ജർമൻ സാഹിത്യത്തിനു ലോകസാഹിത്യത്തിൽ അതുല്യസ്ഥാനം നേടിക്കൊടുത്ത കവിയും നാടകകൃത്തും ചിന്തകനുമാണ് യൊഹാൻ വോൾഫ്ഗാങ്ങ് ഗൊയ്ഥേ (1749-1832). ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജനിച്ച അദ്ദേഹം നിയമത്തിൽ യൂണിവേഴ്സിറ്റി ബിരുദം നേടിയതിനു ശേഷമായിരുന്നു സാഹിത്യരംഗത്തേക്കു കടന്നത്. ഗൊയ്ഥേയുടെ കൃതികൾ പലതുണ്ടെങ്കിലും അവയിൽ ഏറ്റവും മികച്ചതായി അറിയപ്പെടുന്നത് ഫൗസ്റ്റ് എന്ന നാടകമാണ്. രണ്ടു ഭാഗങ്ങളായി എഴുതപ്പെട്ട ഈ നാടകത്തിന്റെ ആദ്യഭാഗം 1808ലും രണ്ടാംഭാഗം 1832ലുമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
അറിവിനും ആനന്ദത്തിനും അധികാരത്തിനുംവേണ്ടി സ്വന്തം ആത്മാവിനെപ്പോലും പണയംവയ്ക്കുന്ന ഒരാളുടെ കഥയാണ് ഫൗസ്റ്റ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ജീവിച്ചിരുന്ന ജോഹാൻ ജോർജ് ഫൗസ്റ്റ് എന്നൊരാളെ ചുറ്റിപ്പറ്റിയാണ് ഗൊയ്ഥേ ഈ കഥ മെനഞ്ഞെടുത്തിരിക്കുന്നത്.
ഫൗസ്റ്റ് ഒരു പണ്ഡിതനാണ്. തത്വശാസ്ത്രവും ദൈവശാസ്ത്രവും വൈദ്യശാസ്ത്രവും നിയമവുമെല്ലാം പഠിച്ച ഒരു അസാധാരണ പണ്ഡിതൻ. എന്നാൽ, ഫൗസ്റ്റിന് അതു മതിയാകുന്നില്ല. വലിയ ശൂന്യതയാണ് അയാൾക്ക് അനുഭവപ്പെടുന്നത്. അറിവിന്റെ കൊടുമുടിയിൽ എത്തിയിട്ടും ജീവിതത്തിന്റെ അർഥം അയാൾക്കു പിടികിട്ടുന്നില്ല. അപ്പോൾ അയാളുടെ ആത്മാവിലെ ഇരുട്ടിനു ഘനം കൂടിവന്നു. അങ്ങനെയാണ് അയാൾ ജീവിതം അവസാനിപ്പിക്കാൻ ആലോചിക്കുന്നത്.
ആസമയം അപ്രതീക്ഷിതമായി അയാൾ മണികൾ മുഴങ്ങുന്ന ശബ്ദംകേട്ടു. അകലെയൊരു ദേവാലയത്തിൽനിന്നുള്ള ഈസ്റ്റർ മണിമുഴക്കമായിരുന്നു അത്. ആ മണിമുഴക്കം അയാളുടെ ഹൃദയത്തെ സ്പർശിച്ചു. കുട്ടിക്കാലത്തെ വിശ്വാസത്തിന്റെ ദിനങ്ങൾ അയാളുടെ ഓർമയിലോടിയെത്തി. അയാൾക്കു വീണ്ടും പ്രത്യാശ നൽകിയ നിമിഷങ്ങളായിരുന്നു അവ. അങ്ങനെ അയാൾ മരണത്തിലേക്കുള്ള പാതയിൽനിന്നു പിൻവാങ്ങി.
