മൂത്തോൻ നൽകിയ കരുത്ത്
Sunday, November 10, 2019 2:51 AM IST
പുതിയ ചിത്രം മൂത്തോനെക്കുറിച്ച് നൂറു നാവാണ് നടൻ നിവിൻ പോളിക്ക്. തന്റെ കരിയറിൽ തന്നെ ഒരു ചിത്രത്തിനായി ഇത്രയും വലിയ തയാറെടുപ്പും കാത്തിരിപ്പും ഉണ്ടായിരുന്നില്ല എന്ന് നിവിൻ പോളി പറയുന്നു. “നടൻ എന്ന നിലയിൽ മൂത്തോൻ എനിക്കു കരുത്ത് പകരുന്നുണ്ട്. ഏകദേശം മൂന്നു വർഷത്തോളമുള്ള സഞ്ചാരമായിരുന്നു ഈ ചിത്രത്തിനു വേണ്ടി. കഥാപാത്രത്തിനായുള്ള തയാറെടുപ്പും ഷൂട്ടിംഗ് അനുഭവവും പിന്നീട് ടൊറന്റോ അടക്കമുള്ള ചലച്ചിത്ര മേളകളുമൊക്കെ എനിക്ക് പുതിയൊരു അനുഭവമായിരുന്നു” നിവിൻ പോളി കൂട്ടിച്ചേർക്കുന്നു...
കരിയറിൽ തന്നെ വ്യത്യസ്തമായ അനുഭവമായിരുന്നല്ലോ മൂത്തോൻ ?
വളരെ ഇന്ററസ്റ്റിംഗായ ഒരു തിരക്കഥയായിരുന്നു മൂത്തോന്റേത്. ചിത്രത്തിലെ അക്ബർ പോലൊരു കഥാപാത്രം ഞാൻ മുന്പ് ചെയ്തിട്ടില്ല. അതിനാൽ എനിക്കും വളരെ ചലഞ്ചിംഗായി തോന്നിയിരുന്നു. പിന്നെ, വേറിട്ടൊരു എക്സിപീരിയൻസായിരുന്നു മൊത്തത്തിൽ ഈ ചിത്രം. ആക്ടിംഗ് ക്ലാസുകളും കഥാപാത്രത്തിനായുള്ള മേക്കപ്പും ഷൂട്ടിംഗ് തുടങ്ങിയതിനു ശേഷമുള്ള എക്സ്പീരിയൻസുമെല്ലാം തന്നെ പുതിയ അനുഭവമായിരുന്നു. ലക്ഷദ്വീപ് - മലയാള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. അതും ഞാൻ ആദ്യമായി പറയുകയായിരുന്നു. പിന്നീട് ടൊറന്റോ അടക്കം ലോകോത്തര ഫിലിം ഫെസ്റ്റിവലുകളിൽ ഇടം നേടിയതൊക്കെ വളരെ സന്തോഷം നൽകുന്ന കാര്യമായിരുന്നു.
കഥാപാത്രത്തിനു വേണ്ടി വളരെ തയാറെടുപ്പ് നടത്തിയിരുന്നല്ലോ ?
അക്ബർ എന്ന കഥാപാത്രത്തിനു വേണ്ടി വണ്ണം കൂട്ടിയുള്ള ശരീരഭാഷ വേണം എന്ന് ആദ്യമേ സംവിധായിക ഗീതു മോഹൻദാസ് പറഞ്ഞിരുന്നു. നാൽപത് വയസിനു മുകളിൽ പ്രായം തോന്നിക്കേണ്ടതുണ്ട്. അതിനായി ഭക്ഷണമൊക്കെ കൂടുതൽ കഴിച്ച് വർക്കൗട്ടൊക്കെ ഒഴിവാക്കി. പിന്നീട് ഷൂട്ടിംഗൊക്കെ കഴിഞ്ഞെങ്കിലും ശരീരഭാരം കുറയ്ക്കാൻ കുറച്ചു പാടുപെട്ടു. എങ്കിലും നമ്മൾ എടുത്ത എഫർട്ട് ഈ സിനിമയിലൂടെ കണ്ടപ്പോൾ വളരെ അഭിമാനം തോന്നി.

