x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ത്ര​ക​ഥ​യി​ലൂ​ടെ ന​ട​ന്ന​പ്പോ​ൾ...

സി​ജി മ​നോ​ജ്
Published: February 1, 2026 02:09 AM IST | Updated: February 1, 2026 02:09 AM IST

വാ​ളു​ക​ളു​ടെ ശീ​ൽ​ക്കാ​ര​വും ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ഗ​ർ​ജ​ന​വും ഒ​ന്നി​ച്ചു​ചേ​ർ​ന്നി​രു​ന്ന വേ​ദി... വി​നോ​ദ​ത്തി​ന് ര​ക്ത​ത്തി​ന്‍റെ നി​റം​പൂ​ണ്ടി​രു​ന്ന ഇ​ടം... റോ​മി​ലെ കൊ​ളോ​സി​യം. ഗ​ർ​ജ​ന​ങ്ങ​ള​ക​ന്ന് ര​ക്ത​മു​ണ​ങ്ങി മ​റ്റേ​തോ നി​ർ​മി​തി​ക​ൾ​ക്കാ​യി ക​ല്ലു​ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യി അ​വ​ശേ​ഷി​ക്കു​ന്ന നി​ർ​മി​തി. അ​ക​ത്ത​ള​ങ്ങ​ളു​ടെ വീ​ര​പ​രി​വേ​ഷ​മാ​യി​രു​ന്നി​ല്ല ആ​ക​ർ​ഷ​ണം. ഓ​ർ​മ​വ​ന്ന​ത് ടി​വി​യും മൊ​ബൈ​ലും ഒ​ന്നും പ്ര​ചാ​ര​ത്തി​ലാ​വാ​തി​രു​ന്ന​കാ​ല​ത്ത് മ​ധ്യ​വേ​ന​ൽ അ​വ​ധി​ദി​ന​ങ്ങ​ളെ അ​ർ​ഥ​പൂ​ർ​ണ​മാ​ക്കാ​ൻ വാ​യി​ച്ചി​രു​ന്ന ചി​ത്ര​ക​ഥാ പു​സ്ത​ക​ങ്ങ​ളാ​ണ്.

സ​ഹാ​നു​ഭൂ​തി​യു​ടെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ച ആ​ൻ​ഡ്രോ​ക്ലി​സ് എ​ന്ന അ​ടി​മ​യും, ത​ന്നെ കാ​ർ​ന്നു​തി​ന്നി​രു​ന്ന മു​ള്ളു​ത​റ​ച്ച വേ​ദ​ന​യി​ൽ​നി​ന്ന് ര​ക്ഷി​ച്ച​തി​ന് ന​ന്ദി​സൂ​ച​ക​മാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി കൊ​ളോ​സി​യ​ത്തി​നു ന​ടു​വി​ൽ​വ​ച്ച് അ​ദ്ദേ​ഹ​ത്തെ സ്നേ​ഹ​പൂ​ർ​വം പു​ണ​ർ​ന്ന സിം​ഹ​വും! എ​ന്തൊ​ര​നു​ഭ​വം!!

സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ണ മ​ന​സി​ലു​റ​പ്പി​ച്ചു​വ​ച്ച​ത് കൊ​ളോ​സി​യ​ത്തി​ലെ ഈ ​ക​ഥ​യാ​ണ്. ഏ​തു​സ​മ​യ​ത്തും ജ​ന​സ​ഹ​സ്ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തു​ന്ന ഈ ​ലോ​കാ​ത്ഭു​തം മാ​യും​മു​ന്പ് ഒ​രി​ക്ക​ൽ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ അ​തൊ​രു സ്വ​പ്നം​മാ​ത്ര​മാ​യി​രു​ന്നു. അ​ക​ത്ത​ള​ങ്ങ​ളി​ൽ ഭൂ​മി​ക്ക​ടി​യി​ലെ ഇ​രു​ണ്ട ഇ​ട​നാ​ഴി​ക​ളി​ൽ​നി​ന്ന് ഇ​പ്പോ​ഴും ഗ​ദ്ഗ​ദ​ങ്ങ​ൾ കേ​ൾ​ക്കു​ന്നു​ണ്ടോ..

