ഞങ്ങളുടെ കടൽ വറ്റിച്ചതുപോലെ അധികാരികൾ ഞങ്ങളുടെ കണ്ണീരും വറ്റിച്ചു. കരയാൻ കണ്ണീര് ബാക്കിയില്ലാതെ ഞങ്ങൾ കടലിന്റെ മക്കൾ നീതിക്കായുള്ള സഹനപോരാട്ടത്തിലാണ്. അതു നടപ്പാകുംുവരെ ഒറ്റക്കെട്ടായി ഈ സമരമുഖത്തുണ്ടാവും.
ആകെയുള്ള കരുതലായ വീടിന്റെ ചുവരുകളിലേക്കും അടിത്തറയിലേക്കും തിരമാലകൾ തുടരെ ആർത്തലച്ചു കയറുന്പോൾ വിഴിഞ്ഞത്തെ തീരമക്കളുടെ നെഞ്ചുപിടയുന്നുണ്ട്. തീരങ്ങളെ കടൽ വിഴുങ്ങുന്പോൾ, വീടുകളോരോന്ന് കല്ക്കൂനകളായി നിലംപൊത്തുന്പോൾ ഓരോ കാലത്തും ഇവരെ എവിടെയെങ്കിലും അഭയാർഥികളായി തള്ളുകയാണ് സർക്കാരുകൾ. 2018ലെ മഹാപ്രളയത്തിൽ കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വാനോളം പുകഴ്ത്തപ്പെട്ട മത്സ്യത്തൊഴിലാളികളാണ് വിഴിഞ്ഞത്തിന്റെ മണൽപ്പരപ്പിൽ പന്തൽകെട്ടി അതിജീവന പോരാട്ടം നടത്തിവരുന്നത്.
മറ്റാരുടെയും സ്വത്ത് കൈയേറാനോ വെട്ടിപ്പിടിക്കാനോ വേണ്ടിയല്ല ഈ ജനതതി നിലവിളിയും മുറവിളിയും നടത്തുന്നത്. കരുതലായി കടൽ മാത്രം സ്വന്തമുള്ളവരുടെ രോദനം കേൾക്കാൻ അധികാരികൾക്കാകുന്നില്ലെങ്കിൽ കാലം അവർക്ക് മാപ്പ്് നൽകില്ലെന്നു വിഴിഞ്ഞത്തെ സമരമുഖത്തുള്ള 80 കാരിയായ മത്സ്യത്തൊഴിലാളി ഫിലോമിനയുടെ ഹൃദയം പിളരുന്ന വാക്കുകൾ.
അഭയാർഥി ക്യാന്പ്
വലിയതുറ സിമന്റ് ഗോഡൗണിലെ അഭയാർഥി ക്യാന്പിൽ അമ്മ ശാലുവിന്റെ കൈകളിൽ പിച്ചവയ്ക്കുന്ന പത്തു മാസം പ്രായമുള്ള മകൻ ഏദൻ . ഇവരിപ്പോൾ കഴിയുന്നത് ദുരിതങ്ങളുടെ രണ്ടാമത്തെ ക്യാന്പിലാണ്. ഏദനെ ഏഴുമാസം ഗർഭത്തിലായിരിക്കെയാണ് ശാലുവിനു വീട് കടൽശോഷണത്തിൽ നഷ്ടമായത്. അതിനെക്കുറിച്ച് ശാലു പറയുന്നതിങ്ങനെ.
“2020 ഒക്ടോബർ. ഭർത്താവ് വിൻസെന്റ്് കടലിൽ മീൻ പിടിക്കാൻ പോയ രാത്രി. പാതിരായോടെ അതിശക്തമായ കടൽക്ഷോഭമുണ്ടായി. വീടിന്റെ ഭിത്തിയിലേക്ക് കടൽ ആർത്തലച്ചു വന്നപ്പോൾ ആദ്യമൊന്നും ഭയം തോന്നിയില്ല. തുടർച്ചയായി കൂറ്റൻ തിരമാലകൾ ഭിത്തികളെ ഉലച്ചതോടെ പുറത്തേക്ക് ഇറങ്ങിയോടി. തളർന്നുപോയ ആ നിമിഷം നിറവയറുമായി തീരത്തെ മണൽപരപ്പിൽ ഇരുന്നു. ഹുങ്കാരശബ്ദത്തോടെ കടൽ വീണ്ടുംവീണ്ടും കരുണയില്ലാതെ കടന്നേറ്റം തുടർന്നുകൊണ്ടിരുന്നു. പുലർച്ചെയായപ്പോഴേക്കും വീടൊന്നാകെ കടൽവിഴുങ്ങി. മടങ്ങിയെത്തിയ വിൻസെന്റിനു കാണാനായത് തലേ ദിവസം മത്സ്യബന്ധനത്തിനു വലയുമായി പടിയിറങ്ങിപ്പോയ വീടിന്റെ സ്ഥാനത്ത് പൊട്ടിത്തകർന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ മാത്രം.”
