തി​രു​മ​ധു​ര​വു​മാ​യി പൊ​ന്നോ​ണം
സൂ​ര്യ​ന്‍റെ പൊ​ൻ​കി​ര​ണ​ങ്ങ​ളേ​റ്റ് തൊ​ടി​യി​ലെ തു​ന്പ​പ്പൂ​ക്ക​ളും പൂ​വാം​കു​രു​ന്നി​ല​യും ഉ​ണ​രു​ക​യാ​ണ്. ച​ന്ദ്ര​ര​ശ്മി​ക​ൾ വി​ട​ർ​ന്ന ആ​ന്പ​ലു​ക​ൾ​ക്കു മേ​ൽ പൂ​ശു​ന്ന​ത് ച​ന്ദ​നസു​ഗ​ന്ധം. ഇ​നി​യും വ​റ്റാ​ത്ത ഭൂ​മി​യു​ടെ കാ​രു​ണ്യം​പോ​ലെ കി​ഴ​ക്കു​നി​ന്ന് ചി​ങ്ങ​ക്കാ​റ്റ് വീ​ശി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. കാ​തോ​ർ​ത്തു നോ​ക്കു​ക, അ​മൃ​ത​വാ​ഹി​നി​യാ​യ കാ​റ്റി​ൽ ഇ​ങ്ങ​നെ​യൊ​രു ഓ​ണ​പ്പാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ൾ കേ​ൾ​ക്കു​ന്നി​ല്ലേ ?

ഓ​ണ​മേ നീ​യൊ​രു സ്വ​പ്നം മ​ല​നാ​ടി​ന്‍റെ ഓ​മ​ന​സ്വ​പ്നം....​ഓ​ണം സുഖപര്യവ സായിയായ ഒരു സ്വ​പ്നം ത​ന്നെ​യാ​ണ്.

മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ച്ച, ചെ​ളി​മ​ണ്ണി​ൽ കാ​ലൂ​ന്നി ജീ​വി​ച്ച ശു​ദ്ധമ​ന​സു​ള്ള ക​ർ​ഷ​ക​രു​ടെ നാ​ടാ​യി​രു​ന്നു കേ​ര​ളം. അ​വ​രു​ടെ ആ​ത്മാ​വി​നെ തൊട്ടുണർത്തുന്ന ഉ​ത്സ​വ​മാ​യി​രു​ന്നു ഓ​ണം. പ്ര​കൃ​തി​യും മ​നു​ഷ്യ​നും ത​മ്മി​ൽ തീ​ക്ഷ്ണ​മാ​യ ബ​ന്ധം നി​ല​നി​ന്നി​രു​ന്ന​ കാ​ല​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ഇ​ത്. മ​ഹാ​ബ​ലി നാ​ടു​വാ​ണ കാലത്ത് എന്നും തി​രു​വോ​ണ​മാ​യി​രു​ന്നു. ക​ള്ള​വും ച​തി​യു​ം പൊ​ളി വ​ച​ന​ങ്ങ​ളി​ല്ല. ക​ള്ള​പ്പ​റ​യും ചെ​റു​നാ​ഴി​യു​മി​ല്ല... മ​ഹാ​വി​ഷ്ണു​വി​ന്‍റെ അഞ്ചാമത്തെ അ​വ​താ​ര​മാ​യ വാ​മ​ന​ൻ, മ​ഹാ​ബ​ലി​യെ പാ​താ​ള​ത്തി​ലേ​ക്ക് ച​വി​ട്ടി​ത്താ​ഴ്ത്തും​മു​ന്പ് സ്വ​ർ​ണ​കി​രീ​ടം ഉൗ​രി​വ​ച്ച് ന​മ്ര​ശി​ര​സ്ക​നാ​യി ഇ​രുന്നവേളയിൽ‌ ഒ​രു അ​പേ​ക്ഷ​യേ വാ​മ​ന​നു മു​ന്നി​ൽ വ​ച്ചു​ള​ളൂ. ’’വ​ർ​ഷ​ത്തി​ലൊരി​ക്ക​ൽ പ്ര​ജ​ക​ളെ കാ​ണു​വാ​ൻ എ​നി​ക്കു മലയാളനാ​ട്ടി​ലെ​ത്ത​ണം’’. ചി​ങ്ങ​മാ​സ​ത്തി​ലെ തി​രു​വോ​ണ​നാ​ളി​ൽ പ്രി​യ​പ്പെ​ട്ട​വ​രെ വ​ന്നു കാ​ണു​വാ​ൻ മ​ഹാ​വി​ഷ്ണു അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഈ​ ഐ​തി​ഹ്യ​ത്തി​ൽ നാടും ജനതയും എല്ലാം മറന്ന് ഒ​രുമയോടെ ആ​ഘോ​ഷി​ക്കു​ന്ന ഉ​ത്സ​വം. കേവലം ഒ​രു മി​ത്തി​ൽ ഹൃ​ദ​യം അ​ർ​പ്പി​ച്ച് ലോ​ക​മ​ല​യാ​ളി​ക​ൾ ആ​ഘോ​ഷി​ക്കു​ന്ന മ​റ്റൊ​രു ഉ​ത്സ​വം വേ​റെയുണ്ടാകില്ല.