ഒ​രു​വേ​ള എ​ത്ര​യും​വേ​ഗം അ​തി​നു​ള്ളി​ൽ​നി​ന്ന് ഓ​ടി​പ്പോ​ര​ണ​മെ​ന്നു തോ​ന്നി. വൃ​ത്താ​കൃ​തി​യി​ൽ ചു​റ്റി​പ്പി​ണ​ഞ്ഞ ഇ​രി​പ്പി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ച​ക്ര​വ​ർ​ത്തി​മാ​രു​ടെ ഉ​ഗ്ര​ശാ​സ​ന ഇ​പ്പോ​ഴും വ​ട്ടം​ക​റ​ങ്ങു​ന്നു​ണ്ട്. മ​ട​ങ്ങു​ന്പോ​ൾ വീ​ണ്ടും വീ​ണ്ടും തി​രി​ഞ്ഞു​നോ​ക്കി. ഉ​ഗ്ര​പ്ര​താ​പ​കാ​ലം വെ​റും ക​ൽ​ക്കൂ​ന​ക​ളാ​യി പ​രി​ണ​മി​ക്കാ​ൻ കാ​ലം മാ​റു​ക​യേ വേ​ണ്ടൂ!

റോ​മ​ൻ ഫോ​റ​ത്തി​ൽ

ഒ​രു​കാ​ല​ത്ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ്വാ​സ​വും നി​യ​മ​ത്തി​ന്‍റെ ന​ടു​വേ​ദി​യും ആ​യി​രു​ന്ന ഇ​ടം- റോ​മ​ൻ ഫോ​റം. അ​ഗ്നി​പ​ട​ർ​ന്ന​പ്പോ​ൾ ത​ട​ഞ്ഞു​നി​ർ​ത്താ​നാ​വാ​തെ അ​ടി​യ​റ​വു പ​റ​യേ​ണ്ടി​വ​ന്ന ആ ​ഇ​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് റോ​മാ​സാ​മ്രാ​ജ്യം കൈ​വ​രി​ച്ചി​രു​ന്ന വാ​സ്തു​ശി​ല്പ നൈ​പു​ണി അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു.

ര​ണ്ടാ​യി​രം​വ​ർ​ഷം വെ​യി​ലും മ​ഴ​യു​മേ​റ്റി​ട്ടും കാ​ലാ​തി​വ​ർ​ത്തി​യാ​യ ഒ​രു സൃ​ഷ്ടി- റോ​മ​ൻ പാ​ന്തെ​യോ​ൺ. മ​ധ്യ​ത്തി​ലെ ഓ​ക്കു​ല​സ്. ഓ​ട്ട​യ​ട​ച്ചി​ട്ടി​ല്ലാ​ത്ത ആ​കാ​ശ​ത്തി​ന്‍റെ ക​ണ്ണു​വ​ഴി സൂ​ര്യ​കി​ര​ണ​ങ്ങ​ൾ താ​ഴെ പ്രാ​ർ​ഥ​ന​യാ​യി പ​തി​ക്കു​ന്ന മ​നോ​ഹ​ര കാ​ഴ്ച! വി​വ​ര​ണാ​തീ​തം എ​ന്ന ചെ​റു​വാ​ക്കു​കൊ​ണ്ടു മാ​ത്ര​മേ അ​തി​നെ വി​ശേ​ഷി​പ്പി​ക്കാ​നാ​വൂ. ആ ​കൂ​റ്റ​ൻ തൂ​ണു​ക​ൾ​ക്കു താ​ഴെ നി​ൽ​ക്കു​ന്ന ഉ​റു​മ്പു​ക​ൾ​പോ​ലെ​യു​ള്ള മ​നു​ഷ്യ​രെ കാ​ണു​മ്പോ​ൾ ഓ​ർ​ത്തു​പോ​കേ​ണ്ട​തും അ​തു​ത​ന്നെ​യാ​വ​ണം- എ​ത്ര ചെ​റു​താ​ണ് മ​നു​ഷ്യ​ൻ!