പിറ്റേദിവസം വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ എത്തി വലിയതുറ സെന്റ് ക്രോസ് സ്കൂളിൽ താത്കാലിക ക്യാന്പ് തുറന്നു. ഈ ക്യാന്പിൽ കഴിയവെയാണ് ശാലു ഏദന് ജൻമം നല്കിയത്. വൈകാതെ സ്കൂൾ തുറന്നതോടെ അന്തേവാസികളെ വലിയതുറ സിമന്റ് ഗോഡൗണിലേയ്ക്കു മാറ്റി. ഇവിടെയാണ് ശാലുവും വിൻസെന്റും അമ്മയും ഏദനും കാലങ്ങളായി കഴിച്ചുകൂട്ടുന്നത്.
അഭയാർഥിക്യാന്പിൽ പിറന്ന ഏദനെ അരികിലി രുത്തി സ്വന്തം ദൈന്യതയും ആകുലതകളും ശാലു വിവരിക്കുന്പോൾ അത് തീരദേശത്തെ നൂറു നൂറു അഭയാർഥി കുടുംബങ്ങളുടെ തീരാനൊന്പരങ്ങളുടെ നേർചിത്രമാണ്.
സെന്റ് ക്രോസ് സ്കൂളിലെ ക്യാന്പിൽനിന്നു പുറത്തേക്ക് ഇറങ്ങിയതോടെ എന്തുചെയ്യണമെന്നറിയാത്ത സാഹചര്യം. ഒടുവിൽ വലിയതുറ സിമന്റ് ഗോഡൗണിൽ ഇടം നല്കാമെന്ന അധികാരികളുടെ വാഗ്ദാനം. കൈക്കുഞ്ഞുമായി ഗോഡൗണിലെത്തിയപ്പോൾ കിടക്കാൻ ഉള്ളിൽ ഒരിടവും കിട്ടിയില്ല. മാരിടൈം ബോർഡിന്റെ കെട്ടിട വരാന്തയിലാണ് ശാലുവും കുഞ്ഞും ഒരാഴ്ച്ച അന്തിയുറങ്ങിയത്. കടൽകാറ്റും മഞ്ഞും വെയിലും മഴയുമെല്ലാം നേരിട്ട് അമ്മയും നവജാതനും ദിവസങ്ങൾ തള്ളിനീക്കി. കാത്തിരിപ്പിനൊടുവിലാണ് സിമന്റ് ഗോഡൗണിനുള്ളിൽ കിടക്കാൻ അൽപം ഇടം ഔദാര്യത്തോടെ കിട്ടിയിരിക്കുന്നത്.
നരകയാതന
സിമന്റ് ചാക്കുകൾ സൂക്ഷിക്കാൻ കെട്ടിപ്പൊക്കിയ കൂറ്റൻ ഗോഡൗണ് . വലിയതുറ തീരത്തിന് സമീപം പതിറ്റാണ്ടുകൾക്ക് മുന്പു കോട്ടപോലെ ഉയരത്തിൽ പണികഴിപ്പിച്ച കെട്ടിടങ്ങൾ. ഇവിടെയുള്ള നാലു കെട്ടിടങ്ങളിൽ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് പുനരധിവാസം ലഭിക്കാതെ പാർക്കുന്നത്. കാലപ്പഴക്കത്താൽ വിണ്ടുകീറി മാറാലകെട്ടിയ മേൽക്കൂരയിൽ പൊട്ടലുകൾ വീണിരിക്കുന്നു. ചാറ്റൽമഴ പെയ്താൽ തുള്ളി വെള്ളം പുറത്തുപോകാതെ ഗോഡൗണിനുള്ളിൽ കെട്ടിക്കിടക്കുന്ന സ്ഥിതി. ഓരോ ഗോഡൗണുകളിലും 16 ക്യാബിനുകളാണ് നിർമിച്ചിരിക്കുന്നത്. ചെറിയൊരു മുറിയുടെ വലിപ്പം മാത്രമാണ് ഒരു ക്യാബിനുള്ളത്. ഇതിനുള്ളിലാണ് കുറഞ്ഞത് അഞ്ച് അംഗങ്ങളുള്ള ഓരോ കുടുംബത്തെയും കുത്തിനിറച്ചു താമസിപ്പിച്ചിരിക്കുന്നത്. ദിവസങ്ങൾ മാത്രമായ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾവരെ ഈ കുടുസുമുറിയിൽ വൃത്തിഹീനമായ അവസ്ഥയിൽ കഴിയുന്നുണ്ട്.
വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഒരു ദിവസമെങ്കിലും ഈ ഗോഡൗണിൽ താമസിച്ചാൽ മത്സ്യത്തൊഴിലാളികളുടെ ദൈന്യത വ്യക്തമാകുമെന്നു അന്തേവാസികൾ ഒന്നടങ്കം പറയുന്നു. ഗോഡൗണിൽ വേണ്ടത്ര ശൗചാലയങ്ങളില്ല്ല. വർഷങ്ങളായി ഈ ക്യാന്പുകളിൽ കഴിയുന്നവർക്ക് വാഗ്ദാനപെരുമഴകളല്ലാതെ അടിസ്ഥാന ആവശ്യങ്ങളൊന്നും ചെവിക്കൊള്ളാൻ അധികാരികൾ തയാറാവുന്നില്ല. കാലങ്ങളായി കാത്തിരിക്കുന്നതും ന്യായമായി ലഭിക്കേണ്ടതുമായ അവകാശങ്ങൾ നേടിയെടുക്കാനായുള്ള അതിജീവന പോരാട്ടമാണ് വിഴിഞ്ഞത്തിന്റെ മണ്ണിൽ വാർത്തയാകുന്നത്. അതിനെ ഏതെങ്കിലും ജാതിയുടെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിൽ മുദ്ര കുത്താൻ നീക്കമുണ്ടായാൽ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സമരസമിതി.
മറക്കരുത്, ഇവരുടെ ത്യാഗം
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രക്കുതിപ്പിലേക്കുള്ള പിച്ചവയ്പ്പിന് ഈ തീരദേശ ജനത നല്കിയ സഹനവും ത്യാഗവും അധികാരികൾ എന്തേ ബോധപൂർവം വിസ്മരിക്കുന്നു. 1960 കളിലേക്കു തിരിഞ്ഞുനോട്ടം നടത്തിയാൽ ഇവരുടെ രാജ്യത്തോടുള്ള ആത്മാർഥത പൂർണമായി വെളിപ്പെടുന്നതാണ്. ഇന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്ത് കുതിച്ചു ചാട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ തുടക്കം മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർത്തിരുന്ന തുന്പയിൽനിന്നായിരുന്നു. ഇന്ത്യൻ ബഹിരാകാശക്കുതിപ്പിന്റെ അമരക്കാരനായിരുന്ന ഡോ. വിക്രം സാരാഭായ് അന്നത്തെ ലാറ്റിൻ കാത്തലിക് ബിഷപ് ഡോ. പീറ്റർ ബർണാഡ് പെരേരയെ സന്ദർശിച്ചു മുന്നിൽ വച്ച അഭ്യർഥന ചെറുതായിരുന്നില്ല. റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ അനുയോജ്യമെന്നു കണ്ടെത്തിയിരിക്കുന്ന തുനയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഒഴിപ്പിച്ച് ഗ്രാമം വിട്ടുകൊടുക്കണമെന്നായിരുന്ന ആവശ്യം. മത്സ്യത്തൊഴിലാളികൾ ചെറിയ കൂരയും അൽപം മണ്ണുമായി അധിവസിക്കുന്നയിടം. സെന്റ് മേരീസ് മഗ്ദലന പള്ളിയിൽ ഞായറാഴ്ച കുർബാനക്കിടയിൽ ബിഷപ് റോക്കറ്റ് വിക്ഷേപണകേന്ദ്രം വരുന്നതിന്റെ പ്രാധാന്യം ദേശവാസികളെ ബോധ്യപ്പെടുത്തി. പള്ളിയും മത്സ്യത്തൊഴിലാളികളുടേതുൾപ്പെടെ 600 ഏക്കർ ഭൂമിയും ഇടവക സന്തോഷത്തോടെ സർക്കാരിന് വിട്ടു നല്കി. 200 കുടുംബങ്ങളാണ് ഇതിനായി മഹത്തായ ത്യാഗം അനുഷ്്ഠിക്കാൻ തയാറായത്. തിരുവനന്തപുരത്തെ മറ്റു പ്രധാന വികസന സംരംഭങ്ങളായ അന്താരാഷ്ട്ര വിമാനത്താവളത്തിനും ടൈറ്റാനിയത്തിനും ബ്രഹ്മോസ് എയറോസ്പേസ് സെന്ററിനുമെല്ലാം അതാത് കാലങ്ങളിൽ കിടപ്പാടം വിട്ടു നല്കിയത് ഈ ജനതയുടെ ത്യാഗമൊന്നു മാത്രമായിരുന്നു.
