ഡോ.കെ.വി. ജോസഫ് കേരളത്തിന്റെ ഗവേഷണ പ്രതിഭ
Sunday, January 9, 2022 5:53 AM IST
ഡോ.കെ.വി. ജോസഫ് തുടക്കത്തിൽ ഏജീസ് ഓഫീസിലാണ് ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് തിരുവനന്തപുരം തുന്പ സെന്റ് സേവ്യേഴ്സ് കോളജിൽ അധ്യാപകനായതിനൊപ്പം ഗവേഷണത്തിലും ഗ്രന്ഥരചനയിലും സജീവമായി.
നരവംശശാസ്ത്രം മുതൽ സാന്പത്തികമുന്നേറ്റംവരെ ഡോ. കെ.വി ജോസഫിന്റെ ഗവേഷണങ്ങളും രചനകളും തലമുറകൾക്ക് വായനാനുഭവം സമ്മാനിക്കുന്നു. തുന്പ സെന്റ് സേവ്യേഴ്സ് കോളജിലെ അധ്യാപനത്തിൽനിന്നു വിരമിച്ചശേഷവും തിരുവനന്തപുരം കേശവദാസപുരത്തെ കുന്പാട്ട് വീട്ടിൽ ഇദ്ദേഹത്തിന്റെ പഠനവും രചനയും സജീവമാണ്.
മലയാളികളുടെ ആഗോള കുടിയേറ്റം സംബന്ധിച്ച് ഡോ. കെ.വി ജോസഫിന്റെ പഠനങ്ങൾ ആധികാരികരേഖയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലേഷ്യ, ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് മലയാളികളുടെ ചെറിയ തോതിലുള്ള കുടിയേറ്റം തുടങ്ങി. എന്നാൽ ശ്രീലങ്കയിലും ബർമയിലും ഇന്ത്യാവിരുദ്ധ വികാരം ശക്തിപ്രാപിച്ചതോടെ ഏറെപ്പേർക്കും മടങ്ങിപ്പോരേണ്ടിവന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഗൾഫ് നാടുകളിലേക്ക് കുടിയേറ്റം വർധിച്ചു. 1970 കളിൽ സജീവമായ ഗൾഫ് പ്രയാണത്തിൽ 30 ലക്ഷം ഇന്ത്യക്കാരാണ് തൊഴിൽനേടിയത്. പ്രഫഷണൽ തൊഴിൽ സാധ്യത മലയാളികളും ഗൾഫിൽ പ്രയോജനപ്പെടുത്തി. കേരളത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് അക്കാലത്ത് കരുത്തായത് ഗൾഫ് പണമാണ്. ഇതിനൊപ്പമായിരുന്നു അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള കുടിയേറ്റവും.
1965-ൽ അമേരിക്ക കുടിയേറ്റ വ്യവസ്ഥകൾ ഉദാരമാക്കിയതോടെയാണ് അവിടേയ്ക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം. യൂറോപ്പിൽ മലയാളികൾ ഏറ്റവും കടന്നു ചെന്നത് ഗ്രേറ്റ് ബ്രിട്ടണിലും തുടർന്ന് ജർമ്മനി, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുമാണ്. ഇദ്ദേഹത്തിന്റെ നസ്രാണി മാപ്പിളമാർ സന്പത് യത്നങ്ങളും കുടിയേറ്റങ്ങളും എന്ന പുസ്തകം ഏറെ പ്രസിദ്ധമാണ്.
പൗരാണിക കാലം മുതൽക്കേ കൊടുങ്ങല്ലൂരും കോഴിക്കോട്ടും ഉൾപ്പെടെ പലഭാഗങ്ങളിലും വിദേശികൾ എത്തുന്നുണ്ടായിരുന്നെങ്കിലും അന്നൊക്കെ അന്യരാജ്യങ്ങളിലേക്ക് മലയാളികളുടെ കുടിയേറ്റം കുറവായിരുന്നു.
1501-ൽ കൊടുങ്ങല്ലൂരുകാരനായ ജോസഫ് എന്ന വൈദികനാണ് ആദ്യമായി യൂറോപ്പ് സന്ദർശിച്ച ക്രൈസ്തവനെന്നാണ് ഡോ.കെ.വി ജോസഫിന്റെ നിരീക്ഷണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ’നരേറ്റീവ്സ് ഓഫ് ജോസഫ്സ് ദി ഇന്ത്യൻ’ എന്ന ചെറു പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജോസഫ് കരിയാറ്റി മെത്രാനും പാറേമാക്കൽ ഗോവർണദോറും പാശ്ചാത്യ നാടുകളിൽ സന്ദർശനം നടത്തിയത് വാർത്താ പ്രാധാന്യം നേടി. പാറേമാക്കൽ ഗോവർണദോർ രചിച്ച വർത്തമാന പുസ്തകമായിരിക്കും മലയാളത്തിലെ ആദ്യ യാത്രാവിവരണം.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വൈദികവിദ്യാർഥികൾ റോമിലെത്തി പഠനം പൂർത്തിയാക്കി അവിടെ വൈദിക പട്ടം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അവരാരും അവിടെ താമസിക്കുകയോ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്തിരുന്നില്ല.
