ഉയിർത്തെഴുന്നേൽക്കുന്ന നോത്ര് ദാം
Sunday, April 9, 2023 12:07 AM IST
പാരീസ് അതിരൂപതയുടെ ഭദ്രാസനപ്പള്ളിയാണ് പൗരാണികമായ നോത്ര് ദാം കത്തീഡ്രൽ. ഫ്രഞ്ച് ദേശീയതയുടെ പ്രതീകമായ ഈ ദേവാലയം ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് വേദിയായി. 2019ലുണ്ടായ തീപിടിത്തത്തിൽ കേടുപാട് സംഭവിച്ച പള്ളിയിൽ അതിന്റെ പ്രൗഢി നിലനിർത്തുംവിധമുള്ള പുനരുദ്ധാരണജോലികൾ പുരോഗമിക്കുകയാണ്. 2024 ഡിസംബർ എട്ടിന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാളിലാണ് കൂദാശാകർമം.
ഫ്രഞ്ച് ഭാഷയിൽ നോത്ര് ദാം എന്നാൽ എന്താണെന്ന് കൃത്യമായി പറയാൻ ഇംഗ്ലീഷാണ് ഉചിതം: ഒൗവർ ലേഡി. അതായത് പരിശുദ്ധ കന്യകാമറിയം. പാരീസ് അതിരൂപതയുടെ ഭദ്രാസനപ്പള്ളിയാണ് ഗോത്തിക്ക് നിർമാണ ശൈലിയിൽ പണിത ഈ മഹാദേവാലയം.
പാരീസ് നഗരത്തിലൂടെ ഒഴുകുന്ന സെൻ നദിയിലുള്ള ഒരു ദ്വീപിലാണ് ദേവാലയം നിൽക്കുന്നത്. നഗരത്തിന്റെ ദ്വീപ് എന്നറിയപ്പെടുന്ന ഈ വലിയ തുരുത്ത് പാരീസിന്റെ കേന്ദ്രമാണെങ്കിൽ നോത്ര് ദാമാണ് ഹൃദയം. പേഗൻ മതസ്ഥരുടെ പുരാതന ആരാധനാസ്ഥലമായിരുന്നത്രെ ഇവിടം. ഇതേ സ്ഥാനത്തു പിന്നീടു പണിത ഒരു ബസിലിക്ക പൊളിച്ചുകളഞ്ഞ് തത്സ്ഥാനത്താണ് നോത്ര് ദാം കത്തീഡ്രൽ നിർമിച്ചത്.
എഡി 1160 മുതൽ 1196 വരെ പാരീസ് മെത്രാപ്പോലീത്ത ആയിരുന്ന മോറിസ് ദെ സള്ളിയാണ് ഇപ്പോഴുള്ള നോത്ര് ദാം കത്തീഡ്രൽ പണികഴിപ്പിച്ചത്. 1163ൽ പുതിയ പള്ളിക്കു തറക്കല്ലിട്ടത് അലക്സാണ്ടർ മൂന്നാമൻ മാര്പാപ്പയാണ്.
ആർച്ച്ബിഷപ്പിന്റെ ഉറ്റസ്നേഹിതനായിരുന്ന അന്നത്തെ ഫ്രഞ്ച് രാജാവ് ലൂയീസ് ഏഴാമന്റെ ശക്തമായ പിന്തുണയും ദേവാലയ നിർമാണത്തിനുണ്ടായിരുന്നു. പ്രധാന അൾത്താരയുടെ കൂദാശാകർമം 1189ലായിരുന്നു.
പണികൾ മുഴുവൻ തീരാൻ പിന്നെയും നൂറിലേറെ വർഷങ്ങൾ വേണ്ടിവന്നു. മുഖവാരത്തിലെ രണ്ടു ഗോപുരങ്ങൾ പണി പൂർത്തിയാക്കാതെ നിർത്തിയിരിക്കുകയാണ്. പള്ളിക്ക് 130 മീറ്റർ നീളവും 48 മീറ്റർ വീതിയുമുണ്ട്. ഉയരം 35 മീറ്ററാണ്. 69 മീറ്ററാണ് ഗോപുരങ്ങളുടെ ഉയരം. വടക്കേ ഗോപുരത്തിലുള്ള 387 കോണിപ്പടികൾ കയറി മുകളിലെത്താവുന്നതാണ്. തെക്കേ ഗോപുരത്തിലാണ് ദേവാലയ മണികൾ.
