കറാച്ചി/മുംബൈ: ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം പിടിച്ചുലച്ച് പാക്കിസ്ഥാന് സര്‍ക്കാരിന്റെ അത്യപൂര്‍വ പ്രഖ്യാപനം. ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെതിരായ മത്സരത്തില്‍നിന്ന് പാക്കിസ്ഥാന് പിന്മാറി. 15ന് കൊളംബോയില്‍ നടക്കേണ്ട ഇന്ത്യ x പാക്കിസ്ഥാന് സൂപ്പര്‍ ഡ്യൂപ്പര്‍ പോരാട്ടം നടക്കില്ലെന്ന് ഇതോടെ ഉറപ്പായി. ഐസിസിക്കും ബിസിസിഐക്കും ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് പാക്കിസ്ഥാന്റെ ഈ പ്രഖ്യാപനം.
ഐസിസി ട്വന്റി-20 ലോകകപ്പില്‍നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കി പകരം സ്കോട്ട് ലന്‍ഡിനെ ഉള്‍പ്പെടുത്തിയതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്. ഇന്ത്യയില്‍ കളിക്കുന്നതില്‍ സുരക്ഷാ ആശങ്കയുണ്ടെന്നും അതിനാല്‍ തങ്ങളുടെ മത്സരം ശ്രീലങ്കയിലേക്കു മാറ്റണമെന്നുമുള്ള ബംഗ്ലാദേശിന്റെ അഭ്യര്‍ഥന തള്ളിയ ഐസിസി, ലോകകപ്പില്‍നിന്ന് അവരെ ഒഴിവാക്കുകയായിരുന്നു. ബിസിസിഐയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് 2026 ഐപിഎല്ലില്‍നിന്ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് കളിക്കാരനായ മുസ്താഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതാണ് പ്രശ്നങ്ങളുടെ തുടക്കം.
കാരണം വ്യക്തമല്ല
അതേസമയം, ബഹിഷ്കരണത്തിനു വ്യക്തമായ കാരണം പാക്കിസ്ഥാൻ പറഞ്ഞിട്ടില്ല. ഇന്ത്യക്കെതിരേ മത്സരിക്കില്ലെന്ന തീരുമാനം പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) അറിയിച്ചിട്ടുമില്ല. 20 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ മാര്‍ച്ച് എട്ടിനാണ്.ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശ് നിലപാടിനെ പാക്കിസ്ഥാന് മാത്രമാണു പിന്തുണച്ചിരുന്നത്. അടുത്തിടെ ബലൂചിസ്ഥാനില്‍ നടന്ന ഭീകരാക്രമണത്തിന്റെ പേരിലാകാം ബഹിഷ്കരണമെന്നും സംശയിക്കപ്പെടുന്നു. ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് പാക് ആഭ്യന്തരമന്ത്രിയും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വി ആരോപിച്ചിരുന്നു.
പാക് സര്‍ക്കാര്‍ തീരുമാനം
ഇന്ത്യന്‍ ടീമിന് എതിരേ തങ്ങളുടെ ടീം കളിക്കില്ലെന്നത് പാക് സര്‍ക്കാരിന്റെ തീരുമാനമാണ്. ഐസിസി ട്വന്റി-20 ലോകകപ്പില്‍ കളിക്കാന്‍ പാക് ടീമിന് സര്‍ക്കാര്‍ അനുമതി നല്കുന്നു. എങ്കിലും ഇന്ത്യക്കെതിരേ ഫെബ്രുവരി 15നു നടക്കേണ്ട മത്സരത്തില്‍ പാക്കിസ്ഥാന് ഫീല്‍ഡില്‍ ഇറങ്ങില്ല- പാക് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കി.