പാ​ന്തെ​യോ​ൺ പി​ന്നി​ട്ട് റോ​മി​ന്‍റെ ഇ​ടു​ങ്ങി​യ തെ​രു​വു​ക​ളി​ലൂ​ടെ ഒ​രു ലെ​മ​ൺ സോ​ർ​ബ​റ്റും രു​ചി​ച്ച് എ​ത്തി​ച്ചേ​ർ​ന്ന​ത് കൗ​തു​കം പ​ക​രു​ന്ന മ​റ്റൊ​രു കാ​ഴ്ച​യി​ലേ​ക്കാ​ണ്. സ​മു​ദ്ര​ദേ​വ​ന്‍റെ ശി​ല്പ​ത്തി​നു​ചു​റ്റു​മു​ള്ള മ​നോ​ഹ​ര​മാ​യ പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴു​കി​വ​രു​ന്ന വെ​ള്ള​ത്തി​ലേ​ക്ക് നാ​ണ​യ​ങ്ങ​ൾ പി​ന്നോ​ട്ട് തി​രി​ഞ്ഞെ​റി​യു​ന്ന ഒ​രാ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക്. ഫൊ​ന്താ​നാ ദി ​ത്രേ​വി. ഒ​രു നാ​ണ​യം തി​രി​ഞ്ഞു​നി​ന്ന് എ​റി​ഞ്ഞ് ഒ​രി​ക്ക​ൽ​ക്കൂ​ടി റോ​മി​ലേ​ക്കു​വ​രാ​മെ​ന്ന നി​ശ​ബ്ദ വാ​ഗ്ദാ​ന​വു​മാ​യി റോ​മി​ൽ​നി​ന്ന് വ​ത്തി​ക്കാ​നി​ലേ​ക്ക്..

മ​നു​ഷ്യ​നും ദൈ​വ​വും

ഒ​രു വി​ളി​പ്പാ​ട​ക​ലെ അ​തി​രു​ക​ളി​ല്ലാ​ത്ത ഒ​രു കൊ​ച്ചു-​വ​ലി​യ രാ​ജ്യം- വ​ത്തി​ക്കാ​ൻ. സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ൽ​നി​ന്ന് ബ​സി​ലി​ക്ക​യു​ടെ വാ​തി​ലി​ലൂ​ടെ ഉ​ള്ളി​ലേ​ക്ക്. പ്രാ​ർ​ഥ​ന​യും ചു​റ്റു​മു​ള്ള മ​ഹ​ത്താ​യ ക​ലാ​സൃ​ഷ്ടി​ക​ളും ഒ​രേ​സ​മ​യം ഹൃ​ദ​യം​തൊ​ടു​ന്നു. മാ​ർ​പാ​പ്പ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് അ​റി​യി​ക്കാ​ൻ വെ​ള്ള​പ്പു​ക ഉ​യ​രു​ന്ന കു​ഴ​ൽ എ​വി​ടെ​യെ​ന്നാ​യി​രു​ന്നു എ​ന്‍റെ അ​ന്വേ​ഷ​ണം. വാ​യി​ച്ച​റി​ഞ്ഞ കാ​ര്യ​ങ്ങ​ളു​ടെ ഉ​റ​വി​ട​ങ്ങ​ൾ തേ​ടി​യാ​ണ​ല്ലോ എ​ന്‍റെ ഇ​ത്ത​വ​ണ​ത്തെ യാ​ത്ര.