ഫ്രാൻസിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ പലതും നടന്നിട്ടുള്ളത് ഈ പള്ളിയിലാണ്. പ്രത്യേകിച്ചും രാജാക്കന്മാരുടെ കിരീടധാരണം, വിവാഹം, മറ്റു ചടങ്ങുകൾ എന്നിവ. ദേശീയ നേതാക്കന്മാരുടെ മൃതസംസ്കാരങ്ങളുടെ വേദിയും ഈ പള്ളിയാണ്. പ്രധാന അവസരങ്ങളിൽ ദേവാലയത്തിലെ ബൂർദോ എന്നറിയപ്പെടുന്ന വലിയ മണി മുഴക്കാറുണ്ട്.
അഗ്നിബാധയിൽ തകർന്നുവീണ ദേവാലയഗോപുരം 1859ൽ യൂജിൻ-ഇമ്മാനുവൽ വിയലെറ്റ്-ല്-ഡ്യൂക്ക് എന്ന ശില്പിയാണ് പണിതത്. കാലപ്പഴക്കംകൊണ്ട് അപകടാവസ്ഥയിലായ ഗോപുരം പൊളിച്ചുമാറ്റിയശേഷം (1792) 60 വർഷക്കാലം ഗോപുരമില്ലായിരുന്നു.
പാരീസ് അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമാണെങ്കിലും ഫ്രാൻസ് രാജ്യമാണ് പള്ളിയുടെ ഉടമസ്ഥർ; ഫ്രാൻസിലെ മറ്റ് കത്തീഡ്രൽ ദേവാലയങ്ങളെപ്പോലെ. 1789ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ അവസരത്തിലാണ് പള്ളി ദേശസാല്ക്കരിക്കപ്പെട്ടത്. ആരാധനാ സംബന്ധമായ കാര്യങ്ങളിൽ പാരീസ് അതിരൂപതയ്ക്ക് പൂർണ അധികാരമുണ്ട്.
ഒരു വർഷം ഒരു കോടി മുപ്പതുലക്ഷം സന്ദർശകർ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽപ്പെടുന്ന ഈ ദേവാലയം കാണാനെത്തുന്നുണ്ട് എന്നാണ് കണക്ക്.
ലോകത്തെ ഞെട്ടിച്ച അഗ്നിബാധ
2019 ഏപ്രിൽ 19. സമയം വൈകുന്നേരം 6.20. വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്ക തീപിടിത്തത്തിന്റെ അലാറം പള്ളിയിൽ മുഴങ്ങി. ആളുകളെ മുഴുവൻ പുറത്തിറക്കി. എവിടെയാണു തീപിടിച്ചതെന്നു കണ്ടെത്താൻ 15 മിനിറ്റ് വേണ്ടിവന്നു; കുരിശാകൃതിയിലുള്ള പള്ളിയുടെ മേൽക്കൂരയിൽ കുരിശിന്റെ നെടുകെയും കുറുകെയുമുള്ള ദണ്ഡുകൾ സന്ധിക്കുന്ന ഭാഗത്ത്.
മുകളിലേക്കുള്ള മുന്നൂറിലേറെ നടകൾ കയറി ആളുകൾ എത്തിയപ്പോഴേക്കും തീ ഗോപുരത്തിന്റെ ചുവട്ടിലാകെ പടർന്നിരുന്നു. അഗ്നിശമന വിഭാഗത്തെ വിളിക്കുന്നത് 6.51ന്. പത്തു മിനിറ്റിനകം അവരെത്തി. 400 പേർ തീ അണയ്ക്കുന്ന ജോലിയിൽ മുഴുകി. നൂറുപേർ വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനും ശ്രമിച്ചുകൊണ്ടിരുന്നു.
