിച്ച സച്ചിന് ഒരു സെഞ്ചുറി പോലും നേടാനായില്ല. 23.80 ശരാശരി മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
ഭാവി പദ്ധതികളെക്കുറിച്ച് പാട്ടീൽ സച്ചിനോട് ചോദിക്കുകയും കമ്മിറ്റി പകരക്കാരനെ തിരയുകയാണെന്ന് അറിയിക്കുകയും ചെയ്തപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. നിങ്ങൾ ഇത് ഗൗരവമായി പറയുന്നതാണോയെന്നും അദ്ദേഹം വീണ്ടും ചോദിച്ചതായും പാട്ടീൽ പറഞ്ഞു.
2013 നവംബറിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിനുശേഷമാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 24 വർഷത്തോളം നീണ്ട കരിയറിൽ ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ റൺസ് നേടിയ താരമായാണ് സച്ചിൻ കരിയർ അവസാനിപ്പിച്ചത്.
Tags : sachin tendulkar bcci sandeep patil