വ​ത്തി​ക്കാ​ൻ മ്യൂ​സി​യ​ത്തി​ലൂ​ടെ ന​ട​ന്ന​പ്പോ​ൾ ഭി​ത്തി​ക​ളും ഉ​ത്ത​ര​ങ്ങ​ളും ക​ലാ​സൃ​ഷ്ടി​ക​ളാ​വു​ന്ന അ​പൂ​ർ​വ കാ​ഴ്ച! അ​വ​സാ​നം സി​സ്റ്റൈ​ൻ ചാ​പ്പ​ലി​ൽ ഒ​രു​നി​മി​ഷം. ത​ല​യു​യ​ർ​ത്തി നോ​ക്കു​ന്പോ​ൾ മൈ​ക്ക​ലാ​ഞ്ച​ലോ എ​ന്ന അ​പൂ​ർ​വ പ്ര​തി​ഭ​യ്ക്കു മു​ന്നി​ൽ മു​ട്ടു​കു​ത്തി വ​ണ​ങ്ങ​ണ​മെ​ന്നു തോ​ന്നാ​ത്ത​വ​ർ ചു​രു​ക്ക​മാ​വും. "ആ​ദാ​മി​ന്‍റെ സൃ​ഷ്ടി' - മ​നു​ഷ്യ​നെ ദൈ​വം സ്പ​ർ​ശി​ക്കു​ന്ന ആ ​ഒ​രു നി​ത്യ​നി​മി​ഷം എ​ത്ര മ​നോ​ഹ​ര​മാ​യി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്നു!.

ജ​ല​ന​ഗ​ര​ത്തി​ൽ

ഇ​നി ഞാ​ൻ ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രു​ന്ന, എ​ന്നും കൊ​തി​പ്പി​ച്ചി​രു​ന്ന ഒ​രു ന​ഗ​ര​ത്തി​ലേ​ക്കാ​ണ്. അ​ന്‍റോ​ണി​യോ​യും ബ​സാ​നി​യോ​യും ബു​ദ്ധി​മ​തി​യാ​യ പോ​ർ​ഷ്യ​യും (ദ ​മ​ർ​ച്ച​ന്‍റ് ഓ​ഫ് വെ​നീ​സ് - ഷേ​ക്സ്പി​യ​ർ) ന​ട​ന്ന ന​ഗ​രം -ജ​ല​ന​ഗ​ര​മാ​യ വെ​നീ​സ്. കാ​ല​ച​ക്രം എ​വി​ടെ​യോ നി​ല​ച്ചു​പോ​യ ഇ​ടം​പോ​ലെ. ഗൊ​ണ്ടോ​ള​യെ​ന്ന ചെ​റു​വ​ഞ്ചി​യി​ൽ അ​ര​മ​ണി​ക്കൂ​റി​ന് ഒ​മ്പ​തി​നാ​യി​രം രൂ​പ കൊ​ടു​ത്ത് യാ​ത്ര​ചെ​യ്യു​മ്പോ​ൾ ഏ​തോ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ഴു​കു​ക​യാ​ണെ​ന്നു തോ​ന്നി.

വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട ഹോ​ണ​ടി​ക​ളി​ല്ലാ​തെ, എ​ന്തി​നോ​വേ​ണ്ടി തി​ര​ക്കു​പി​ടി​ച്ചോ​ടു​ന്ന മ​നു​ഷ്യ​രി​ല്ലാ​ത്ത, എ​ല്ലാം ശാ​ന്ത​മാ​യി​രി​ക്കു​ന്ന ഒ​രി​ട​മാ​ണി​ത്. ഒ​രു​കാ​ല​ത്തും തി​രി​ച്ചു​പോ​രാ​തെ അ​വി​ടെ​ത്ത​ന്നെ ജീ​വി​ക്കാ​ൻ ആ​യി​രു​ന്നെ​ങ്കി​ലെ​ന്ന് മ​ന​സു തു​ടി​ക്കും.

