ചെന്നൈയിൽ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇപ്പോൾ സുദർശന്റെ വീടും ഇടംപിടിച്ചിരിക്കുന്നു. എന്താണ് ഈ വീടിന്റെ പ്രത്യേകതയെന്നല്ലേ... ഇവിടെ ദിവസവും ഭക്ഷണംകഴിക്കാനെത്തുന്നത് ആയിരക്കണക്കിനു തത്തകൾ! ഇതാ, പാരറ്റ് ഹൗസിന്റെ കഥ, ബേർഡ് മാൻ സുദർശന്റെയും...
ചെന്നൈ ചിന്ദാദ്രിപ്പേട്ട് അയ്യ മുതലി തെരുവിലെ സുദർശൻ ഷായുടെ വീടിന്റെ ടെറസിൽ പതിനെട്ടു വർഷമായി വൈകുന്നേരങ്ങളിൽ വിരുന്നിനെത്തുന്ന തത്തകളുടെ എണ്ണം ദിവസവും കൂടുകയാണ്.
കുറഞ്ഞത് ആറായിരം തത്തകളെങ്കിലും സുദർശനും ഭാര്യ വിദ്യയും ഒരുക്കിവയ്ക്കുന്ന പച്ചരിയും നിലക്കടലയും ചോളവും കൊത്തിക്കൊറിച്ചു തിന്നാനെത്തും. തത്തകളുടെ ചിലപ്പും ചിറകടിയും ആസ്വദിക്കാൻ ഇരുപത്തഞ്ച് പേർക്കേ ഒരു ദിവസം അവസരമുണ്ടാകൂ. കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച "മെയ്യഴകൻ' സിനിമ ഈ കിളിവീട്ടിൽ ചിത്രീകരിച്ചതോടെ തത്തകളെ കാണാനെത്തുന്നവരുടെ തിരക്ക് ദിവസേന കൂടിവരികയാണ്.
ബേർഡ് മാനെന്നും പാരറ്റ് സുദർശനെന്നും അറിയപ്പെടുന്ന സുദർശന്റെ ഇടത്തരം ഇരുനില വീട്ടിനുള്ളിലെ ഇടുങ്ങിയ പടിക്കെട്ടുകൾ കയറിക്കയറി എത്തുന്ന ടെറസിലാണ് ആരെയും വിസ്മയിപ്പിക്കുന്ന പക്ഷിക്കൂട്ടത്തെ അടുത്തു കാണാനാവുക. വലിയ ആൾക്കൂട്ടം വന്നാൽ അത് തത്തകളുടെ സ്വൈര്യതയെ ബാധിക്കുമെന്നാണ് സുദർശന്റെ നിലപാട്. കാഴ്ചക്കാർ കറുപ്പ്, ചുവപ്പ് തുടങ്ങി കടുംനിറങ്ങളുടെ വസ്ത്രങ്ങൾ ഒഴിവാക്കണമെന്നൊരു നിബന്ധനയുണ്ട്.
തുടക്കം ബലിച്ചോറിൽനിന്ന്
മഹാരാഷ്ട്രയിൽനിന്ന് മൂന്നു തലമുറമുന്പ് ചെന്നൈയിലെത്തിയതാണ് സുദർശന്റെ കുടുംബം. ഫിസിക്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ സുദർശൻ കുടുംബ ബിസിനസിലേക്ക് തിരിഞ്ഞു.
പതിനെട്ടുവർഷം മുൻപാണ് അച്ഛൻ വെങ്കു ഷായുടെ മരണം. പിതൃതർപ്പണത്തിന് അന്നം വച്ചപ്പോൾ ആദ്യം കുറേ കാക്കകൾ ബലിച്ചോറുണ്ണാൻ വന്നു. തർപ്പണം പതിവായപ്പോൾ പ്രാവുകളും കൂട്ടമായെത്തി. പിന്നീടാണ് എവിടെനിന്നോ തത്തകളുടെ വരവ്. തുടക്കത്തിൽ നൂറുവരെ തത്തകളാണെത്തിയത്. ഇപ്പോൾ തത്തകളുടെ എണ്ണം ആയിരങ്ങളിലേക്കുയർന്നിരിക്കുന്നു.
