മാമാങ്കം ഇമോഷണൽ ത്രില്ലർ: വേണു കുന്നപ്പള്ളി
Sunday, September 22, 2019 2:40 AM IST
മാമാങ്കത്തിന്റെ നിർമാതാവിന്റെ റോളിലേക്ക് അവിചാരിതമായി എത്തിയ ആളാണ് വേണു കുന്നപ്പള്ളി. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ സിനിമയിലേക്ക് വഴി തെറ്റിവന്നയാൾ. സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുള്ള വേണുവിനു സിനിമയെക്കുറിച്ചും, അതിന്റെ ഗുണനിലവാരത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. മമ്മൂട്ടിയെ നായകനാക്കിയ മാമാങ്കത്തിൽ കൂറ്റൻ സെറ്റുകളൊരുക്കി രാജ്യത്തെ മികച്ച സിനിമ സാങ്കേതിക വിദഗ്ധരെ അണിനിരത്തി ചരിത്രത്തെ പുനഃസൃഷ്ടിക്കുകയാണ് ഈ നിർമ്മാതാവ്. മാമാങ്കവുമായി പ്രേക്ഷകർക്കു മുന്നിലെത്തും മുന്‍പ് തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് വേണു കുന്നപ്പള്ളി സംസാരിക്കുന്നു.
മാമാങ്കം ഒരു ചരിത്രസിനിമ
സംഘട്ടനം അനിവാര്യമായ ഒരു ചിത്രമാണ് മാമാങ്കം. ഇതൊരു ഇമോഷണൽ ത്രില്ലറാണ്. സാമൂതിരിയെ കൊലപ്പെടുത്തുക അല്ലെങ്കിൽ വെട്ടിമരിക്കുക എന്ന ലക്ഷ്യവുമായി പക ആചാരമായി കണ്ട ചാവേറുകളുടെ, അവരുടെ കുടുംബത്തിന്റെ, പ്രതികാരത്തിന്റെ കഥയാണ്. ചരിത്രത്തോടു നൂറുശതമാനവും നീതി പുലർത്തുന്ന സിനിമയാണിത്. ചരിത്ര പശ്ചാത്തലം വിവരിക്കാൻ ഒന്നര മിനിട്ട് വോയ്സ് ഓവർ നൽകുന്നുണ്ട്. 14-ാം നൂറ്റാണ്ടിലാണ് മാമാങ്കത്തിനു രക്തത്തിന്റെ നിറം വന്നു തുടങ്ങിയത്. ചാവേറുകളാവേണ്ടി വരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടവീര്യവും അവർക്ക് ഉറ്റവരുമായുള്ള വൈകാരിക ബന്ധവുമാണ് ഇതിവൃത്തം. ആദ്യമൊക്കെ സാമൂതിരിയെ കൊല്ലാൻ ആയിരക്കണക്കിനു ചാവേറുകളാണ് എത്തിയിരുന്നെങ്കിൽ പിന്നീട് ഒന്നോ രണ്ടോ പേർ മാത്രമായി ചുരുങ്ങി. നമ്മുടെ കഥ നടക്കുന്പോൾ മൂന്നു പേരാണ് എത്തുന്നത്. തലമുറകളിലേക്ക് ഈ ആചാരം വായ്മൊഴികളായി കൈമാറ്റപ്പെടുന്നു.
