വാശിയല്ല, വിട്ടുവീഴ്ചയാണ് വിജയത്തിലേക്കുള്ള വഴി
Sunday, July 12, 2020 2:38 AM IST
എപ്പോഴാണു നാം വിജയിക്കുന്നത്?
അയാൾ കടുംപിടിത്തത്തിന്റെ രാജാവ്. അവൾ പിടിവാശിക്കാരിയുടെ റാണിയും. അവർ ഇരുവരും കണ്ടുമുട്ടി. പരസ്പരം പ്രേമിച്ചു. പരസ്പരം വിവാഹിതരായി. വിവാഹാഘോഷം അവർ മുൻകൂട്ടി വാങ്ങിയ വീട്ടിൽവച്ചു നടന്നു. ആഘോഷം രാത്രി വൈകുന്നതുവരെ നീണ്ടു. ബന്ധുക്കളും സ്നേഹിതരും അവരെ സമ്മാനങ്ങൾകൊണ്ടു മൂടി.
ആഘോഷത്തിനു വന്നവരൊക്കെ ഭക്ഷിച്ചും പാനംചെയ്തും സന്തോഷമായി മടങ്ങി. അപ്പോഴേക്കും നവദന്പതികൾ ക്ഷീണിച്ചവശരായിരുന്നു. അവർ രണ്ടുപേരും ലിവിംഗ്റൂമിലെ ഇരുവശങ്ങളിലുമുള്ള സോഫകളിലേക്കു വീണു. അപ്പോഴാണു വീടിന്റെ മുൻവാതിലടച്ചു കുറ്റിയിട്ടില്ലെന്ന വിവരം അയാൾ ശ്രദ്ധിച്ചത്.
‘എന്റെ പൊന്നേ,’ അയാൾ പറഞ്ഞു. ‘നീ പോയി മുൻവശത്തെ വാതിലൊന്നടച്ചേക്കൂ.’ ഉടനെ അവൾ പറഞ്ഞു. ‘ഞാൻ എന്തിനു വാതിലടയ്ക്കണം? ദിവസം മുഴുവൻ എനിക്കൊന്നിരിക്കാൻ പറ്റിയിട്ടില്ല. നിങ്ങൾതന്നെ പോയി വാതിലടച്ചേക്കൂ.’
‘അപ്പോൾ അങ്ങനെയാണു കാര്യങ്ങൾ പോകാൻ പോകുന്നത്! ’ അയാൾ തിരിച്ചടിച്ചു. ‘കൈയിൽ വിവാഹമോതിരം കിട്ടിയപ്പോഴേക്കും ഒന്നിനും കൊള്ളാത്ത അലസയായി നീ മാറി.’
‘നിങ്ങൾക്കെങ്ങനെ ധൈര്യം തോന്നി’ അവൾ ക്ഷുഭിതയായി ചോദിച്ചു. ‘നമ്മൾ വിവാഹിതരായിട്ട് ഒരു ദിവസം പൂർത്തിയായില്ല. അപ്പോഴേക്കും എന്നെ നിങ്ങൾ ചീത്തവിളിക്കാനും എന്നോട് ആജ്ഞാപിക്കാനും തുടങ്ങി.’
‘പരാതി, പരാതി’ അയാൾ മുരണ്ടു. ‘ജീവിതകാലം മുഴുവൻ ഞാൻ നിന്റെ പരാതി കേൾക്കണോ?’ ഉടനെ അവൾ ചോദിച്ചു: ‘അതുപോലെ, ഞാൻ നിങ്ങളുടെ ആവലാതികളും കുറ്റപ്പെടുത്തലുകളും കേൾക്കണോ?’
അയാൾ അപ്പോൾ മറുപടി പറഞ്ഞില്ല. വെറുതെ മിണ്ടാതിരുന്നു. അപ്പോൾ അവളും മൗനിയായി. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു: ‘മൈ ഡിയർ, നമുക്കു രണ്ടാൾക്കും എഴുന്നേറ്റുപോയി വാതിലടയ്ക്കാൻ മനസുവരുന്നില്ല. ഞാൻ ഒരു മത്സരം നിർദേശിക്കാം. ആര് ആദ്യം സംസാരിക്കുന്നുവോ ആ ആൾ പോയി വാതിലടയ്ക്കണം.’
ഉടനെ ആയാൾ പറഞ്ഞു: ‘ഇന്നു ഞാൻ ആദ്യമായി കേട്ട ഒരു നല്ലകാര്യം. ശരി, ഈ നിമിഷം നമുക്കു തുടങ്ങാം.’ അവർ രണ്ടു പേരും ഉടനെ തങ്ങളുടെ സോഫകളിൽ നിവർന്നിരുന്നു. ഒന്നും ഉരിയാടാതെ പരസ്പരം നോക്കിയിരിക്കാൻ തുടങ്ങി.
നേരം അർധരാത്രി കഴിഞ്ഞു. ആ വഴിയെ പോയ രണ്ടു കള്ളന്മാർ വാതിൽ തുറന്നുകിടന്ന വീട് ശ്രദ്ധിച്ചു. അവർ പാത്തും പതുങ്ങിയും ഉള്ളിൽ കടന്നപ്പോൾ അനങ്ങാതിരിക്കുന്ന രണ്ടു പ്രതിമകളെയാണു അവർ കണ്ടത്. വാക്സിൽ നിർമിച്ചുവച്ചിരിക്കുന്ന പ്രതിമകളാണു അവയെന്നു കരുതി മോഷ്ടാക്കൾ അവിടെ കണ്ട സമ്മാനങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും എടുക്കാൻ തുടങ്ങി.