ഒരുദിവസം പോലും സുദർശനന് വീട്ടിൽനിന്ന് പൂർണമായി മാറിനിൽക്കാൻ പറ്റില്ലെന്ന സാഹചര്യമാണ്. കിളികൾക്ക് എന്നും തീറ്റയും വെള്ളവും കൊടുക്കേണ്ടതിനാൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചടങ്ങുകളിൽ പങ്കെടുക്കുന്നത് പ്രയാസം. നിശ്ചിത സമയത്തിനുള്ളിൽ പോയിവരാൻ പറ്റുന്ന ഇടങ്ങളിൽ മാത്രമേ പോകാറുള്ളു. സ്വന്തം മകളുടെ വിവാഹത്തിനുപോലും വൈകിയാണ് ചടങ്ങിനെത്തിയതെന്ന് സുദർശൻ പറയും.
ടെറസിൽ വൈകുന്നേരം സുദർശനന്റെ സാന്നിധ്യമില്ലെങ്കിൽ പക്ഷികൾക്ക് സഹിക്കാനാവില്ല. തീറ്റയെടുക്കാതെ അവ ചിലച്ചും തലങ്ങും വിലങ്ങു പറന്നും പ്രതിഷേധവും സങ്കടവും അറിയിച്ചു മടങ്ങും. ടെറസിലെ മേശയിൽ തയാറാക്കിയ പലകപ്പാത്രങ്ങളിൽ വൈകുന്നേരങ്ങളിൽ കുതിർത്ത പച്ചരിയും നിലക്കടലയും ദന്പതികൾ നിറച്ചുവയ്ക്കും. ദിവസം മുപ്പതു കിലോ അരിയും അഞ്ചു കിലോ നിലക്കടലയും പക്ഷികൾക്കു തീറ്റയായി വേണം.
വിസ്മയക്കാഴ്ചയുള്ള വീടിന്റെ ഇടനാഴിപ്പടികൾ കയറിച്ചെല്ലുന്പോൾ ടെറസിൽ സന്ദർശകർക്ക് ഇരിക്കാൻ ബെഞ്ചുകൾ തയാറാക്കിയിട്ടുണ്ട്. തത്തകളെ തൊടുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് സുദർശൻ മുൻകൂർ നിർദേശിക്കും. "മെയ്യഴകൻ' സിനിമ ചിത്രീകരിച്ചത് തത്തകളറിയാതെ കാമറ പ്രത്യേകം ഒളിപ്പിച്ചുവച്ചാണ്.
പ്രാവുകൾക്ക് ആദ്യം
വൈകുന്നേരം ആദ്യ വിരുന്നുകാരായി പ്രാവുകൾ കൂട്ടമായി പറന്നെത്തി അവർക്കായി ഒരുക്കിവച്ച കുതിർത്ത ഗോതന്പു തിന്നും. കുറേപ്പേർ അരിയും കടലയും തിന്നും.
പ്രാവുകളുടെ കുറുകലും സദ്യയും തീരാൻ തക്കംനോക്കി അക്ഷമരായി അപ്പോഴേക്കും തത്തകൾ അടുത്തുള്ള ആൽമരത്തിലും ആര്യവേപ്പിലും പുളിമരത്തിലും ഇരിപ്പുണ്ടാകും. വിശപ്പു സഹിക്കാനാകാത്തവർ ഇടയ്ക്കിടെ പറന്ന് പ്രാവുകൾ മടങ്ങേണ്ട സമയം കഴിഞ്ഞതായി പരിഭവമറിയിക്കും. പ്രാവുകൾ തിന്നു തീരാറാകുന്പോഴേക്കും പാത്രങ്ങളിൽ സുദർശനനും ഭാര്യയും തത്തകൾക്കുള്ള തീറ്റ നിറച്ചുകൊണ്ടിരിക്കും.
അവസാനത്തെ പ്രാവ് പറന്നുപോകേണ്ട താമസം അരയാൽച്ചില്ലകളിൽനിന്ന് തത്തകൾ ചറപറാ പറന്നിറങ്ങും. തീറ്റ മത്സരിച്ചു കൊത്തിത്തിന്നുന്നതിനൊപ്പം പാത്രത്തിൽനിന്ന് വെള്ളവും കുടിക്കും. തമ്മിൽ കൊത്തോ കലഹമോ വാശിയോ ഇല്ലാതെയാണ് തത്തക്കൂട്ടം അന്നദാനത്തിൽ അണിനിരക്കുക. തത്തകളുടെ കൊഞ്ചലിലും ചിറകടിയിലും വീടിന്റെ മേൽത്തട്ട് മുഖരിതമാവും.
