അ​ൽ​പം ഐ​സ് എ​ടു​ക്ക​ട്ടേ?
രാ​വി​ലെ ഉ​റ​ക്ക​മെ​ണീറ്റ് പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ തു​റ​ക്കു​ന്പോ​ൾ ക​ൺ​പീ​ലി​ക​ൾ ഐ​സ് മൂ​ടു​ന്ന അ​നു​ഭ​വം. ഒാ​ർ​ക്കു​ന്പോ​ൾ കൊ​തി തോ​ന്നു​ന്നു​ണ്ടോ. റ​ഷ്യ​യി​ലെ ഒ​യ്മ്യാ​കോ​ണ്‍ എ​ന്ന ഗ്രാ​മ​മാ​ണ് ത​ണു​പ്പ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ഇ​വി​ടെ​യാ​ണ് മ​നു​ഷ്യ​വാ​സ​മു​ള്ള സ്ഥ​ല​ത്ത് ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യാ​ൽ മ​ഞ്ഞി​ൽ മൂ​ടി​പ്പോ​കു​ന്ന ഈ ​ഗ്രാ​മ​ത്തി​ൽ ആ​ർക്കും മു​ഖാ​വ​ര​ണം അ​ണി​യാ​തെ പു​റ​ത്തി​റ​ങ്ങാ​നാ​വി​ല്ല.

ക​ണ്ണി​ലെ ഇ​മ​ക​ൾ വ​രെ ത​ണു​ത്തു​റ​യു​ന്ന ത​ണു​പ്പാ​ണ് ഒ​യ്മ്യാ​കോ​ണി​ൽ‍. മൈ​ന​സ് 71 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​ണ് നി​ല​വി​ലെ റെ​ക്കോ​ഡ്. വെ​റും 500 പേ​രാ​ണ് ഇ​വി​ടത്തെ സ്ഥി​രതാ​മ​സ​ക്കാ​ർ. ത​ണു​ത്തു​റ​ഞ്ഞ മീ​നു​ക​ൾ, റെ​യ്ൻ ഡി​യ​റി​ന്‍റെ ത​ണു​ത്തു​റ​ഞ്ഞ ക​ര​ൾ, കു​തി​ര​യു​ടെ ര​ക്തം ത​ണു​ത്തു​റ​ഞ്ഞ​ത് ഇ​വ​യൊ​ക്കെ ആ​ണ് സാ​ധാ​ര​ണ ഭ​ക്ഷ​ണം.

ആ​രെ​ങ്കി​ലും മ​രി​ച്ചാ​ൽ സം​സ്ക​രി​ക്ക​ണ​മെ​ങ്കി​ൽ ആ​ദ്യം ഐ​സ് മൂ​ടി​ക്കി​ട​ക്കു​ന്ന മ​ണ്ണി​ൽ തീ​യി​ട​ണം. എ​ന്നി​ട്ടു വേ​ണം മ​ണ്ണ് കു​ഴി​ക്കു​വാ​ൻ. വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​ൻ ഓ​ഫ് ചെ​യ്യാ​റി​ല്ല. ഓ​ഫ് ചെ​യ്താ​ൽ ബാ​റ്റ​റി ന​ശി​ക്കു​ക​യും സ്റ്റാ​ർ​ട്ട് ആ​കാ​തെ വ​രി​ക​യും ചെ​യ്യു​ന്നു. ത​ണു​ത്തു​റ​ഞ്ഞ മ​ഞ്ഞി​ന​ടി​യി​ൽ ഉ​ള്ള വെ​ള്ള​ത്തി​ലെ മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന​തും റെ​യി​ൻ ഡി​യ​റു​ക​ളെ വേ​ട്ട​യാ​ടു​ന്ന​തിനുമൊ​ക്കെ ധാ​രാ​ളം വി​ദേ​ശി​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്നു.

സോനു തോമസ്