പക്ഷേ, ആയാളിൽ യഥാർഥമായ ഒരു മാനസാന്തരം ഉണ്ടായില്ല. എന്നു മാത്രമല്ല, ഈ അനുഭവത്തിനു പിന്നാലെയാണ് അയാൾ മെഫിസ്റ്റോഫിലിസ് എന്ന ദുഷ്ടാത്മാവുമായി കരാർ ഉണ്ടാക്കിയത്. ഈ കരാർപ്രകാരം ഫൗസ്റ്റിന് ലോകത്തിലെ സർവസുഖങ്ങളും അനുഭവിക്കുവാൻ ദുഷ്ടാത്മാവ് അവസരം നൽകും. അതിനു പകരം ഫൗസ്റ്റ് തന്റെ ആത്മാവിനെ ദുഷ്ടാത്മാവിനു നൽകണം.
ഈ കരാർ വളരെ അപകടകരമായ യാത്രയിലേക്കാണ് ഫൗസ്റ്റിനെ നയിച്ചത്. അയാൾ പിന്നീടു സഞ്ചരിച്ചത് സുഖത്തിന്റെയും പാപത്തിന്റെയും നഷ്ടത്തിന്റെയും വഴികളിലൂടെയായിരുന്നു. അങ്ങനെയാണ് ഗ്രെറ്റ്ഹെൻ എന്ന നിഷ്കളങ്കയായ ഒരു യുവതിയുടെ ജീവിതം പാടേ തകരുവാൻ അയാൾ ഇടയാക്കിയത്.
തന്റെ ആത്മാവിനെ ദുഷ്ടാത്മാവിനു പണയംവച്ച് ജീവിതം അടിച്ചുപൊളിച്ച് ആസ്വദിച്ച ഫൗസ്റ്റിന്റെ അന്ത്യം സ്വാഭാവികമായും ദുരന്തപര്യവസായി ആയി മാറേണ്ടതല്ലേ? എന്നാൽ കഥയുടെ അവസാനം ഫൗസ്റ്റ് ശിക്ഷിക്കപ്പെടുന്നില്ല. എന്നു മാത്രമല്ല, അയാൾ രക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഗൊയ്ഥേ കഥയുടെ ഗതി ഇങ്ങനെ മാറ്റിമറിച്ചത്?
ഫൗസ്റ്റ് പൂർണനായിരുന്നില്ല. അയാൾ കൊടുംപാപിയായിരുന്നു. എങ്കിലും അയാൾ തന്റെ അന്വേഷണം അവസാനിപ്പിച്ചിരുന്നില്ല. സത്യത്തിനും നന്മയ്ക്കും വേണ്ടി അയാൾ അന്വേഷിച്ചു. ചെറിയ സുഖങ്ങളിൽ തൃപ്തനാകുവാൻ അയാൾ തയാറായില്ല. അയാളുടെ ഉള്ളിൽ എപ്പോഴും നന്മ ചെയ്യണമെന്ന മോഹമുണ്ടായിരുന്നു. അങ്ങനെയാണ് ജീവിതത്തിന്റെ അവസാനഘട്ടത്തിൽ അയാളുടെ ചിന്താഗതി മാറുന്നത്. സ്വന്തം ആനന്ദത്തിനു പകരം മനുഷ്യരുടെ നന്മയിലേക്ക് അയാൾ തിരിഞ്ഞു. സ്വാർഥതവെടിഞ്ഞ് അയാൾ സേവനംചെയ്തു.
ഈ നിമിഷങ്ങളിലാണ് ദൈവകൃപയുടെ ഇടപെടൽ നാം കാണുന്നത്. അങ്ങനെ ഫൗസ്റ്റിന്റെ ആത്മാവ് ഉയർത്തപ്പെടുന്നു. അയാൾ രക്ഷിക്കപ്പെടുന്നു.
