പരസ്പര വിശ്വാസം
Sunday, November 29, 2020 3:49 AM IST
കുറേനാൾ മുൻപാണ്. ഓസ്ട്രേലിയയിൽ ഞങ്ങൾ താമസിക്കുന്ന വീടിനു മോടികൂട്ടലുകൾ നടത്തണമെന്നു തീരുമാനിച്ച് ഒരു കാർപെറ്റ് കടയിൽപോയി. ഇംഗ്ലീഷുകാരായ ഒരമ്മയും മകളുമാണു നടത്തിപ്പുകാർ. 50-നു മേലെയും 30-നു താഴെയും പ്രായമുള്ള ഹൃദ്യമായ പുഞ്ചിരി തൂകുന്ന വനിതകൾ.
ബാരി റഗ്സ് എന്നു പേരുള്ള ആ വലിയ കടയിൽ ചുവരിലും തറയിലും സ്റ്റാൻഡുകളിലുമായി ഒരുപാടു പരവതാനികൾ.
ഒത്തിരി ആലോചനയ്ക്കുശേഷം അവയിൽനിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാൻ ഞങ്ങൾ പാടുപെടുന്നതുകണ്ട് ആ പെണ്കുട്ടി- അമ്മയോട് ആലോചിക്കുകപോലും ചെയ്യാതെ- ഞങ്ങളോടു പറഞ്ഞു. മൂന്നും കൊണ്ടുപോയി വിരിച്ചിട്ടു നോക്കിയിട്ട് ഇഷ്ടമുള്ളത് എടുത്തോളാൻ. ഷോറൂമിലെ ഒരു ജോലിക്കാരനും അവരുംകൂടി മൂന്നും തെറുത്തെടുത്ത് കാറിന്റെ സീറ്റ് മടക്കിവച്ച് ഭംഗിയായി കയറ്റിവച്ചുതന്നു.
അഡ്വാൻസ് കൊടുക്കാൻ കൗണ്ടറിൽ തിരിച്ചെത്തിയപ്പോഴാണു രസം. അഡ്വാൻസ് വേണ്ട എന്ന് അമ്മ! ഇഷ്ടപ്പെട്ടില്ലെങ്കിൽ മൂന്നു കാർപെറ്റുകളും തിരിച്ചുതന്നോളാനും പറഞ്ഞു. ഫോണ് നന്പറും കൊടുത്ത് 950 ഡോളറോളം വിലവരുന്ന ആ ഉരുപ്പടികളുമായി ഞങ്ങൾ പോന്നു. പത്തു ദിവസത്തിനുശേഷം ഏറ്റവും വലുത് എടുത്തിട്ട് രണ്ടെണ്ണം തിരിച്ചുകൊടുത്തു. ആ ഇടവേളയിൽ ഒരിക്കൽപോലും അവർ ഫോണ് ചെയ്ത് അന്വേഷിച്ചതുപോലുമില്ല.
മനുഷ്യഹൃദയങ്ങളിൽ പരസ്പര വിശ്വാസത്തിന്റെ ഒരു തുണ്ടു പതിപ്പിച്ചുവിടുന്നത് ചുവരുകളിൽ ബൃഹത്തായ പരസ്യങ്ങൾ ഒട്ടിക്കുന്നതിനേക്കാൾ ഫലവത്തായതല്ലേ? കച്ചവടക്കാരനു ലാഭവും ഉപഭോക്താവിനു തൃപ്തിയും നൽകുന്ന ഇത്തരം ശൈലികൾ നമ്മുടെ നാടിനു സ്വന്തമാകാൻ ഇനി എത്ര കാത്തിരിക്കണം.
സിസിലിയാΩ പെരുബ്ബനാനി
[email protected]