നെ​ൽ​പ്പാ​ട​ങ്ങ​ളും കൊ​യ്ത്തും വി​ത​യും ഓ​ണ​പ്പാ​ട്ടു​ക​ളും ഓ​ർ​മ​യി​ലേ​ക്കു മാ​യു​ന്പോ​ഴും ഓ​ണ​ത്തി​നി​ന്നും പ​ച്ച​മ​ണ്ണി​ന്‍റെ ന​നു​ത്ത മ​ണ​മുണ്ട.് പൗ​രാ​ണി​ക​കാ​ല​ത്ത് ഓ​ണാ​ഘോ​ഷം ആ​ചാ​ര​ങ്ങ​ളോ​ടും ചി​ട്ട​വ​ട്ട​ങ്ങ​ളോടുംകൂടി ആ​യി​രു​ന്നു. ആ ​പാ​ര​ന്പ​ര്യ​ത്തി​ലെ ചി​ല ഏ​ടു​ക​ൾ ഇ​ങ്ങ​നെ..

ആ​ടി അ​റു​തി

പ​ഞ്ഞ​മാ​സ​മാ​ണ് ക​ർ​ക്കിട​കം. ക​ർ​ക്ക​ട​ത്തി​ൽ വീ​ട്ടി​ൽ കു​ടി​യി​രി​ക്കു​ന്ന​ത് ജ്യേ​ഷ്ഠ ഭ​ഗ​വ​തിയാ​ണ്. മൂ​ദേ​വി​യാ​യ ജ്യേ​ഷ്ഠ ഭ​ഗ​വ​തി​യെ പു​റ​ത്താ​ക്കി ചി​ങ്ങ​മാ​സ​ത്തി​ലെ ശ്രീ​ദേ​വി​യെ വ​ര​വേ​ൽ​ക്കു​ന്ന​ത് ക​ർ​ക്ക​ിട​കത്തി​ലെ അ​വ​സാ​ന സ​ന്ധ്യ​യി​ലാ​ണ്. ആ​ടി അ​റു​തി നാ​ൾ വീ​ടു മു​ഴു​വ​ൻ അ​ടി​ച്ചു വാ​ര​ണം, മാ​റാ​ല നീ​ക്ക​ണം, പ​റ​ന്പ് വൃ​ത്തി​യാ​ക്ക​ണം. ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ഉ​പ​യോ​ഗി​ച്ച പ​ഴ​യ ച​ട്ടി​യും പൊ​ട്ടി​യ ക​ല​വും പ​ഴ​കി​യ ചൂ​ലും ദൂ​രെ വ​ലി​ച്ചെ​റി​യ​ണം. വീ​ട് തൂ​ത്തുതു​ട​ച്ച​ശേ​ഷം സ​ന്ധ്യ​ക്കാ​ണ് ആ​ടി അ​റു​തി ച​ട​ങ്ങ്. പ​ഴ​യ ഒ​രു മു​റ​ത്തി​ൽ പ​ഴ​യ വ​ട്ടി​യും ക​ല​വും ച​പ്പ് ച​വ​റു​ക​ളുമി​ട്ട് പു​റ​ത്ത് എ​റി​ഞ്ഞുക​ള​യ​ണം. ​ച​വ​റു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞശേ​ഷം തി​രി​ഞ്ഞുനോ​ക്കാ​തെ വേ​ണം വീ​ട്ടി​ൽ ക​യ​റു​വാ​ൻ. തി​രി​ഞ്ഞു നോ​ക്കി​യാ​ൽ ചേ​ട്ട ഒ​പ്പം വ​രുമെന്നാ​ണ് വി​ശ്വാ​സം. ചേ​ട്ട​യെ പു​റ​ത്താ​ക്കി​യ ശേ​ഷം കു​ളി​ച്ച് ശു​ദ്ധ​മാ​യ ശേ​ഷം പൂ​മു​ഖ​ത്ത് നി​ല​വി​ള​ക്ക് ക​ത്തി​ക്കും. ചി​ങ്ങ​മാ​സത്തിൽ പു​തു​പു​ത്ത​ൻ പാ​ത്ര​ങ്ങ​ളും ക​ല​ങ്ങ​ളും മു​റ​ങ്ങ​ളുമൊ​ക്കെ വേ​ണം.