കഴുത്തു ചുറ്റിയിട്ട നേർത്ത നീലമാലപോലെ വരയും, ചവപ്പുചുണ്ടുമുള്ള പച്ചത്തത്തകളുടെ വിസ്മയക്കാഴ്ച. വിശപ്പകറ്റിയവർ ഓരോത്തരായി ആകാശത്തേക്കു പറന്നുയർന്നു പോകും. ഓരോ തത്തയെയും ചൂണ്ടി ഇത് ആണ്, ഇതു പെണ്ണ്, ഇതു കുഞ്ഞ്, കണ്ണുകളുടെ വ്യത്യാസം, വിവിധ ദിക്കുകാരായ തത്തകൾ എന്നിങ്ങനെയൊക്ക സുദർശൻ പറഞ്ഞുതരും.
ചെലവ് ദിവസവും മൂവായിരം
ദിവസവും മൂവായിരത്തോളം രൂപ തീറ്റയ്ക്കു വേണം. തത്തക്കൂട്ടത്തെ കാണാനെത്തുന്നവരിൽനിന്ന് സുദർശൻ പണമൊന്നും സ്വീകരിക്കില്ല. എന്നാൽ കാഴ്ക്കാർ അവരുടെ ഇഷ്ടത്തിന് പച്ചരിയും നിലക്കടലയും കൊണ്ടുവരുന്നത് സ്വീകരിക്കാറുണ്ട്.
മാസം ഒരു ലക്ഷത്തോളം രൂപ ഈ 53കാരൻ പക്ഷികളെ പോറ്റാനായി ചെലവഴിക്കുന്നു. സുദർശനും ഭാര്യ വിദ്യയ്ക്കുമൊപ്പം മകൾ കീർത്തിയും പൗത്രൻ ധീരനും പക്ഷികൾക്കുള്ള അന്നദാനത്തിൽ പങ്കുചേരുന്നു. തത്തകൾ ഭക്ഷിച്ചശേഷം അവശേഷിക്കുന്നത് രാത്രി പല സമയങ്ങളിലായി കുരുവികളും കാക്കകളും പ്രാവുകളും അണ്ണാനും മറ്റും വന്നു തിന്നുതീർക്കും. ഇടയ്ക്ക് എവിടെനിന്നോ ഒന്നു രണ്ടു മയിലുകളും വരാറുണ്ട്.
തത്തകൾ തനിക്ക് പതിവായി സമ്മാനങ്ങൾ തന്നാണ് മടങ്ങുന്നതെന്നാണ് സുദർശന്റെ പക്ഷം. തത്തകളുടെ കാഷ്ഠങ്ങളിൽ പലതരം മരങ്ങളുടെയും ചെടികളുടെയും വിത്തുകളുണ്ടാവും. ആ വിത്തുകൾ നട്ടുണ്ടായ രണ്ടായിരത്തോളം തൈകൾ ചെന്നൈയിൽ പലയിടത്തായി ഇദ്ദേഹം നട്ടിട്ടുണ്ട്.
ചെന്നൈയിൽ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇപ്പോൾ സുദർശന്റെ വീടും ഇടംപിടിച്ചിരിക്കുന്നു. ചില മാസങ്ങളിൽ ദിവസം ആറായിരത്തിൽപ്പരം തത്തകൾ വരാറുണ്ട്. ജപ്പാൻ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പക്ഷിനിരീക്ഷകർ ഈ അപൂർവകാഴ്ച കാണാൻ ചെന്നെെയിൽ എത്താറുണ്ട്. വരുമാനത്തിൽ 80 ശതമാനവും പക്ഷികളെ പോറ്റാനാണ് സുദർശൻ ചെലവിടുന്നത്.
ചെന്നൈയിൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുന്പോഴൊക്കെ കിളികൾ അഭയം തേടുന്നത് സുദർശന്റെ വീടിന്റെ ടെറസിലും തൊട്ടടുത്തുള്ള ആൽമരങ്ങളിലും ആര്യവേപ്പുകളിലുമാണ്. ദുരിതാശ്വാസമായി ആ ദിവസങ്ങളിൽ രാവിലെ മുതൽ അവയ്ക്ക് തീറ്റ കൊടുക്കേണ്ടിവരും. ചെന്നൈ സെൻട്രലിൽ നിന്നു നാലു കിലോമീറ്റർ ദൂരമേയുള്ളൂ പാരറ്റ് ഹൗസിലേക്ക്.
Tags : sunday