ഫൗസ്റ്റിന്റെ ഈ കഥ അവതരിപ്പിക്കുന്നതുവഴി ഗൊയ്ഥേ നൽകുന്ന സന്ദേശമെന്താണ്? ദൈവം നമ്മുടെ വീഴ്ചകൾ കാണുന്നുണ്ട്. എന്നാൽ അവയെക്കാളേറെ അവിടന്ന് ശ്രദ്ധിക്കുന്നത് നമ്മൾ ഏതു ദിശയിലേക്കാണ് നീങ്ങുന്നത് എന്നാണ്. ഫൗസ്റ്റിന്റെ ജീവിതം ഒരു ദീർഘമായ തെരച്ചിലായിരുന്നു. ആ തെരച്ചിലിന്റെ ലക്ഷ്യമാകട്ടെ സത്യവും നന്മയും കണ്ടെത്തുന്നതിനുവേണ്ടിയും. ഇവിടെയാണ് ദൈവകൃപയുടെ ഇടപെടൽ നാം കാണുന്നത്. ദൈവവചനം പറയുന്നു: ""പാപം വർധിച്ചിടത്ത് ദൈവകൃപ അതിലും വർധിച്ചു'' (റോമാ 5:20).
ദൈവകൃപയുടെ വർധന ഫൗസ്റ്റിന്റെ ജീവിതത്തിലുണ്ടായതാണ് അയാളുടെ രക്ഷയ്ക്ക് നിദാനമായത്. അതായത് ദൈവകൃപ സ്വീകരിക്കുവാൻ തക്ക രീതിയിൽ ഫൗസ്റ്റിന്റെ മനസും ഹൃദയവും തുറന്നിരുന്നു എന്നു സാരം. നമ്മുടെ ജീവിതത്തിലും ഈ തുറവിയാണ് വേണ്ടത്- ദൈവകൃപ സ്വീകരിക്കാനുള്ള താത്പര്യവും സന്നദ്ധതയും.
മനുഷ്യരായ നമ്മുടെ ജീവിതത്തിലും പാപങ്ങളും പരാജയങ്ങളും തകർന്ന ബന്ധങ്ങളും നഷ്ടമായ പ്രതീക്ഷകളുമെല്ലാം ഉണ്ടായിരിക്കും. ചിലപ്പോൾ മാരകമായ പാപത്തിനുപോലും നാം അടിപ്പെട്ടുപോയി എന്നുവരാം. അപ്പോഴൊക്കെ നാം അനുസ്മരിക്കേണ്ട ഒരു കാര്യം പാപം വർധിക്കുന്നിടത്ത് അതിലും അധികമായി തന്റെ കൃപയും സ്നേഹവുമായി ദൈവം കാത്തുനിൽക്കുന്നുണ്ട് എന്നതാണ്.
ദൈവത്തിന്റെ ഈ കാത്തുനില്പു വഴിയാണ് ഗൊയ്ഥേയുടെ നാടകത്തിലെ ഫൗസ്റ്റ് രക്ഷപ്പെടുന്നത്. ഈസ്റ്ററിന്റെ മണിനാദം കേട്ടപ്പോൾ ഫൗസ്റ്റിന്റെ ഹൃദയം നുറുങ്ങിയെങ്കിലും അപ്പോൾ മാനസാന്തരമുണ്ടായില്ല. അതിനു പിന്നെയും ദീർഘനാൾ വേണ്ടിവന്നു. ആ സമയം മുഴുവനും ദൈവം ഫൗസ്റ്റിനായി കാത്തുനിന്നു.
ഇതുപോലെ, ദൈവം നമുക്കുവേണ്ടിയും കാത്തുനിൽക്കുന്നു എന്നത് മറക്കാതിരിക്കാം. നാം ഏതു പാപപാതാളത്തിൽ വീഴാനിടയായാലും അവിടെനിന്നു നമ്മെ കോരിയെടുക്കുന്ന ദൈവകൃപയിൽ എപ്പോഴും നമുക്ക് ആശ്രയിക്കാം.