അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
Sunday, June 5, 2022 3:43 AM IST
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മനസും മനുഷ്യത്വവുമുണ്ടായില്ല. ആരോരുമില്ലാതെ ആ വയോധികൻ നരകിച്ച സാഹചര്യത്തിൽ പോലീസും പഞ്ചായത്ത് മെംബറും സംരക്ഷണത്തിൽ വീഴ്ച പാടില്ലെന്നു മക്കളോടു നിർദേശിച്ചു. മുട്ടാപ്പോക്കു ന്യായങ്ങൾ നിരത്തി അവർ മുഖം തിരിച്ചതോടെ അച്ഛനെ പോലീസ് നവജീവനിൽ സംരക്ഷണ ത്തിനെത്തിച്ചു.
നന്നേ ക്ഷീണിതനും വ്രണിതഹൃദയനുമായിരുന്ന ആ അച്ഛൻ മൂന്നു വർഷം നവജീവന്റെ സംരക്ഷണയിലായിരിക്കെ ഒരിക്കൽപോലും മക്കളോ മരുമക്കളോ തിരിഞ്ഞുനോക്കിയില്ല. മക്കളെ ഒരു നോക്കു കാണാൻ കാത്തുകിടന്ന അദ്ദേഹം അടുത്തയിടെ മരിച്ചു. മൃതദേഹം ആറു ദിവസം മോർച്ചറിയിൽ സൂക്ഷിച്ച് മക്കളുടെ വരവിനായി കാത്തിരുന്നു. തുടരെ അറിയിച്ചിട്ടും കർമം ചെയ്യാൻപോലും മക്കൾ വരില്ലെന്നുറപ്പായതോടെ മൃതദേഹം പൊതുശ്മശാനത്തിൽ ദഹിപ്പിച്ചു.
വീടുകൾക്ക് അധികപ്പറ്റായി അഗതിമന്ദിരങ്ങളുടെ കാരുണ്യം തേടേണ്ടിവരുന്ന വയോധികരുടെ എണ്ണവും അവരുടെ ഹൃദയവ്യഥകളും ഇക്കാലത്ത് ഏറിവരികയാണ്.
ആറു മക്കളുള്ള വയോധികൻ നവജീവൻ മന്ദിരത്തിന്റെ ജനാലയിലൂടെ ഉറങ്ങാതെ മക്കളെ പ്രതീക്ഷിച്ചിരിക്കുന്ന സഹതാപ കാഴ്ച. തോർത്തുമുണ്ടിന്റെ കോണിൽ തുടരെ കണ്ണീർ തുടയ്ക്കുന്പോഴും അദ്ദേഹം പ്രാർഥിക്കുന്നത് മക്കൾക്ക് നല്ലതുവരുത്തണമേയെന്നു മാത്രമാണ്. നാലു മക്കളെ കഷ്ടപ്പെട്ട് നല്ല നിലയിൽ എത്തിച്ച ഒരു അമ്മ. അവസാനം അമ്മയെ അവർ തീർഥാടന കേന്ദ്രത്തിൽ നടതള്ളി. ആരോരുമില്ലാതെ വന്നതോടെ നവജീവന്റെ സംരക്ഷണത്തിലെത്തിയ ആ അമ്മ മുറിയിൽ നിന്നിറങ്ങി വരാന്തയിൽ മക്കളുടെ വരവ് കാത്തിരിക്കുന്ന മറ്റൊരു രംഗം.
കാഴ്ചയും കേൾവിയും മങ്ങിയ പല അച്ഛൻമാരും അഗതിമന്ദിരങ്ങളിൽ മൂകരായി വിദൂരതയിലേക്കു ദൃഷ്ടിയുറപ്പിച്ചിരിക്കുന്നത് മക്കളാരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ്. കൂട്ടിക്കൊണ്ടുപോകില്ല എന്നറിയാമെങ്കിലും ഒരു നോക്കു കാണാനുള്ള കൊതി മനസിൽ ബാക്കിയുണ്ട്. ഒരു ജൻമമത്രയും മക്കളെ പോറ്റിവളർത്താൻ കഠിനാധ്വാനം ചെയ്യുകയും വാർധക്യത്തിലെത്തിയപ്പോൾ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന ക്രൂരത ഇന്നാട്ടിൽ ദുരാചാരമായി മാറിയിരിക്കുന്നു.