അതിജീവനപോരാട്ടം
വിഴിഞ്ഞം ജനതയെ അധികാരികൾ സമരത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്നതാണ് വസ്തുത. വികസനത്തിന്റെ പേരിൽ ഇവർക്ക് നഷ്ടമായിരിക്കുന്നത് വിടും വഴിയും സ്ഥാപനങ്ങളും മാത്രമല്ല ജീവിതമായ കടലും കടലിലേക്കുള്ള തീരവുംകൂടിയാണ്.
ഏഴിന ആവശ്യങ്ങൾ ഉന്നയിച്ച് മാസങ്ങൾക്ക് മുന്പ് സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച സമരത്തെ അധികാരികൾ വേണ്ട രീതിയിൽ പരിഗണിക്കാതെ വന്നതോടെയാണ് പ്രക്ഷോഭം കൂടുതൽ ശക്തമാക്കിയത്. സെക്രട്ടേറിയറ്റ് മാർച്ചിനായി കടലിന്റെ മക്കൾ വിവിധ സ്ഥലങ്ങളിൽ നിന്നു തങ്ങളുടെ യാനങ്ങളുമായി എത്തിയപ്പോൾ പോലീസ് പല സ്ഥലങ്ങളിലും തടഞ്ഞിട്ടു. ജനാധിപത്യ രീതിയിൽ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശത്തെ കാറ്റിൽപ്പറത്തുന്ന രീതിയായിരുന്നു അന്ന് അധികൃതർ സ്വീകരിച്ചത്. സെക്രട്ടേറിയറ്റ് പടിക്കൽ സമരം ആരംഭിക്കുന്നതിനും എത്രയോ മുന്പേ തീരശോഷണം ഉൾപ്പെടെ കാര്യങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ അധികൃതർക്ക് സമർപ്പിച്ചിരുന്നു. എന്നാൽ അവിടെ നിന്നൊന്നും അവരുടെ ആവലാതികൾക്കും മുറവിളികൾക്കും പരിഹാരമുണ്ടായില്ല. അതോടെയാണ് പ്രത്യക്ഷസമരപരിപാടികളുമായി രംഗത്തേയ്ക്ക് ഇറങ്ങാൻ പ്രായഭേദമന്യേ ഇവർ നിർബന്ധിതരായത്.
ഏഴിന ആവശ്യങ്ങൾ
തീരശോഷണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട വർക്ക് സർക്കാരിന്റെ നേതൃത്വത്തിൽ , വാടക ഒഴിവാക്കി താത്കാലിക താമസ സൗകര്യം ഒരുക്കണമെന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. എന്നാൽ ഈ ആവശ്യത്തോടുള്ള സർക്കാരിന്റെ പ്രതികരണം നിരാശാജനകമായിരുന്നെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറാൾ മോണ്. യൂജിൻ എച്ച്. പെരേര വ്യകതമാക്കി.
താത്കാലിക താമസത്തിനായി സർക്കാർ 5500 രൂപ നല്കുമെന്നാണ് അറിയിച്ചത്. ഈ തുച്ഛമായ തുക ഉപയോഗിച്ച് നഗരത്തിലോ പ്രാന്തപ്രദേശത്തോ എവിടെയാണ് വീട് വാടകയ്ക്ക് ലഭിക്കുക. ശംഖുമുഖം ഉൾപ്പെടെ നഗരത്തോട് ചേർന്നുള്ള സ്ഥലങ്ങളിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾ ഇപ്പോൾ ക്യാന്പുകളിൽ കഴിയുന്നത്. ക്യാന്പുവാസികളെ വാടക വീടുകളിലേക്ക് മാറ്റുന്നതിനു മുന്നോടിയായി തുടർ ചർച്ചകൾ നടത്താമെന്നായിരുന്നു മന്ത്രിസഭാ ഉപസമിതി സമരസമിതിക്ക് ഉറപ്പ് നല്കിയിരുന്നത്. എന്നാൽ അവയൊന്നും നടപ്പായില്ല.