ഭാ​രം കൂ​ടു​ത​ലു​ള്ള വ​സ്തു​ക്ക​ൾ വേ​ഗ​ത്തി​ൽ വീ​ഴു​മെ​ന്ന അ​രി​സ്റ്റോ​ട്ടി​ലി​ന്‍റെ വാ​ദ​ത്തെ വെ​ല്ലു​വി​ളി​ക്കാ​ൻ ഗ​ലീ​ലി​യോ വ്യ​ത്യ​സ്ത ഭാ​ര​മു​ള്ള വ​സ്തു​ക്ക​ളു​മാ​യി ക​യ​റി​യ​തെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന ലോ​കാ​ത്ഭു​ത​ങ്ങ​ളി​ൽ ഒ​ന്നാ​യ പി​സാ​യി​ലെ ചെ​രി​ഞ്ഞ ഗോ​പു​ര​മാ​യി​രു​ന്നു അ​ടു​ത്ത ല​ക്ഷ്യം. പു​തി​യ​കാ​ല എ​ൻ​ജി​നി​യ​റിം​ഗ് വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ ക​ഴി​വു​കൊ​ണ്ട് കൂ​ടു​ത​ൽ ചെ​രി​യാ​തെ കാ​ത്തു​സൂ​ക്ഷി​ക്ക​പ്പെ​ട്ട ഗോ​പു​രം. കു​റ​ച്ച​ധി​കം യാ​ത്ര​യു​ണ്ട് അ​വി​ടേ​ക്ക്. എ​ങ്കി​ലും അ​മൂ​ല്യ​മാ​യ സ​മ്മാ​ന​മാ​ണ് ആ ​കാ​ഴ്ച.

മൊ​ണാ​ലി​സ എ​വി​ടെ ?

ഇ​റ്റ​ലി​യി​ലെ രു​ചി​ഭേ​ദ​ങ്ങ​ളാ​യ പി​സ​യും പാ​സ്ത​യും പ​നി​നീ​യും ജെ​ലാ​റ്റോ​യും തി​റാ​മി​സു​വും എ​ല്ലാം വി​വി​ധ നേ​ര​ങ്ങ​ളി​ൽ യ​ഥാ​വി​ധി രു​ചി​ച്ച​റി​ഞ്ഞ് പാ​രീ​സി​ലേ​ക്ക്. ലൂ​വ്റ് മ്യൂ​സി​യ​ത്തി​ൽ സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന ഒ​രു ക​വ​ർ​ച്ച​ന​ട​ന്നി​ട്ട് അ​ധി​ക​നാ​ൾ ആ​വാ​ത്ത​തു​കൊ​ണ്ട് മ്യൂ​സി​യം തു​റ​ക്കാ​തി​രി​ക്കു​മോ എ​ന്നു സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ഭാ​ഗ്യം തു​ണ​ച്ചു, തു​റ​ന്നി​ട്ടു​ണ്ട്! ഡാ​ൻ ബ്രൗ​ണി​ന്‍റെ ഡാ​വി​ഞ്ചി കോ​ഡ് വാ​യി​ച്ചി​ട്ടു​ള്ള ഭ്ര​മം ഉ​ള്ളി​ലു​ണ്ട്.