‘എനിക്കിതു വിശ്വസിക്കാൻ സാധിക്കുന്നില്ല,’ അയാൾ മനസിൽ പറഞ്ഞു. ‘കള്ളന്മാർ എല്ലാം എടുത്തുകൊണ്ടു പോകുന്നതു കണ്ടിട്ടും അവൾ ഒന്നും മിണ്ടുന്നില്ല. ആ നിമിഷം അവളുടെ ചിന്ത പോയതു ഇപ്രകാരമായിരുന്നു. ‘ഇയാൾ എന്തൊരു മനുഷ്യൻ? കള്ളന്മാർ സാധനങ്ങൾ മോഷ്ടിക്കുന്പോൾ അയാൾ വെറുതെയിരിക്കാൻ പോവുകയാണോ?’
കൈയിൽ കൊണ്ടുപോകാവുന്നതെല്ലാം കള്ളന്മാർ എടുത്തുകൊണ്ടു പോയി. എന്നാൽ, ഭാര്യയും ഭർത്താവും ഇരുന്നിടത്തുനിന്നു അനങ്ങുകയോ മിണ്ടുകയോ ചെയ്തില്ല. നേരം വെളുക്കുന്നതിനു മുന്പ് ഡ്യൂട്ടിക്കിറങ്ങിയ പോലീസുകാരൻ ആ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതു ശ്രദ്ധിച്ചു. അയാൾ വാതിലിൽ മുട്ടിവിളിച്ചു. ആരും വിളി കേട്ടില്ല. അയാൾ അകത്തുകടന്നപ്പോൾ രണ്ടു പേർ അവിടെ ഇരിക്കുന്നതു കണ്ടു. ‘എന്തു സംഭവിച്ചു?’ പോലീസുകാരൻ ചോദിച്ചു. പക്ഷേ, രണ്ടു പേർക്കും മറുപടിയില്ല. അവർ അനങ്ങാതെ നിശബ്ദരായി ഇരുന്നു.
ഉടനെ പോലീസുകാരൻ ഭർത്താവിന്റെ ചെകിട്ടത്തടിക്കാൻ ആഞ്ഞു. ‘തൊട്ടുപോകരുത്?’ അവൾ അലറി. ‘ഇതെന്റെ ഭർത്താവാണ്. ’ അപ്പോൾ അയാൾ ചാടി എണീറ്റു കൈകൾ കൊട്ടിക്കൊണ്ടു പറഞ്ഞു ‘ഞാൻ വിജയിച്ചു. നീ പോയി വേഗം വാതിലടയ്ക്കൂ.’
ആരുടെയോ ഭാവന ജന്മം നൽകിയ ഒരു കഥയാണിത്. ഈ കഥയിൽ അതിശയോക്തി ഏറെ ഉണ്ടെന്നു നമുക്കു തോന്നാം. അതു ശരിയുമാണ്. എന്നാൽ, ചിലപ്പോഴെങ്കിലും ചിലരുടെ ജീവിതത്തിൽ സംഭവിക്കുന്നത് ഇതിലും അതിശയോക്തിപരമാകാം. അതിന്റെ കാരണമോ? കടുംപിടിത്തവും പിടിവാശിയും മാത്രം.
താൻ പിടിച്ച മുയലിനു മൂന്നു കൊന്പ് എന്നല്ലേ കടുംപിടിത്തക്കാരുടെയും പിടിവാശിക്കാരുടെയുമൊക്കെ മനഃസ്ഥിതി. ഏതെങ്കിലും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അവരുടെ ദുർവാശി സമ്മതിക്കുമോ? വിജയം എന്നത് അവരെ സംബന്ധിച്ചിടത്തോളം അവർ വിചാരിക്കുന്നതുപോലെ നടക്കണം എന്നതല്ലേ.
മുകളിലത്തെ കഥയിലേക്കു മടങ്ങിവരട്ടെ. വെറുതെ ഓരോന്നു പറഞ്ഞ് അവർ കടുംപിടിത്തത്തിലേക്കും പിടിവാശിയിലേക്കും എത്തിയതല്ലേ? അങ്ങനെ ചെയ്യുന്നതുവഴി ജീവിതത്തിൽ വിജയിക്കാമെന്നല്ലേ അവർ കരുതിയത്. എന്നാൽ, അതുവഴി ഉണ്ടായ നഷ്ടം എത്രയോ ഭീകരമായിരുന്നു.
എപ്പോഴാണു നാം ജീവിതത്തിൽ വിജയിക്കുന്നത്? അത് നാം സഹകരിച്ചും പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ചകളും ത്യാഗങ്ങളും സഹിച്ചും ജീവിക്കുന്പോഴല്ലേ. പ്രത്യേകിച്ചു കുടുംബജീവിതത്തിന്റെയും കുടുംബബന്ധങ്ങളുടെയുമൊക്ക കാര്യത്തിലായാലും സ്ഥിതി വിഭിന്നമല്ലല്ലോ. ശരിയായ വിജയത്തിനുള്ള വഴി കടുംപിടിത്തവും പിടിവാശിയുമല്ല എന്നതു നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