വീടും സ്ഥലവും നഷ്്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിക്കണമെന്നതാണ് രണ്ടാമത്തെ ആവശ്യം. രണ്ടു സെന്റു മുതൽ ആറു സെന്റുവരെ മണ്ണും തരക്കേടില്ലാത്ത വീടുമുള്ളവരായിരുന്നു വിവിധ നിർമാണപ്രവർത്തനങ്ങളെത്തുടർന്നുണ്ടായ തീരശോഷണത്തിൽ വീടുകൾ നഷ്ടപ്പെട്ട് ക്യാന്പുകളിൽ കഴിയുന്നത്. ഇവരിലേറെയും വിഴിഞ്ഞം തുറമുഖ നിർമാണം ആരംഭിച്ചശേഷമുണ്ടായ തീരശോഷണത്തിന്റെ ഭാഗമായി വീടും സ്ഥലവും നഷ്ടമായവരാണ്. മൂന്നു സെന്റിൽ കുറയാത്ത സ്ഥലവും അതിൽ വീടും നിർമിച്ചു നല്കണമെന്നതാണ് സമരവേദിയിൽ ഉയരുന്ന ന്യായമായ ആവശ്യം. മത്സ്യബന്ധനം ഏക ഉപജീവനമായവർക്ക് അവരുടെ ജീവിത സാഹചര്യങ്ങളുമായി ഇണങ്ങുന്ന രീതിയിലുള്ള വീടുകൾ വേണം തീരത്തുനിന്ന് അകലെയല്ലാതെ നിർമിച്ചു നല്കേണ്ടത്.
തീരശോഷണത്തിന്റെ കാരണം വ്യക്തമായി പഠിക്കാനായി അദാനി ഗ്രൂപ്പ് തുറമുഖനിർമാണം നിർത്തി വച്ച് ശാസ്ത്രീയ പഠനം നടത്തണം. ഈ പഠനം നടത്താനായി രൂപീകരിക്കുന്ന സംഘത്തിൽ സമരസമിതി മുന്നോട്ടു വയ്ക്കുന്ന വിദഗ്ധരെയും തൊഴിലാളി പ്രതിനിധികളേയും ഉൾപ്പെടുത്തണമെന്നതാണ് മറ്റൊരാവശ്യം. ഇതിനു പ്രധാനമായും പറയുന്ന കാരണം വിഴിഞ്ഞം തുറമുഖനിർമാണം ആരംഭിച്ചതോടെ ശംഖുമുഖം ബീച്ച്തന്നെ അപ്രത്യക്ഷമായി എന്നതാണ്. ഇവിടെയുണ്ടായിരുന്ന വീടുകളെല്ലാം തീരശോഷണത്തിന്റെ ഭാഗമായി കടലെടുത്തുപോയിക്കഴിഞ്ഞു. പൂന്തുറയിലേയും വലിയതുറയിലേയും ജനങ്ങൾ ഇപ്പോൾ ഏറെ ഭീതിയിലാണ്. ഏഴുവരി വീടുകൾ വരെ തീരശോഷണത്തിന്റെ ഭാഗമായി നഷ്ടമായിക്കഴിഞ്ഞു. ഇനിയും വീടുകൾ നഷ്ടമാകുമോയെന്ന ആധിയിലും ആശങ്കയിലുമാണ് തീരവാസികൾ. ഗ്രീൻ ട്രൈബ്യൂണൽ റിപ്പോർട്ടും സിഎജി റിപ്പോർട്ടിലെ പരാമർശവും പരിഗണിച്ചുവേണമായിരുന്നു സർക്കാർ നടപടികളുമായി മുന്നോട്ടു പോവേണ്ടിയിരുന്നതെന്നിരിക്കെ അത്തരത്തിൽ യാതൊന്നുമുണ്ടായില്ലെന്നു സമരസമിതി കുറ്റപ്പെടുത്തുന്നു.
