ആരാധകര്‍ വിഭാവന ചെയ്ത ഇന്ത്യ ഇതല്ല, ശരിക്കുള്ള ഇന്ത്യ വേറെ എവിടെയോ ആണ്... അതെ, ഏഴ് ഹോം ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ അഞ്ചും പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ എങ്ങനെ രക്ഷിക്കാം എന്നതാണ് അംഗബലത്തില്‍ ലോകത്തിലെ ഒന്നാമതുള്ള ഭാരതീയരുടെ പങ്കപ്പാട്. എവിടെത്തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ബലഹീനര്‍ മാത്രമുള്ളൊരു ടീം. അങ്ങനെ അടച്ചാക്ഷേപിക്കാമോ..? കെ.എല്‍. രാഹുല്‍, യശസ്വി ജയ്സ്വാള്‍, രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് അല്ലേവേണ്ട പന്തിന്റെ കാര്യം പിന്നെ പറയാം... ബാക്കിയുള്ളവരെല്ലാം ടെസ്റ്റ് കളിക്കാരല്ലേ..? അല്ലേ..? അല്ലെന്നു പറയാനും വയ്യ പറയാതിരിക്കാനും വയ്യ... കാരണം, ഇവരെല്ലാമാണ് ഗൗതിഭായിയുടെ (ഗൗതം ഗംഭീര്‍) ടെസ്റ്റ് ടീമിലെ ഗംഭീരന്മാര്. സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലുമെല്ലാം ഇതുവരെ ടെസ്റ്റിന് ഉറപ്പില്ലാത്തവര്‍.
എന്റെ കാര്യം ബിസിസിഐ തീരുമാനിക്കട്ടേ എന്നു പറഞ്ഞ ഗൗതിഭായ് ഒരു കാര്യം ചേര്‍ത്തുവയ്ക്കാന്‍ മറന്നില്ല. തന്റെ ശിക്ഷണത്തിനു കീഴിലാണ് ഇന്ത്യന്‍ ടീം ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിനത്തിലും ഏഷ്യ കപ്പ് ട്വന്റി-20യിലും ചാമ്പ്യന്മാരായത്. ഇനി ടെസ്റ്റിന്റെ കാര്യത്തിലാണെങ്കില്‍ ഇംഗ്ലണ്ടില്‍ ചെന്ന് അഞ്ച് മത്സര പരമ്പര 2-2ന് ടൈ ആക്കി. അപ്പോഴും ഈ ടീമായിരുന്നു തനിക്കൊപ്പം. അതെ, അതെങ്ങനെ സംഭവിച്ചെന്ന് ആശ്ചര്യപ്പെടുന്നവരാണ് ഇപ്പോള്‍ ഏറെയും... ഉള്ളതുപറഞ്ഞാല്‍ ഇന്ത്യ ക്രിക്കറ്റില്‍ തോല്ക്കുന്നതു താങ്ങാനുള്ള കെല്‍പ്പ് ആരാധകക്കൂട്ടത്തിനില്ലെന്നതാണ് ഇതിന്റെയെല്ലാം പിന്നില്‍.
ഉള്ളതാണേ...
2016-17 കാലഘട്ടത്തിലെ ഇന്ത്യന്‍ ടീമിന്റെ നിഴലാണ് ഇപ്പോഴത്തേതെന്നതില് തര്‍ക്കം വേണ്ട. അന്ന് മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാര, നാലാം നമ്പറില്‍ വിരാട് കോഹ്ലി, ശേഷം അജിങ്ക്യ രഹാനെ... ഇവരോട് മുട്ടിനില്‍ക്കാന്‍ ഗൗതിഭായിയുടെ ടീമിനു പറ്റുമോ..? പറ്റില്ല... സച്ചിന് തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ് തുടങ്ങിയവര്‍ ഒഴിച്ചിട്ട ഇടങ്ങളില്‍ അക്കാലത്ത് കോഹ്ലിയും പൂജാരയും രഹാനെയുമെല്ലാമുണ്ടായിരുന്നു. സുനില്‍ ഗാവസ്കറിന്റെ വാക്കില്പറഞ്ഞാല് വൈറ്റ് ബോള്‍ ക്രിക്കറ്റാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം നിലവില്‍ കളിക്കുന്നത്. വൈറ്റും റെഡും തമ്മിലുള്ള വ്യത്യാസം അറിയാത്ത അടിപൊളിപയ്യന്മാരാണ് ഇന്ത്യയുടെ ടെസ്റ്റ് സംഘത്തില്‍ മഹാഭൂരിപക്ഷവും. വരുക, അടിക്കുക, പോകുക... ഒരു ട്വന്റി-20 ലൈന്‍.