നസ്രാണികൾ കുടിയേറുന്നയിടങ്ങളിൽ ദേവാലയങ്ങൾ സ്ഥാപിക്കുകയെന്നത് ആദ്യകാലങ്ങളിൽ തന്നെയുള്ളതാണ്.
ഇന്ത്യയ്ക്ക് പുറത്ത് മലയാളികൾ ആദ്യമായി ദേവലായങ്ങൾ സ്ഥാപിച്ചത് സിംഗപ്പൂരിലാണ്. മാർത്തോമാ സഭ 1951- ൽ സ്ഥാപിച്ച ദേവാലയമാണിത്. പിന്നാലെ ഓർത്തഡോക്സ് സഭ ഗൾഫിലും യൂറോപ്പിലും നിരവധി ദേവാലയങ്ങൾ സ്ഥാപിച്ചു. നസ്രാണി മാപ്പിളമാരുടെ ഉത്ഭവചരിത്രവും സവിശേഷതകളും സാമൂഹിക കുടുംബ ബന്ധങ്ങളും വാണിജ്യ പ്രവർത്തനങ്ങളുമെല്ലാം ഈ പുസ്തകത്തിലൂടെ ഡോ.കെ.വി ജോസഫ് വിശദീകരിക്കുന്നു.
ഡോ.കെവി ജോസഫ് തുടക്കത്തിൽ ഏജീസ് ഓഫീസിലാണ് ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് തിരുവനന്തപുരം തുന്പ സെന്റ് സേവ്യേഴ്സ് കോളജിൽ അധ്യാപനായതിനൊപ്പം ഗവേഷണത്തിലും ഗ്രന്ഥരചനയിലും സജീവമായി.
മൂവാറ്റുപുഴ കടവൂരിലാണ് കെ.വി. ജോസഫിന്റെ ജനനം. മദ്രാസ് സർവകലാശാലയിൽ നിന്ന് ഇക്കണോമിക്സിൽ സ്വർണമെഡലോടെ ബിരുദാനന്തര ബിരുദവും കേരള സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും സ്വന്തമാക്കി. ഇന്ത്യൻ കൗണ്സിൽ ഓഫ് സോഷ്യൽ സയൻസ്, ഇന്ത്യൻ കൗണ്സിൽ ഓഫ് ഹിസ്റ്റോറിക് റിസേർച്ച്, മിനിസ്ട്രി ഓഫ്് കൾച്ചർ എന്നിവയുടെ ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്. 2012 മുതൽ 15 വരെ സംസ്ഥാന പബ്ലിക് എക്സ്പെൻഡിച്ചർ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. ഇദ്ദേഹത്തിന്റെ ഒൻപതു ഗ്രന്ഥങ്ങളിൽ നസ്രാണികളുടെ സാന്പത്തിക യാതനകൾ, നസ്രാണി മാപ്പിളമാർ സന്പത് യത്നങ്ങളും കുടിയേറ്റങ്ങളും എന്നിവയാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ചവ.
ഇക്കണോമിക്സ് ഓഫ് ഫിലിം ഇൻഡസ്ട്രി ഇൻ ഇന്ത്യ, മൈഗ്രേഷൻ ആൻഡ് ഇക്കണോമിക് ഡെവലപ്മെന്റ് ഓഫ് കേരള, ഇക്കണോമിക്സ് ഓഫ് ഇന്ത്യൻ സിനിമ, കൾച്ചർ ആൻഡ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓഫ് ഇന്ത്യ, കേരളൈറ്റ്സ് ഓണ് ദ മൂവ്, ഇക്കണോമിക്സ് ഓഫ് കൾച്ചർ ഇൻഡസ്ട്രി തുടങ്ങിയവയാണ് മറ്റു രചനകൾ. 30 ലധികം ഗവേഷണ പ്രബദ്ധങ്ങളുമുണ്ട്.
ഭാര്യ പ്രഫ. സോഫി ജോസഫ് മാർ ഈവാനിയോസ് കോളജ് സുവോളജി വിഭാഗം മുൻ അധ്യക്ഷയായിരുന്നു. രാജസ്ഥാൻ എഡിജിപി ബിജു ജോർജ് ജോസഫ്, കേരള ഗവണ്മെന്റ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഡോ. പ്രമീള എലിസബത്ത് ജോസഫ് എന്നിവരാണ് മക്കൾ.
തോമസ് വർഗീസ്
ഫോട്ടോ : ടി.സി. ഷിജുമോൻ