പള്ളിയുടെ കല്ലുകൊണ്ടുള്ള സീലിംഗിനും തടികൊണ്ടുള്ള മേൽക്കൂരയ്ക്കും ഇടയിലാണ് ആദ്യം തീ പിടിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഓക്കുതടികൾ ദ്രവിച്ചു തുടങ്ങിയിരുന്നത് തീ അതിവേഗം പടരാൻ കാരണമായി. അതിശക്തിയിൽ വെള്ളം ചീറ്റിച്ച് തീ കെടുത്താൻ ശ്രമിക്കുന്നത് പള്ളിക്കു കൂടുതൽ കേടുപാടുകൾ വരുത്തുമെന്നതിനാൽ വളരെ ശ്രദ്ധിച്ചാണ് വെള്ളം ചീറ്റിച്ചത്.
പുക മേൽക്കൂരക്കു മുകളിൽ കാണാൻ തുടങ്ങിയത് 6.52നാണ്; ഏതാനും മിനിറ്റുകൾക്കകം അഗ്നിനാളങ്ങളും കാണാനായി. കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തടികൊണ്ടുള്ള ഗോപുരം തകർന്നുവീണു. മേൽക്കൂരയിലൂടെ അഗ്നിഗോളങ്ങൾ നിരന്നു.
ദേവാലയം മുഴുവൻ തകർന്നുവീഴുമോ എന്ന ആശങ്ക ഉയർന്നു. മാത്രമല്ല ഭീമാകാരമായ മണികൾ തൂക്കിയിരുന്ന തെക്കേ ഗോപുരത്തിലും അഗ്നിനാളങ്ങൾ തലനീട്ടി. മണികൾ ഘടിപ്പിച്ചിരുന്ന ഓക്കുതടികൾ കത്തി മണികൾ താഴെ വീഴുന്ന ആഘാതത്തിൽ ഗോപുരങ്ങളും ദേവാലയവും നിലംപതിക്കുമോ എന്ന ഭീതിയും ശക്തമായി.
അഗ്നിശമന സൈനികർ ഗോപുരങ്ങൾ രക്ഷിക്കാൻ കഠിനപരിശ്രമം ആരംഭിച്ചു. ദേവാലയ മേൽക്കൂരയിലെ ജോലികൾ അവർ നിർത്തിവച്ചു. ഒന്പതേമുക്കാലിന് ആശ്വാസവാർത്ത എത്തി.- തീ നിയന്ത്രണാധീനമായിരിക്കുന്നു.
തടികൊണ്ടുള്ള മേൽക്കൂരയ്ക്കാണ് തീപിടിത്തത്തിൽ ഏറ്റവുമധികം കേടുപാടു പറ്റിയത്. മേൽക്കൂരയുടെ മൂന്നിലൊന്നു ഭാഗം മാത്രമേ അവശേഷിച്ചുള്ളൂ. കല്ലുകൊണ്ടു നിർമിച്ചിരുന്നതിനാലും കൃത്യമായ അകലത്തിൽ ബലിഷ്ഠമായ ഇരുന്പുകന്പികൾ പാകിയിരുന്നതിനാലുമാണ് സീലിംഗ് തകരാതെ നിന്നത്.
എന്നാൽ സീലിംഗിൽ മൂന്നിടത്ത് സാമാന്യം വലിയ ദ്വാരങ്ങളുണ്ടായി. നവീകരണജോലികൾ നടക്കുന്ന സ്ഥലത്തുനിന്നാണ് തീ പടർന്നതെന്നു കരുതുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നും പറയുന്നുണ്ട്.
തകർന്നുവീണ ഗോപുരത്തിന്റെ ചുറ്റുമായി സ്ഥാപിച്ചിരുന്ന 12 ശ്ലീഹന്മാരുടെയും നാലു സുവിശേഷകരുടെയും പ്രതിമകൾ തീപിടിത്തത്തിനു നാലു ദിവസങ്ങൾക്കു മുന്പ് മാറ്റിയിരുന്നു. പള്ളിയുടെ പുനരുദ്ധാരണപ്രവൃത്തികൾ നടന്നുവരികയായിരുന്നല്ലോ.