നി​ഗൂ​ഢ​മാ​യ പു​ഞ്ചി​രി​കൊ​ണ്ട് ലോ​ക​ത്തെ മു​ഴു​വ​ൻ ആ​ക​ർ​ഷി​ച്ച ഡാ​വി​ഞ്ചി​യു​ടെ സ്വ​ന്തം "മൊ​ണാ​ലി​സ' സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​യ​തു​കൊ​ണ്ടു​കൂ​ടി​യാ​ണ് മ്യൂ​സി​യ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ട്ട​ത്. ഒ​രി​ക്ക​ൽ ക​ള​വു​പോ​യി തി​രി​ച്ചു​കി​ട്ടി​യ അ​മൂ​ല്യ​നി​ധി. വ​ൻ സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യാ​ണ് മൊ​ണാ​ലി​സ​യു​ടെ മ്യൂ​സി​യ​ത്തി​ലെ സ്ഥാ​നം. മാ​സ​ങ്ങ​ളോ​ളം കാ​ണാ​നു​ള്ള അ​മൂ​ല്യ​വ​സ്തു​ക്ക​ളു​ള്ള മ്യൂ​സി​യ​മാ​ണെ​ങ്കി​ലും പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​മാ​യ ഗ്ലാ​സ് കൊ​ണ്ടു​ള്ള പി​ര​മി​ഡ് ക​ട​ന്നു​വ​രു​ന്ന എ​ല്ലാ​വ​രും ആ​ദ്യം ചോ​ദി​ക്കു​ന്ന​ത് മൊ​ണാ​ലി​സ എ​വി​ടെ എ​ന്നാ​ണ്!

സ്പാ​ർ​ക്കി​ളിം​ഗ് ഈ​ഫ​ൽ ട​വ​റും ട​വ​റി​ന്‍റെ സ​മ്മി​റ്റി​ൽ​നി​ന്ന് പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മാ​യ പാ​രീ​സി​ന്‍റെ കാ​ഴ്ച​യും- യാ​ത്ര​യി​ൽ മ​ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന​ത് ഇ​വ​യ്ക്കാ​യി​രു​ന്നു. ഫ്ര​ഞ്ച്് ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​യ നീ​ല, വെ​ള്ള, ചു​വ​പ്പ് എ​ന്നി​വ​യാ​ൽ പ്ര​കാ​ശി​ത​മാ​യി അ​താ ഈ​ഫ​ൽ ട​വ​ർ! ഓ​രോ മ​ണി​ക്കൂ​റി​ലും അ​ഞ്ചു​മി​നി​റ്റ് വീ​തം ഈ​വി​ധം മി​ന്നി​ത്തി​ള​ങ്ങു​ന്നു. പാ​രീ​സി​ന്‍റെ സൗ​ന്ദ​ര്യം​ന​ശി​പ്പി​ക്കു​ന്ന ഇ​രു​മ്പു​കൂ​മ്പാ​ര​മെ​ന്ന് ഒ​രി​ക്ക​ൽ വി​മ​ർ​ശ​ന​മേ​റ്റു​വാ​ങ്ങി​യ നി​ർ​മി​തി​യാ​ണ് ആ ​ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും അ​ഭി​മാ​ന​വു​മാ​യി നി​ൽ​ക്കു​ന്ന​ത്. 1889ൽ ​വേ​ൾ​ഡ് ഫെ​യ​റി​നു നി​ർ​മി​ച്ച് 20 വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ളി​ച്ചു​ക​ള​യാ​നി​രു​ന്ന​താ​യി​രു​ന്നു ഈ ​ഗോ​പു​രം എ​ന്നു​കേ​ൾ​ക്കു​മ്പോ​ൾ ഇ​പ്പോ​ൾ അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നും.

അ​സാ​ധ്യം ഒ​രു ഫ്ര​ഞ്ച് വാ​ക്ക​ല്ല! 