കനത്ത പ്രഹരം
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ബൈലാട്രല്‍ ക്രിക്കറ്റ് ഇല്ലെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ ഇരുടീമും ഒരു ഗ്രൂപ്പില്‍ വരുന്ന തരത്തിലായിരുന്നു അറേഞ്ച്മെന്റ്. കാരണം, ക്രിക്കറ്റ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആവേശവും സാമ്പത്തിക വരുമാനവുമുള്ള മത്സരമാണ് ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം. 2012നുശേഷമുള്ള എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്.
2010നുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടാത്ത ആദ്യ ഐസിസി ടൂര്‍ണമെന്റായി ഇതോടെ 2026 ട്വന്റി-20 ലോകകപ്പ് മാറി. ബംഗ്ലാദേശിനെ ഐസിസി ലോകകപ്പില്‍നിന്ന് ഒഴിവാക്കിയതോടെ, പാക്കിസ്ഥാന് ലോകകപ്പില്‍ കളിക്കണോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് പിസിബി (പാക് ക്രിക്കറ്റ് ബോര്‍ഡ്) ചെയര്മാന് മൊഹ്സിന്‍ നഖ്വി അറിയിച്ചിരുന്നു.
ലോകകപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യ, നമീബിയ, നെതര്‍ലന്‍ഡ്സ്, യുഎസ്എ ടീമുകള്‍ക്കൊപ്പമാണ് പാക്കിസ്ഥാന്. ഐസിസിയുമായുള്ള മുന്‍ധാരണപ്രകാരം ലോകകപ്പില്‍ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലെ കൊളംബോയിലാണ് അരങ്ങേറുന്നത്.
പോയിന്റും പണവും നഷ്ടം
ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറിയതോടെ പാക്കിസ്ഥാനു രണ്ട് പോയിന്റ് നഷ്ടമായി. മത്സരത്തില്‍ പാക്കിസ്ഥാന് പരാജയപ്പെട്ടതായി കണക്കാക്കി രണ്ട് പോയിന്റ് ഇന്ത്യക്കു നല്‍കും. അതേസമയം, ലോകകപ്പിലെ ഇന്ത്യ x പാക്കിസ്ഥാന് മത്സരം നടക്കാതെവന്നാല്‍ ആകെയുള്ള സാമ്പത്തിക നഷ്ടം 349 കോടി രൂപയാണെന്നാണ് ഏകദേശ കണക്ക്
ചരിത്രത്തില്‍ സമാന സംഭവങ്ങള്‍
ഐസിസി ടൂര്‍ണമെന്റുകളില്‍നിന്ന് ഇതാദ്യമായല്ല ഒരു ടീമിനെതിരായ മത്സരം മറ്റൊരു ടീം ഒഴിവാക്കുന്നത്. 1996 ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരേ കളിക്കാര്‍ ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും വിസമ്മതിച്ചിരുന്നു. ലങ്കയിലെ സിവില്‍ വാറിന്റെ പശ്ചാത്തലത്തിലായിരുന്നു അത്.
2003 ഏകദിന ലോകകപ്പില്‍ സഹ ആതിഥേയരായ സിംബാബ്വെയ്ക്കെതിരേ ഇംഗ്ലണ്ടും കെനിയയ്ക്കെതിരേ ന്യൂസിലന്‍ഡും കളിച്ചില്ല. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തങ്ങളുടെ മത്സരം മാറ്റണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും ഐസിസി അംഗീകരിച്ചില്ല. ദക്ഷിണാഫ്രിക്കയായിരുന്നു അന്നത്തെ മറ്റൊരു ആതിഥേയര്‍.
ഇംഗ്ലണ്ട് ആതിഥേയരായ 2009 ട്വന്റി-20 ലോകകപ്പില്‍നിന്ന് സിംബാബ്വെ പിന്മാറിയിരുന്നു. ബംഗ്ലാദേശ് ആതിഥേയത്വം വഹിച്ച 2016 അണ്ടര്‍ 19 ലോകകപ്പില്‍നിന്ന് ഓസ്ട്രേലിയന്‍ ടീമും പിന്മാറി.