ഉപ്പു കഴിക്കാം പക്ഷേ, "ഉപ്പിലിട്ടു' കഴിക്കരുത്
Sunday, September 8, 2019 1:56 AM IST
ഉപ്പും കൊളസ്ട്രോളും
ഉപ്പും കൊളസ്ട്രോളും തമ്മിൽ ബന്ധമില്ല. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനു പുറമേ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലായി എത്തുന്നത്. പക്ഷേ, ബിപിയുള്ളവർക്കു മിക്കപ്പോഴും കൊളസ്ട്രോളും കൂടുതലായിരിക്കും.
സ്ട്രോക്കും ഉപ്പും
സർവേകൾ പ്രകാരം സ്ട്രോക്ക് ഇപ്പോൾ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത്. സ്ട്രസ്, നിയന്ത്രിതമല്ലാത്ത രക്തസമ്മർദം, അമിതവണ്ണം, മരുന്നുകൾ കൃത്യസമയത്തു കഴിക്കാത്ത അവസ്ഥ... ഇതെല്ലാം അടുത്തകാലത്തായി സ്ത്രീകളിൽ സ്ട്രോക്സാധ്യത വർധിപ്പിച്ചിരിക്കുന്നു. ഉപ്പ് അധികമായാൽ ബിപി കൂടും. ബിപിയും സ്ട്രോക്കും തമ്മിൽ ബന്ധമുണ്ട്. അതിനാൽ എല്ലാവരും ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.
അയഡിൻ ചേർത്ത ഉപ്പ്
അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്. വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്. സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്ട്രോൾ പ്രോഗ്രാം. അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിന്റെ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.
വറുത്തതു ശീലമാക്കരുത്
എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങൾ പതിവായി കഴിക്കരുത്.