നേരത്തേ മാറ്റിവച്ച ഋഷഭ് പന്തിന്റെ കാര്യം ഇവിടെ പറയാം; പന്ത് അടിക്കാനുള്ളതും ഋഷഭ് അതു പാലിക്കുകയും ചെയ്യുന്നു. എന്നാല്‍, ടെസ്റ്റില്‍ ഋഷഭിന്റെ സമീപകാലത്തെ ഷോട്ട് സെലക്ഷനെക്കുറിച്ച് ഗാവസ്കര്‍ പറയുന്നത് ആനമണ്ടത്തരമെന്നാണ്. 2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഋഷഭ് പന്ത് പുറത്തായത് സ്റ്റെപ്പ് ഔട്ട് സ്ലോഗ് ഷോട്ടിലൂടെ. 2022ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പുറത്തായത് സ്റ്റെപ് ഔട്ട് ലോഫ്റ്റ് എക്സ്ട്രാ കവര്‍ ഡ്രൈവിലൂടെ. 2022ല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ റിവേഴ്സ് സ്വീപ്പ്, 2024 പൂനയില്‍ ന്യൂസിലന്ഡിനെതിരേ സ്ലോഗ്, 2024ല്‍ ഓസ്ട്രേലിയയ്ക്കെതിരേ മെല്‍ബണില്‍ സ്കൂപ്പ്, 2025 ഗോഹട്ടിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ സ്റ്റെപ് ഔട്ട് സ്ലാഷ്... ഇതൊന്നും ടെസ്റ്റിന്റെ കോപ്പി ബുക്കില്‍ ഇടമില്ലാത്ത ന്യൂജെന്‍ ഷോട്ടുകള്‍. ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ക്രിക്കറ്റിന്റെ പ്രേതം കടന്നുകൂടിയോ എന്നൊരു സംശയം..!
ഇതിനിടെ ഗൗതിഭായിയുടെ കുതികാല്വെട്ടിനെക്കുറിച്ചും ആളുകള്‍ അടക്കം പറയുന്നുണ്ട്. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടാറ്റാപോലും പറയാതെ പടിയിറങ്ങിയത് ഗൗതിഭായി ഇഫക്റ്റാണെന്ന്.
ഏതായാലും ഗൗതിഭായ്ക്കു നേരേയുള്ള വെടിപൊട്ടിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യക്കു മൂന്നു ഫോര്‍മാറ്റിലും മൂന്നു കോച്ചുമാര്‍ വേണമെന്ന് മദന്‍ലാല്‍ പറഞ്ഞുകഴിഞ്ഞു. ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ഇതുവരെ 19 ടെസ്റ്റ് കളിച്ചു. അതില്‍ 10 എണ്ണവും പരാജയപ്പെട്ടു. ജയിച്ചത് ഏഴ്, സമനില രണ്ട്. 36.82 ആണ് വിജയശതമാനം. ഇതിനും ഭായിയുടെ കൈയില്‍ ഉത്തരമുണ്ട്. ഇന്ത്യന്‍ ടീം ട്രാന്സിഷന് പീരിയഡിലാണ്. ജയത്തില്നിന്നും തോല്‍വിയിലേക്കുള്ള ട്രാന്സിഷനാണോ..? ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ബിസിസിഐ രക്ഷിക്കട്ടെ..!
Tags : India Cricket Test Cricket