ചിത്രീകരണത്തിലെ വെല്ലുവിളികൾ
140 ദിവസംകൊണ്ട് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു മാമാങ്കത്തിന്റെ ചിത്രീകരണം.കണ്ണൂർ, അതിരപ്പിള്ളി, ഒറ്റപ്പാലം, വാഗമണ്‍, കളമശേരി തുടങ്ങിയവയായിരുന്നു ലൊക്കേഷനുകൾ. ഒരു പീരിയോഡിക് ചിത്രമായതിനാൽ, ആ കാലഘട്ടത്തെ പുനരാവിഷ്കരിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. വസ്ത്രധാരണ രീതി മുതൽ എല്ലാ കാര്യങ്ങളും മനസിലാക്കുന്നതിനു ഗവേഷണം നടത്തി. സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നത് നെട്ടൂരിലെ 18 ഏക്കർ ഭൂമിയിലാണ്. പത്തുകോടിയിലേറെ രൂപ ചെലവിൽ രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നു മാസം കൊണ്ടു നിർമ്മിച്ച കൂറ്റൻ സെറ്റ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്. അതിനായി 10 ടണ്‍ സ്റ്റീൽ, രണ്ടായിരം ക്യുബിക് മീറ്റർ തടി തുടങ്ങിയവ ഉപയോഗിച്ചിട്ടുണ്ട്. 300 വർഷം മുന്‍പത്തെ കാലഘട്ടം നിർമ്മിക്കുന്നതിനായി മുള, പനയോല, പുല്ല്, കയർ, തുടങ്ങിയവയും ടണ്‍ കണക്കിന് ഉപയോഗിച്ചു. 350 കടകളുള്ള വ്യാപാര കേന്ദ്രം, അവിടുള്ള സാധന സാമഗ്രികൾ, മാമാങ്കത്തിലെ പ്രധാന വേദിയായ നിലപാടുതറ, ക്ഷേത്രം, ഭക്ഷണശാല തുടങ്ങിയവ ഒരുക്കി. അന്നത്തെ ഭാഷ പോലും ഉപയോഗിച്ചിട്ടുണ്ട്. 40 ദിവസം നീണ്ടു നിൽക്കുന്ന അവസാന പാദ ചിത്രീകരണം പൂർണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലായിരുന്നു. ഇതിനായി പ്രതിദിനം 2000 ലിറ്റർ വിളക്കെണ്ണയാണ് ഉപയോഗിച്ചത്. നെട്ടൂരിലെ അവസാന ഘട്ട ചിത്രീകരണത്തിൽ 3000 ആളുകൾ വരെ പങ്കെടുത്തു.
വലിയ മുതൽ മുടക്ക്
മാമാങ്കത്തിന്റെ ആദ്യഘട്ടത്തിൽ 13 കോടിയാണ് നഷ്ടപ്പെട്ടത്. ഒന്നെങ്കിൽ നഷ്ടപ്പെട്ട 13 കോടി പോകട്ടെ എന്നു വിചാരിച്ചു കടന്നുപോകാമായിരുന്നു. സുഹൃത്തുക്കളും അടുത്തറിയാവുന്നവരും ഉപദേശിച്ചതുമാണ്. എന്നാൽ പിന്നീട് എന്റെ ജീവിതത്തിൽ മലയാളസിനിമയിൽ 13 കോടി നഷ്ടപ്പെടുത്തി പോയവൻ എന്നായിരിക്കും കേൾക്കുന്നത്. അതു ഞാൻ ഇഷ്ടപ്പെടുന്നില്ല. വരുന്നിടത്തുവച്ചു കാണാം എന്ന എന്റെ തീരുമാനമാണ് മാമാങ്കം. ജീവിതത്തിൽ ചലഞ്ചില്ലാത്ത കാലഘട്ടമില്ല. സിനിമയുടെ പൂർണതയ്ക്കു വേണ്ടി പണം മുടക്കേണ്ടി വന്നതുകൊണ്ടു മാത്രമാണു രണ്ടാം ഘട്ടത്തിൽ ബജറ്റ് ഉയർന്നത്.