സംവിധായികയായി ഗീതു മോഹൻദാസും കാമറമാനായി രാജീവ് രവിയും അവർക്കൊപ്പമുള്ള വർക്കിനെക്കുറിച്ച് ?
അഭിനേതാക്കൾക്ക് പരീക്ഷണങ്ങൾക്കും പുതുമകൾക്കും ഇടം നൽകുന്ന സംവിധായകർ കുറവാണ്. അത്തരത്തിൽ വളരെ വ്യത്യസ്തത തേടുന്ന സംവിധായികയാണ് ഗീതു മോഹൻദാസ്. സിനിമയോടുള്ള അവരുടെ സമീപനവും വേറിട്ടതാണ്. തന്റെ സിനിമയിൽ മുഴുവനായി ഇറങ്ങിച്ചെന്ന് ഓരോ കഥാപാത്രത്തിൽ നിന്നും ഇന്നത് വേണം എന്നു ഡിമാൻഡ് ചെയ്യുന്ന സംവിധായികയാണ് അവർ. അതാണ് മൂത്തോന്റെ റിസൾട്ടായി ഇന്നു തിയറ്ററിൽ കാണുന്നതും.
രാജീവ് രവിക്കൊപ്പം വർക്ക് ചെയ്യാൻ എല്ലാവരും ഇഷ്ടപ്പെടുന്നതാണ്. ബഹളങ്ങളൊന്നുമില്ലാതെ വളരെ ഈസിയായി വർക്ക് ചെയ്യാൻ സാധിക്കുന്ന, നമ്മളിലൊരാളായി മാറുന്ന വ്യക്തിയാണ് രാജീവ് രവി. അദ്ദേഹത്തിനൊപ്പം ഇപ്പോൾ തുറമുഖം എന്ന ചിത്രം ചെയ്തു. രണ്ടു ചിത്രങ്ങളുടെ ഭാഗമായി കുറേ നാളായി ഇരുവരുടേയും ക്യാന്പിലായിരുന്നു ഞാനും. അതു നൽകിയ പാഠങ്ങളും പഠനങ്ങളും വളരെ വലുതാണ്.
മലയാള സിനിമയ്ക്കു തന്നെ മൂത്തോൻ അഭിമാനമായി മാറുകയാണല്ലോ ?
തീർച്ചയായും. ലോകത്തിനു മുന്പിൽ മലയാളത്തിൽ നിന്നും ഒരു സിനിമ അംഗീകരിക്കപ്പെടുന്പോൾ അതു മൊത്തം മലയാള സിനിമയ്ക്കാണ് പേരും പെരുമയും നൽകുന്നത്. നമ്മുടെ സിനിമയിലേക്ക് കൂടുതൽ ലോക ശ്രദ്ധ ഇത്തരം സിനിമകൾ നൽകും. മൂത്തോൻ ലോകത്തിനു മുന്പിൽ അംഗീകരിക്കപ്പെടുന്പോൾ അതിന്റെ ഭാഗമായി നിൽക്കുന്നതിലുള്ള ചാരിതാർത്ഥ്യം വളരെ വലുതാണ്.
ടൊറന്റോ ഫിലിം ഫെസ്റ്റിവൽ വേദിയിലെ അനുഭവങ്ങൾ ഓർക്കന്പോൾ ?
ഞാൻ ആദ്യമായാണ് ഒരു അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ പോകുന്നത്. മറക്കാനാവാത്ത വലിയ ഒരു അനുഭവമായിരുന്നു അത്. നിരവധി ലോകോത്തര സംവിധായകരും ചലച്ചിത്ര പ്രവർത്തകരും സിനിമയെ ഇഷ്ടപ്പെടുന്നവരുമടങ്ങിയ വലിയ സദസിനു മുന്നിൽ നമ്മുടെ സിനിമയുമായി നിൽക്കാൻ സാധിച്ചതും അവർക്കൊപ്പം സമയം പങ്കിടാൻ കഴിഞ്ഞതും ജീവിതത്തിലെ അനുഗ്രഹങ്ങളിലൊന്നായാണ് കാണുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലിലും സ്പെയിനിലെ വല്ലഡോളിഡ് ചലച്ചിത്ര മേളയിലും ഇതിനോടകം ചിത്രം പ്രദർശിപ്പിച്ചു കഴിഞ്ഞു.