പള്ളിയിലുണ്ടായിരുന്ന വിലയേറിയ തിരുശേഷിപ്പുകൾക്ക് കേടുപാടുകളൊന്നും പറ്റിയില്ല. ഈശോയുടെ മുൾമുടി, തിരുക്കുരിശിന്റെ ഒരു ഭാഗം, വിശുദ്ധ ലൂയീസിന്റെ മേലങ്കി, അതിവിശിഷ്ടമായ ഒരു പ്രാചീന ഓർഗൻ, കന്യകാമാതാവിന്റെ 14-ാം നൂറ്റാണ്ടിൽനിന്നുള്ള ഒരു പ്രതിമ എന്നിവയാണ് അതിൽ പ്രധാനം.
പുനർജനിക്കുന്ന നോത്ര് ദാം
ഫ്രഞ്ച് ദേശീയബോധത്തിന്റെയും കലാ, സാഹിത്യ പാരന്പര്യത്തിന്റെയുമൊക്കെ പ്രതീകമായ നോത്ര് ദാം കത്തിയമരുന്നതുകണ്ടു വേദനിക്കാത്ത ഫ്രഞ്ചുകാരില്ല. ഒപ്പം ലോകമെന്പാടുമുള്ള സഹൃദയരും. അതുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്, ദേവാലയം പഴയപടിതന്നെ പുനരുദ്ധരിക്കുമെന്നും അത് അഞ്ചു വർഷംകൊണ്ടു പൂർത്തിയാക്കുമെന്നും പ്രസ്താവിച്ചപ്പോൾ അതൊരു സദ്വാർത്തയായി.
പുനർനിർമാണ പ്രവർത്തനങ്ങളുടെ നേതൃത്വം ഏല്പിച്ചത് ഫ്രഞ്ച് ആർമി ചീഫ് (2006-2010) ആയിരുന്ന ഷാങ്-ലൂയി ഷോർഷ്ലാനെയാണ്. ബനഡിക്ടൈൻ മൂന്നാം സഭയുടെയും ഫ്രഞ്ച് കാത്തലിക് അക്കാഡമിയുടെയും അംഗമായ അദ്ദേഹത്തെ ഷെവലിയർ പദവി നൽകി സഭ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സൈന്യാധിപൻ എന്ന നിലയിൽ ആധികാരികത തെളിയിച്ചിട്ടുള്ള അദ്ദേഹം പൊതുസമൂഹത്തിൽ ആദരിക്കപ്പെടുന്ന വ്യക്തിയാണ്.
പള്ളിയുടെ പുനരുദ്ധാരണം ഫ്രഞ്ച് ജനത ഒന്നിച്ച് ഏറ്റെടുക്കേണ്ട ഒരു വെല്ലുവിളിയായിട്ടാണ് അദ്ദേഹം കാണുന്നത്. രാജ്യത്തിന്റെ ഉൗർജം മുഴുവനും സമാഹരിച്ചെങ്കിലേ ഗോത്തിക്ക് ശില്പചാതുരിയുടെ ഉദാത്ത പ്രതീകവും കലാകേദാരവുമായ ഈ ബഹുമാന്യമന്ദിരം പുനർനിർമിക്കാനാവൂ. തീപിടിത്തത്തിന്റെ പിറ്റേദിവസംതന്നെ പുനർനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.
രണ്ടു കൊല്ലമെടുത്തു തകർന്ന കെട്ടിടാവശിഷ്ടങ്ങൾ മാറ്റി പുതുക്കിപ്പണിയാനുള്ള സാഹചര്യമൊരുക്കാൻ. കോവിഡ് മഹാമാരിയുടെ ഭീഷണിയും മാറിമാറിവരുന്ന കാലാവസ്ഥയുമൊന്നും പണി തടഞ്ഞില്ല. ജോലിക്കാരെല്ലാവരും അന്തരീക്ഷ മാലിന്യത്തിൽനിന്നു രക്ഷനേടാൻ പ്രത്യേക വസ്ത്രങ്ങൾ ധരിക്കേണ്ടതുണ്ട്.
മേൽക്കൂരയിലെയും ഗോപുരത്തിലെയും തടികളിൽ പൂശിയിരുന്ന ഈയം ഉരുകിയുണ്ടാകുന്ന വിഷവാതകം അന്തരീക്ഷത്തിൽനിന്നു തീർത്തുമാറിയിട്ടില്ല.