നായകനായി മമ്മൂട്ടി
രണ്ടു കാലഘട്ടങ്ങളിലായി, മൂന്ന് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചാവേർ തലവന്റെ വേഷത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം ഹിറ്റായി. ചരിത്രപുരുഷനായി മമ്മൂട്ടി വരുന്പോൾ എന്നും ജനം ഇരുകൈയും നീട്ടി സ്വീകരിച്ച ചരിത്രമാണ് മലയാള സിനിമയ്ക്കുള്ളത്. അത്ര കഴിവും അഭിനയവുമുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹം എപ്പോഴും പിന്തുണയുമായി കൂടെയുണ്ടായിരുന്നു.
അണിയറയിൽ
സിനിമയുടെ ക്യാപ്റ്റനാണ് സംവിധായകൻ. എം. പത്മകുമാറിന്റെ പരിചയസന്പത്ത് എത്രമാത്രം പ്രയോജനപ്പെട്ടുവെന്നു മനസിലായതു സിനിമയുടെ ചിത്രീകരണവേളയിലാണ്. അനുഭവസന്പത്ത് വലിയ കാര്യമാണ്. മലയാള സിനിമയിലെ സീനിയർ സംവിധായകരെ നമ്മൾ ഇഷ്ടപ്പെടുന്നതും അതുകൊണ്ടാണ്. ദംഗൽ, കൃഷ് 3 തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ശ്യാം കൗശലാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പശ്ചാത്തല സംഗീതം സഞ്ജിത് ബൽഹാര. ശങ്കർ രാമകൃഷ്ണന്റേതാണ് തിരക്കഥ. ഒരു താരാട്ട് പാട്ട് അടക്കം മൂന്നു ഗാനങ്ങൾ ഒരുക്കിയത് എം.ജയചന്ദനാണ്. യേശുദാസ്, വിദ്യാധരൻ മാസ്റ്റർ, ബോംബെ ജയശ്രീ, ശ്രേയ ഘോഷാൽ എന്നിവരാണ് ഗായകർ. ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്ലാൻ, കനിഹ, അനു സിത്താര, സിദ്ധിഖ്, നീരജ് മാധവ് തുടങ്ങിയ അന്‍പതോളം താരങ്ങൾ അണിനിരക്കുന്നു. കാവ്യ ഫിലിം കന്പനിയുടെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
സിനിമയുമായി ബന്ധം
എറണാകുളം വൈപ്പിൻ അയ്യന്പിള്ളി സ്വദേശിയാണ് ഞാൻ. 30 വർഷമായി ദുബായിൽ താമസിക്കുന്നു. വളരെ കുറച്ച് സിനിമ കാണുന്നയാളാണ്. ആകസ്മികമായാണ് സിനിമ നിർമാണത്തിലേക്ക് എത്തിയത്. ദുബായി, യുകെ, ദക്ഷിണാഫ്രിക്ക, ലണ്ടൻ എന്നീ രാജ്യങ്ങളിലായി കണ്‍സ്ട്രക്ഷൻ, ഓയിൽ മാനുഫാക്ചറിംഗ്, ടെക്സ്റ്റയിൽസ് തുടങ്ങിയ ബിസിനസ് ചെയ്തു വരികയാണ്. പ്രിയയാണ് ഭാര്യ. മക്കൾ കാവ്യ, കാശി. മുന്‍പ് ഒരു ഹോളിവുഡ് ചിത്രവും നിർമ്മിച്ചിരുന്നു. ആഫ്റ്റർ മിഡ്നൈറ്റ് എന്ന ചിത്രം 2020 ഫെബ്രുവരിയിൽ ഇന്ത്യയിൽ പ്രദർശനത്തിനെത്തും.
റിലീസിംഗ്
വേൾഡ് വൈഡ് റിലീസിന് അനുമതി കിട്ടിയ മാമാങ്കം രണ്ടായിരത്തിൽ അധികം സ്ക്രീനുകളിലാണ് റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. വിഎഫ്എക്സ് ജോലികൾ അവസാന ഘട്ടത്തിലാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നവംബറിൽ ചിത്രം തിയറ്ററിലെത്തും.
ജോണ്സണ് വേങ്ങത്തടം