അ​വ​സാ​ന​മാ​യി പാ​രി​സി​ൽ ഞാ​ൻ കൊ​തി​ച്ചു​കാ​ത്തി​രു​ന്ന ദി​വ​സ​മെ​ത്തി. പൃ​ഥ്വി​രാ​ജി​ന്‍റെ ശ​ബ്ദ​ത്തി​ൽ ഒ​രു ഡ​യ​ലോ​ഗ് മ​ന​സി​ൽ മ​ന്ത്രി​ക്കു​ന്നു​ണ്ട്- ക​ർ​ണ​ൻ, നെ​പ്പോ​ളി​യ​ൻ, ഭ​ഗ​ത് സിം​ഗ് ഇ​വ​ർ മൂ​ന്നു പേ​രു​മാ​ണ് എ​ന്‍റെ ഹീ​റോ​സ്! അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് ചെ​റു​പ്പ​ത്തി​ലേ പ​ഠി​പ്പി​ച്ച, ലോ​കം ത​ന്‍റെ കാ​ൽ​ക്കീ​ഴി​ലാ​വു​മെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ച്ച, ഫ്രാ​ൻ​സി​നെ ആ​കാ​ശ​ത്തോ​ളം ഉ​യ​ർ​ത്തി​യ, വാ​ട്ട​ർ​ലൂ​വി​ൽ​മാ​ത്രം അ​ടി​പ​ത​റി​യ ഒ​രു അ​ഞ്ച​ടി​ക്കാ​ര​ൻ സ്വ​പ്നം ക​ണ്ട ആ​ർ​ക്ക് ഡി ​ട്ര​യം​ഫ് എ​ന്ന നി​ർ​മി​തി ക​ൺ​മു​ന്നി​ൽ.

ഫ്ര​ഞ്ച് സൈ​ന്യ​ത്തി​ന്‍റെ ധൈ​ര്യ​വും വി​ജ​യ​ങ്ങ​ളും അ​ന​ശ്വ​ര​സ്മൃ​തി​യാ​ക്കാ​ൻ നി​ർ​മാ​ണ​മാ​രം​ഭി​ച്ച​തും, നെ​പ്പോ​ളി​യ​ൻ 1815ൽ ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ നി​ർ​മാ​ണം​നി​ല​ച്ച് പി​ന്നീ​ട് ലൂ​യി ഫി​ലി​പ്പ് രാ​ജാ​വ് പൂ​ർ​ത്തീ​ക​രി​ച്ച​തു​മാ​യ വി​ജ​യ ക​മാ​നം. ഇ​ന്ത്യാ ഗേ​റ്റി​ന്‍റെ നി​ർ​മാ​ണ​ത്തി​നു പ്ര​ചോ​ദ​ന​മാ​യ ആ ​കൂ​റ്റ​ൻ ക​മാ​ന​ത്തി​ന​ടു​ത്ത് നി​ൽ​ക്കു​മ്പോ​ൾ വെ​റു​മൊ​രു പ​ട​യാ​ളി​യാ​യി​വ​ന്ന് ക​ര​യും ക​ട​ലും ജ​യി​ച്ച, അ​രി​കു​ക​ള​ഞ്ഞ തൊ​പ്പി​വ​ച്ച ആ ​വെ​ള്ള​ക്കു​പ്പാ​യ​ക്കാ​ര​ന്‍റെ സാ​ന്നി​ധ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന​തു​പോ​ലെ...

യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് തി​രി​ച്ചു വി​മാ​ന​മേ​റു​മ്പോ​ൾ ര​ണ്ടു ലോ​കാ​ത്ഭു​ത​ങ്ങ​ൾ ഒ​രു യാ​ത്ര​യി​ൽ ക​ണ്ട​തി​നേ​ക്കാ​ൾ സ​ന്തോ​ഷി​പ്പി​ച്ച​ത് വാ​യി​ച്ചു​മ​റ​ന്ന ഒ​രാ​യി​രം ക​ഥ​ക​ളും ച​രി​ത്ര​വും പ​ത്ര​വാ​ർ​ത്ത​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും ആ​ശ്ച​ര്യ​ത്തോ​ടെ മ​ന​സി​ൽ തെ​ളി​ഞ്ഞ​താ​ണ്. അ​ടു​ത്ത യാ​ത്ര​വ​രെ ഒ​ഴു​കി​ന​ട​ക്കാ​ൻ ഈ ​ഊ​ർ​ജം ധാ​രാ​ളം...

Tags : walked through story sunday deepika

Recent News

Corehub Up