തുറമുഖത്തിന്റെ വിശേഷങ്ങൾ എന്തൊക്കെയാണ്?
തുറമുഖം പൂർത്തിയാക്കി. വലിയൊരു കാലഘട്ടത്തിലൂടെ ഒരു ദേശത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും തുറമുഖവും തിയറ്ററിൽ നൽകാൻ പോകുന്നത്. ഞാനും രാജീവ് രവിയും എൻ.എൻ പിള്ള സാറിന്റെ ബയോപിക്കാണ് ആദ്യം പ്ലാൻ ചെയ്തിരുന്നത്. പിന്നീടാണ് തുറമുഖത്തിലേക്ക് എത്തുന്നത്. പ്രശസ്തമായ ഒരു നാടകത്തിൽ നിന്നുമാണ് തുറമുഖം ഒരുക്കിയിരിക്കുന്നത്. ഞങ്ങളുടെ ചർച്ചയിലേക്ക് ഈ നാടകം എത്തുകയും അങ്ങനെ നമുക്കിത് ചെയ്യാം എന്നു തീരുമാനിക്കുകയുമായിരുന്നു.
ലൗവ് ആക്ഷൻ ഡ്രാമയുടെ വിജയത്തെക്കുറിച്ച് ?
ഫെസ്റ്റിവൽ സീസണിൽ ഹ്യൂമറിനു പ്രാധാന്യം ഒരുക്കി തയാറാക്കിയ ചിത്രമായിരുന്നു അത്. ലൗവ് ആക്ഷൻ ഓണക്കാലത്ത് വലിയ വിജയം നേടിയതിലും സന്തോഷമുണ്ട്. നമ്മൾ എന്താണോ ഉദ്ദേശിച്ചത് അത് ചിത്രത്തിനു ലഭിച്ചു. അതു കൂട്ടുകെട്ടിന്റെ വിജയം കൂടിയാണ്.
50 കോടി ക്ലബിലേക്ക് മൂന്നാം ചിത്രവും ഇടം നേടിയതിനെ എങ്ങനെ കാണുന്നു ?
ഓരോ സിനിമയും സാന്പത്തിക വിജയം ഉണ്ടാക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഒരു സിനിമ പ്രേക്ഷകർ ഇഷ്ടപ്പെടുകയും കൂടുതൽ തവണ കാണുകയും ചെയ്യുന്പോഴാണ് വലിയ വിജയമുണ്ടാകുന്നത്. അത്തരം വിജയങ്ങൾ നാഴികക്കല്ലുകളാണ്. വലിയ വിജയങ്ങളും ക്ലബ് നേട്ടവുമൊക്കെ കരിയറിൽ ഉണ്ടെന്നതു വലിയ സന്തോഷമുള്ള കാര്യമാണ്.
പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ് ?
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം പൂർത്തിയാക്കി. നടൻ സണ്ണി വെയ്ൻ നിർമിക്കുന്ന പടവെട്ട് എന്ന ചിത്രമാണ് അടുത്തതായി ചെയ്യുന്നത്. അതിന്റെ ഫൈനൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇടക്കാലത്ത് അഭിനയിച്ച സിനിമകളിൽ തടി കൂടി എന്നുള്ള വിമർശനങ്ങളോട് ?
അത് വളരെ സത്യസന്ധമായ വിമർശനമായിരുന്നു. അതിനെ വളരെ ഗൗരവ പൂർവം കാണുകയും ശരീര ഭാരം കുറയ്ക്കാനുമുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. മിഖായേലിൽ നിന്നും ലൗവ് ആക്ഷൻ ഡ്രാമയിലേക്ക് എത്തിയപ്പോഴേക്കും ശരീര ഭാരം കുറച്ചിരുന്നു. ഇപ്പോഴും അതിനുള്ള വർക്കൗട്ട് ചെയ്യുന്നുണ്ട്.
ലിജിൻ കെ. ഈപ്പൻ