അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളും അദ്ദേഹത്തിന് മക്കൾ ഒരുക്കിക്കൊടുത്തിട്ടുണ്ട്. ‘എന്താ അപ്പച്ചാ സുഖമാണോ’ എന്ന ചോദ്യത്തിനു ലഭിച്ച മറുപടി ഏറെ ചിന്ത നൽകുന്നുണ്ട്. ’ ഇരുന്നും കിടന്നും ചിന്തിച്ചും ഒരു വിധം ദിവസങ്ങൾ തള്ളിനീക്കുന്നു.
ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ മദർ തെരേസയോട് പ്രാർത്ഥനയുടെ അർത്ഥം എന്താണെന്ന് ചോദിച്ചു. കൈക്കുന്പിളിൽ ജപമാല മുറുകെപ്പിടിച്ച് മദർ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു: ‘ഞാൻ ദൈവത്തെ നോക്കും. ദൈവം എന്നെയും. ഞങ്ങൾ പരസ്പരം പുഞ്ചിരിക്കും’.
മദർ തെരേസയുടെ വാക്കുകൾ ചെറുതെങ്കിലും ഇതിന്റെ അർത്ഥവ്യാപ്തി എത്രയോ വലുതാണ്. ജീവിതത്തിലെ എല്ലാ അശാന്തികൾക്കും ആശ്വാസമാണ് കളങ്കമില്ലാത്ത ഒരു പുഞ്ചിരി. ഒരു പുഞ്ചിരി സമ്മാനിക്കുന്ന സമാധാനം ഏറെ വലുതാണ്. പുഞ്ചിരി സൗഹൃദമാണ്, സ്നേഹത്തിൽ സ്ഫുടം ചെയ്ത ബന്ധമാണ്.
ദൈവവുമായുള്ള ഐക്യത്തിൽ ആനന്ദം അനുഭവിക്കാൻ സാധിക്കുന്നവർക്കു മാത്രമേ മറ്റുള്ളവരുമായുള്ള ബന്ധത്തിലും ആനന്ദം കണ്ടെത്താൻ കഴിയുകയുള്ളു. ഇക്കാലത്തെ എത്രയോ വീടുകളിൽ അംഗങ്ങൾ പരസ്പരം നോക്കി പുഞ്ചിരിക്കാൻ മനസില്ലാത്തവരായുണ്ട്. എത്രയോ വീടുകളിൽ ഉറ്റവരുടെ ഒരു പുഞ്ചിരി കാണാൻ കൊതിക്കുന്നവരുണ്ട്.
ദൈവസ്നേഹത്തിൽ സമാധാനം അനുഭവിക്കാൻ കഴിയുന്പോൾ മാത്രമാണ് കളങ്കമില്ലാതെ പുഞ്ചിരിക്കാനും അതു വഴി മറ്റുള്ളവർക്ക് സമാധാനം പകരാനും കഴിയൂ. കാപട്യമില്ലാതെ സ്വയം സമർപ്പിതനായി കുറവുകൾ തുറന്നുപറഞ്ഞ് നാം ദൈവതിരുമനസിലേക്കു നോക്കുന്പോൾ അവിടുന്നു നമ്മെ നോക്കി പുഞ്ചിരിക്കും. അപ്പോൾ ആ സ്നേഹവും കരുതലും കൃപയും ആനന്ദവും അനുഭവിച്ചറിയാൻ നമ്മുക്കു സാധിക്കും.
പ്രാർത്ഥന സമയം പാഴാക്കലല്ല, കർമം തീർക്കലുമല്ല. നമ്മെ നോക്കുന്ന ദൈവത്തെ സ്നേഹപൂർവം നോക്കി പുഞ്ചിരിക്കാൻ ഹൃദയശുദ്ധിയുള്ളവർക്കേ സാധിക്കൂ. ഒരു മനുഷ്യനെ തകർക്കുന്ന ഏറ്റവും വലിയ രോഗമേതാണെന്നു മദർ തെരേസയോടു ചോദിച്ചപ്പോൾ സ്നേഹിക്കാൻ ആരുമില്ലായെന്ന തോന്നലാണ് ഏറ്റവും വലിയ ദുഃഖം എന്നതായിരുന്നു മദറിന്റെ ഉത്തരം. ഹൃദയത്തിൽ സ്നേഹമില്ലാതെ, ഒൗദാര്യമുള്ള കൈകളില്ലാതെ ഏകാന്തതയിൽ സഹിച്ചുകൂട്ടുന്ന മനുഷ്യനെ സുഖപ്പെടുത്തുക അസാധ്യമാണെന്നും മദർ പറഞ്ഞു.
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളും അദ്ദേഹത്തിന് മക്കൾ ഒരുക്കിക്കൊടുത്തിട്ടുണ്ട്. ‘എന്താ അപ്പച്ചാ സുഖമാണോ’ എന്ന ചോദ്യത്തിനു ലഭിച്ച മറുപടി ഏറെ ചിന്ത നൽകുന്നുണ്ട്. ’ ഇരുന്നും കിടന്നും ചിന്തിച്ചും ഒരു വിധം ദിവസങ്ങൾ തള്ളിനീക്കുന്നു.
ഭക്ഷണത്തിനും സൗകര്യത്തിനുമൊന്നും ഇവിടെ യാതൊരു കുറവുമില്ല. ഒന്നു മിണ്ടാനും പറയാനും ചിരിക്കാനും മക്കളും കൊച്ചുമക്കളും ഇതിനുള്ളിലേക്ക് വരാറില്ലെന്ന ദുഃഖമേയുള്ളു. മനുഷ്യരോടല്ലേ മനുഷ്യനു മിണ്ടാനും പറയാനും പറ്റൂ.’
ബന്ധങ്ങൾ ബന്ധനങ്ങളായതോടെ ഒട്ടേറെ കുടുംബങ്ങളിൽ ഒട്ടേറെ വ്യക്തികൾ ഒരോ മുറികളിൽ ഒറ്റപ്പെട്ടു കഴിയുന്നുണ്ട്. കാണപ്പെട്ട ദൈവങ്ങളായ വൃദ്ധമാതാപിതാക്കൾക്കു മുന്നിൽ ഒരു പുഞ്ചിരിയും ഒരു തലോടലും സമ്മാനിക്കാനായാൽ അതിന്റെ ധന്യതയും പവിത്രയും എത്രയോ വലുതാണ്.
പി.യു. തോമസ്, നവജീവൻ