തകർന്നതും ദുർബലവുമായ ഭിത്തികളുടെയും സീലിംഗിന്റെയും പണികൾ തീർന്നുകഴിഞ്ഞു. കത്തീഡ്രലിന്റെ മുഖവാരത്തിൽ സ്ഥാപിക്കാനുള്ള പ്രതിമകൾ ശില്പികൾ ചെയ്തുകൊണ്ടിരിക്കുന്നു. പുകയേറ്റു മങ്ങിയ ചുമർച്ചിത്രങ്ങളും മര ഉരുപ്പടികളും ശുചീകരിക്കുന്ന പണികൾ നടക്കുന്നു.
അതുപോലെ ചില്ലുജാലകങ്ങളുടെയും. 100 ചതുരശ്ര മീറ്റർ വലിപ്പമുള്ള നാലു ചിത്രാങ്കിത ജനാലകൾ കൊളോണിലെ കത്തീഡ്രൽവക പണിശാലയിൽ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏകദേശം 500 വിദഗ്ധ തൊഴിലാളികൾ പള്ളിക്കകത്തു ദിവസേന ജോലിചെയ്യുന്നു.
ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിലായി പുനർനിർമാണ പ്രവർത്തനങ്ങളിൽ അനേകംപേർ സഹകരിച്ചുകൊണ്ടാണിരിക്കുന്നത്. ഓർഗന്റെ പണികൾ, ചില്ലുജാലകങ്ങൾ, കല്പണികൾ, പെയിന്റിംഗുകളുടെ ശുചീകരണം, മേൽക്കൂരയുടെയും ഗോപുരത്തിന്റെയും പണികൾ, ദാരുശില്പങ്ങൾ എന്നിവയെല്ലാം വ്യത്യസ്ത നഗരങ്ങളിൽ പുരോഗമിക്കുന്നു.
ഫ്രാൻസിൽനിന്ന് ആയിരം ഓക്കുമരങ്ങളാണ് മരപ്പണികൾക്കുവേണ്ടി സംഭാവനയായി ലഭിച്ചത്. ഫ്രഞ്ച് സൂക്ഷ്മതയുടെയും പ്രാവീണ്യത്തിന്റെയും ഏറ്റവും മികച്ച പ്രതീകമായി മാറ്റാനുള്ള വെല്ലുവിളി രാജ്യത്തെ കഴിവുറ്റ കലാകാരന്മാർ ഏറ്റെടുത്തിരിക്കുകയാണ്.
പുനർനിർമാണത്തിനുവേണ്ടി ഇതിനകം 3,40,000 ദാതാക്കൾ 84 കോടി 60 ലക്ഷം യൂറോ സംഭാവന ചെയ്തിട്ടുണ്ട്. 150 രാജ്യങ്ങളിൽനിന്നായാണ് ഈ തുക ലഭിച്ചത്. ഇതുകൂടാതെയാണ് പ്രതിഫലം വാങ്ങാതെ വിദഗ്ധോപദേശം നല്കുന്നവർ. നിർമാണത്തിന്റെ എല്ലാ ഘട്ടത്തിലും പാരീസ് മെത്രാപ്പോലീത്ത ലോറെൻ ഉൾറിക്കിന്റെ മാർഗനിർദേശവുമുണ്ട്.
2024 ഡിസംബർ എട്ടിന് പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവത്തിരുനാളിന് പള്ളിയുടെ കൂദാശാകർമം നടത്താനാണ് നിർമാണക്കമ്മിറ്റി ഉദ്ദേശിക്കുന്നത്.
പള്ളിയകത്തേക്ക് ഇപ്പോൾ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. പള്ളിയുടെ നിർമാണത്തിന്റെയും പുനരുദ്ധാരണത്തിന്റെയും ചരിത്രം വിവരിക്കുന്ന ഒരു പ്രദർശനം പള്ളിമുറ്റത്തുതന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോൾ താത്കാലിക ഭദ്രാസന ദേവാലയമായി ഉപയോഗിച്ചിരിക്കുന്നത് 15-ാം നൂറ്റാണ്ടിൽ പണിയപ്പെട്ട വിശുദ്ധ ജർമാനൂസിന്റെ പള്ളിയാണ്. എന്നാൽ വൈദികപട്ടം നൽകാനും മറ്റുമായി വിശുദ്ധ സുൾപ്പീസിന്റെ പള്ളിയും ഉപയോഗിക്കുന്നു.