സർക്കാരിന്റെ കാലാവസ്ഥാ മുന്നറിയിപ്പു മൂലം മത്സ്യബന്ധനത്തിനു പോകാൻ കഴിയാത്ത ദിവസങ്ങളിൽ തൊഴിലാളികൾക്ക് മിനിമം വേതനം നല്കണമെന്ന ആവശ്യവും ഉയർത്തിക്കാട്ടുന്നു. മുതലപ്പൊഴിയിൽ തുടർച്ചയായി മത്സ്യബന്ധനബോട്ടുകൾ അപകടത്തിൽപ്പെടുന്ന സ്ഥിതിയാണ്. നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനാണ് ഇവിടെ അപഹരിക്കപ്പെട്ടത്. ഇവിടെ ഡ്രഡ്ജിംഗ് ഉൾപ്പെടെ നടത്തി ആഴം വർധിപ്പിച്ച് മത്സ്യബന്ധനം സുഗമമാക്കുകയും ജീവന് സുരക്ഷ ഉറപ്പു വരുത്തുകയും വേണം.
ഈ ആവശ്യങ്ങളിലേറെയും അംഗീകരിച്ചുവെന്ന് സർക്കാർ വ്യക്തമാക്കുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഒരു ഉത്തരവുപോലും ഇറക്കാൻ തയാറായില്ലെന്നു മാത്രമല്ല, സമരം ആസൂത്രിതമെന്ന പ്രചാരണം പ്രചരിപ്പിക്കുന്നത് തീരദേശ ജനതയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ്.
കരുതലായി കാവലായി
തിരുവനന്തപുരം ലത്തീൻ അതിരൂപതാ മുൻ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം പ്രായവും ആരോഗ്യപരിമിതിയും വകവെയ്ക്കാതെയാണ് സമരമുഖത്ത് സജീവമായി നിലകൊള്ളുന്നത്. അര നൂറ്റാണ്ടോളം തീരദേശമക്കളുടെ ദുരിതങ്ങളും ദുരന്തങ്ങളും ദുഖങ്ങളും നേരിൽ കാണുകയാണ് പിതാവ്.
തുറമുഖ കവാടത്തിനു മുന്നിലേക്ക് സമരം മാറ്റുന്നതിനു മുന്നോടിയായി സെക്രട്ടേറിയറ്റ് പടിക്കലേക്ക് നടത്തിയ മാർച്ചിൽ മ്യൂസിയം മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ വരെ പദയാത്രയിൽ പങ്കെടുത്താണ് ഡോ.സൂസപാക്യം താൻ ജീവനോടു ചേർത്തു പിടിക്കുന്ന ജനതയോട് ഐക്യദാർഢ്യം അറിയിച്ചത്. വിഴിഞ്ഞം പോർട്ടിനു മുന്നിൽ നടന്ന ഉപവാസ സമരത്തിലും ആര്ച്ച്ബിഷപ് പങ്കെടുത്തു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് തുടങ്ങിയവരുടെയും സമുദായസംഘടനകളുടെയും ശക്തമായ പിന്തുണ നിലനിൽപ്പിനായുള്ള ഈ സഹന സമരത്തിനൊപ്പമുണ്ട്. സമരം കൂടുതൽ ശക്തമായതോടെ വിവിധ മേഖലകളിൽ നിന്നുള്ള നാനാജാതിമതസ്ഥർ സമരപ്പന്തലിലെത്തി അഭിവാദ്യങ്ങൾ അർപ്പിക്കുന്നുണ്ട്.
കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്സിലിന്റെ നേതൃത്വത്തിൽ മൂലന്പിള്ളിയിൽനിന്ന് വിഴിഞ്ഞത്തേക്ക് പദയാത്ര കടന്നുവരുന്നതോടെ സമരം ഇനിയും ശക്തിപ്പെടും.
വിഴിഞ്ഞത്തും പൂന്തുറയിലും അഞ്ചുതെങ്ങിലും പൊഴിയൂരിലുമുള്ളവർ പറയുന്നു. “ഞങ്ങളുടെ തീരം ഞങ്ങൾക്കു വേണം. അതു ഞങ്ങൾക്ക് അവകാശപ്പെട്ടതുമാണ്. ജീവിതം നിലനിറുത്താനുള്ളതാണ് ഈ ധർമസമരം. ആഹാരം, വസ്ത്രം, പാർപ്പിടം, തൊഴിൽ എന്നിവ മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്. ഒരു ജനാധിപത്യ സർക്കാർ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിച്ചശേഷം വേണം വികസനത്തിനായി കൈകോർക്കാൻ. പ്രത്യേകിച്ചു പാർശ്വവത്കരിക്കപ്പെട്ട ജനതതിയെ കരുതലോടെ കാക്കാനുള്ള ധാർമിക ഉത്തരവാദിത്വം മറന്നല്ല വികസനപദ്ധതികൾ അടിച്ചേൽപ്പിക്കേണ്ടത്.”
തോമസ് വർഗീസ്