അന്ത്യശ്വാസം വലിക്കുന്പോഴും മകൻ വന്നോ, മകൾ വന്നോ എന്നു നിർത്തില്ലാതെ ചോദിക്കുന്ന അച്ഛനമ്മമാരുടെ ദൈന്യത പലപ്പോഴും കാണാനിടയായിട്ടുണ്ട്. നിറകണ്ണീരോടെ ആ കണ്ണുകൾ എന്നേക്കുമായി അടയുന്നത് മനസിനെ ഉലച്ചിട്ടുണ്ട്. മരണശേഷം അറിയിച്ചാൽപോലും ഏറ്റെടുക്കാൻ കരുണ കാണിക്കാത്ത മക്കളുടെ കൊടുംപാതകം.
അച്ഛനും അമ്മയും പഴഞ്ചനായെന്നും അധികപ്പറ്റാണെന്നും ധരിക്കുന്ന പുതിയ തലമുറ. സ്വത്ത് സ്വന്തമാക്കിയശേഷം അവരെ അഗതി മന്ദിരങ്ങളിലേക്കും പെരുവഴിയിലേക്കും തള്ളിവിടാൻ മടിയില്ലാത്ത മക്കളും മരുമക്കളും. വസ്ത്രവും ഭക്ഷണവും സംരക്ഷണവും മാത്രമല്ല സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കിടക്കപോലും നിഷേധിക്കുന്ന ക്രൂരത. ദാരിദ്യമോ ഇല്ലായ്മയോ കൊണ്ടല്ല പലപ്പോഴും വയോധികരായ മാതാപിതാക്കളെ മക്കൾ ഉപേക്ഷിച്ചുകളയുന്നത്. വീട്ടിൽ അംഗങ്ങൾ കൂടുതലായതുകൊണ്ടുമല്ല ഈ ചെയ്തി. പുതിയ തലമുറയുടെ സുഖലോലുപതയും സ്നേഹരാഹിത്യവുമാണ് ഈ നടതള്ളലിനു പിന്നിൽ.
മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ചുമതലയിൽ വീഴ്ച വരുത്തുന്നത് മഹാപാതമാണ്. നിന്ദ്യവും നീചവുമാണ്. ക്ഷമ അർഹിക്കാത്ത പാപമാണ്. ഇത്തരക്കാരായ മക്കൾക്കു മാത്രമല്ല അവരുടെ തലമുറകൾക്കും ദൈവത്തിന്റെ കാരുണ്യവും കൃപയും ലഭിക്കില്ല. മാതാപിതാക്കളെ മക്കൾ പരിചരിക്കുന്നതു കണ്ടുവേണം കൊച്ചുമക്കൾ വളരാൻ. കുടുംബത്തിലെ മുതിർന്നവരെയും ആദരിക്കാനും അവരെ ശുശ്രൂഷിക്കാനുള്ള പരിശീലനം മക്കൾ അവരുടെ മക്കൾക്കു കൊടുക്കണം. അവരുടെ വസ്ത്രവും പാത്രവും കഴുകാനും കുളിപ്പിക്കാനും തലോടാനും സ്തുതി ചൊല്ലാനുമുള്ള പരിശീലനം കൊച്ചുമക്കൾക്ക് നൽകണം.
അഗതിമന്ദിരങ്ങൾ വയോധികരെക്കൊണ്ടു നിറയുന്ന കാലമാണിത്. സർക്കാരിനോ സംവിധാനങ്ങൾക്കോ സംരക്ഷണം നൽകാനാവാത്ത വിധം അനാഥരായ വയോധികരുടെ എണ്ണം വർധിക്കുന്നു. അച്ഛനും അമ്മയും അനാഥരാകുന്ന സാഹചര്യം ഒരു കുടുംബത്തിലും ഉണ്ടാകരുത്. വൃദ്ധരുടെ സംരക്ഷണം തലമുറകൾക്ക് അനുഗ്രഹം ലഭിക്കുന്ന പുണ്യമാണെന്ന് തിരിച്ചറിയണം, ആ ബോധ്യം തലമുറകൾക്ക് കൈമാറണം.
പി.യു. തോമസ്, നവജീവൻ