നോത്ര് ദാമിലെ 24 കപ്പേളകൾ നവീകരിക്കുകയാണ് ജോലിക്കാർ വലിയ വെല്ലുവിളിയായി കാണുന്നത്. അതുപോലെ വലിയ ചില്ലുജാലകങ്ങളുടെ ശുചീകരണവും (റോസ് വിൻഡോസ്). വിടർന്നുനിൽക്കുന്ന റോസാപ്പൂവിന്റെ വൃത്താകൃതിയിൽ നിർമിച്ചിരിക്കുന്ന മൂന്നു വലിയ റോസാപ്പൂ ജാലകങ്ങളാണ് നോത്ര് ദാമിലുള്ളത്.
പുകയും പൊടിയുമേറ്റ് നിറംമങ്ങിയ ഇവയെല്ലാം ശുചീകരിക്കുക അതീവ വിഷമകരമായ ജോലിയാണ്. ഫ്രാൻസിലെ ഏറ്റവും വലിയ ഓർഗനാണ് നോത്ര് ദാമിലുള്ളത്. 18-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഈ ഓർഗനിൽ എണ്ണായിരത്തിലധികം പൈപ്പുകളാണുള്ളത്. ഇതിനകം ഈ പൈപ്പുകളെല്ലാം പുതുക്കിപ്പണിതു കഴിഞ്ഞു. ഓർഗന്റെ മറ്റ് ഭാഗങ്ങളും ചട്ടക്കൂടുമൊക്കെ ഇനിയും പൂർത്തീകരിക്കാനുണ്ട്.
800 വർഷങ്ങൾ പ്രാർഥിച്ച നോത്ര് ദാമിനെ അഗ്നിജ്വാലകൾ വിഴുങ്ങുന്നത് നിസഹായരായി നോക്കിനിന്ന ഫ്രഞ്ചുകാർ പാശ്ചാത്യ ക്രൈസ്തവികതയുടെയും വിശ്വാസത്തിന്റെയും ഈ സമുജ്ജ്വല പ്രതീകത്തിന് വീണ്ടും ജീവൻ നൽകാനുള്ള ദൃഢനിശ്ചയത്തിലാണ്.
അന്യാദൃശമായ ഐക്യവും സഹകരണവുമാണ് ജനങ്ങൾ പ്രകടിപ്പിക്കുന്നത്. വിക്തോർ ഹ്യൂഗോ നോത്ര് ദാമിലെ കൂനന്റെ കഥയിലൂടെ അനശ്വരമാക്കിയ ആ മണികൾ ഇനിയും മുഴങ്ങും, ഓർഗനിൽനിന്നുള്ള സ്വരവീചികൾ ഇനിയും ഉയരും.
ബാഹ്യരൂപം പുനർനിർമിക്കുന്നതോടൊപ്പം പള്ളിയുടെ ആന്തരിക ജീവിതവും ഉയിർക്കണമെന്ന് പാരീസ് മെത്രാപ്പോലീത്ത ലോറെൻ ഉൾറിക്ക് പറഞ്ഞത് ശ്രദ്ധേയമാണ്. പ്രാർഥനയ്ക്കും ധ്യാനത്തിനും ദൈവാരാധനയ്ക്കുമായി എത്തിച്ചേരുന്നവരുടെ ആത്മീയോത്കർഷമാണ് പള്ളിയുടെ ആത്യന്തിക ലക്ഷ്യം.
അഗ്നിയിൽനിന്നുണരുന്ന ഫിനീക്സ് പക്ഷിയെപ്പോലെ പുതുജീവനിലേക്കുയരാൻ കെല്പുള്ള മനുഷ്യന്റെ ഉയർത്തെഴുന്നേല്പിന്റെ പ്രതീകംകൂടിയാണ് പുനർജനിക്കുന്ന നോത്ര് ദാം.
ജെറി ജോർജ്, ബോണ്