പൂ​വു​ക​ൾ​ക്കു പു​ണ്യ​കാ​ലം

ചി​ങ്ങ​വെ​യി​ലി​ൽ മു​റ്റ​ത്തും തൊ​ടി​യി​ലും എ​ത്ര​ വർണങ്ങളുള്ള പൂ​ക്ക​ളാ​ണ് വി​ട​രു​ന്ന​ത്. മു​ക്കു​റ്റി, ചെ​ത്തി, മ​ന്ദാ​രം, തു​ന്പ, രാ​ജ​മ​ല്ലി, ശം​ഖു​പു​ഷ്പം, അ​ര​ളി... ഓ​ണ​വ​ര​വ് അ​റി​യി​ച്ച് ഓ​ണ​പ്പു​ല്ലും ഓ​ണ​ത്തു​ന്പി​യും എ​ത്തും. ഓ​ണ​പ്പൂ​ക്ക​ളി​ൽ മു​ത്ത​മി​ട്ട് സ്വ​ർ​ണ​ച്ചി​റ​കു​ക​ളു​ള്ള തു​ന്പി​ക​ൾ പ​റ​ക്കും.
ആ​കാ​ശപ്പൊ​ന്നാ​ലി​ൻ ഇ​ല​ക​ളെ ആ​യ​ത്തി​ൽ​തൊ​ട്ടെ വ​രാം.... വ​ലി​യ മ​ര​ക്കൊ​ന്പി​ൽ ഉൗ​ഞ്ഞാ​ൽ കെ​ട്ടും. ഇ​ക്കാ​ല​ത്തേ​തു​പോ​ലെ ഉൗ​ഞ്ഞാ​ൽ കെ​ട്ടു​വാ​ൻ വ​ടം ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് വാ​ട്ടി​യ ഓ​ല​യും വ​ഴു​ത​യും പി​ണച്ചുകെ​ട്ടി​യാ​ണ് ഉൗ​ഞ്ഞാ​ൽ കെ​ട്ടി​യി​രു​ന്ന​ത്.

അ​യ​ൽ​ക്കാ​രൊ​ക്കെ ഒ​ന്നു ചേ​രു​ന്ന വേ​ള. എ​ല്ലാ വീ​ടു​ക​ളി​ലും ഉൗ​ഞ്ഞാ​ൽ കെ​ട്ടി​യി​ടും. ഒ​രു വീ​ട്ടി​ൽ ആ​ടി​ക്ക​ഴി​ഞ്ഞാ​ൽ സം​ഘ​മാ​യി അ​ടു​ത്ത വീ​ടു​ക​ളി​ലേ​ക്കു പു​റ​പ്പെ​ടും. ഉൗ​ഞ്ഞാ​ലാ​ടു​ന്പോ​ൾ കൊ​റി​ക്കാ​ൻ കൈ​യിൽ ഉ​പ്പേ​രി​യും ശ​ർ​ക്ക​ര​വ​ര​ട്ടി​യും ഒ​ക്കെ കാ​ണും.

അ​ത്തം മു​ത​ൽ മു​റ്റ​ത്ത് പൂ​ക്ക​ള​മൊ​രു​ങ്ങും. അ​ത്തം പ​ത്തി​ന് പൊ​ന്നോ​ണം. മു​റ്റ​ത്ത് ചാ​ണ​കം മെ​ഴു​കി അ​തി​ൽ ഓ​രോ നാ​ളും ഓ​രോ വ​ള​യ​മാ​യി പൂ​ക്ക​ൾ നി​ര​ത്തും. ആ​ദ്യ വ​ള​യ​ത്തി​ൽ തു​ന്പ​പ്പൂ​വ് നി​ർ​ബ​ന്ധം. തുളസി, കാ​ശി​പ്പൂ​വ്, അ​രി​പ്പൂ​വ്, ശം​ഖു​പു​ഷ്പം തു​ട​ങ്ങി​യ​വ​യും ഉണ്ടാവ​ണം. മ​ധ്യകേ​ര​ള​ത്തി​ൽ വാ​മ​നപൂ​ജ പ്ര​ധാ​ന​മാ​ണ്. പൂ​ക്ക​ള​ത്തി​ൽ തൃ​ക്കാ​ക്ക​ര അ​പ്പ​നെ പ്ര​തി​ഷ്ഠി​ച്ച് അ​ട ​നേ​ദി​ക്കും. അ​ത്തം മു​ത​ൽ പൂ​ക്ക​ള​മി​ടു​ന്ന വീ​ടു​ക​ളി​ൽ മാ​ത്ര​മേ മ​ഹാ​ബ​ലി എ​ഴു​ന്ന​ള്ളൂവെന്നാ​ണ് വി​ശ്വാ​സം. ഏ​ഴ​ര​ വെ​ളു​പ്പി​നു​ണ​ർ​ന്ന് കു​ട്ടി​ക​ളും സ്ത്രീ​ക​ളും പൂ​വ​ട്ടി​ക​ളു​മാ​യി തൊ​ടി​ക​ളി​ലേ​ക്കി​റ​ങ്ങും. "​പൂ​വേ പൊ​ലി പൂ​വേ.....’ എ​ന്ന പൂ​വി​ളി​യു​മ​ായാ​ണ് ​മു​റ്റ​ത്തും വേ​ലിപ്പ​ട​ർ​പ്പു​ക​ളി​ലും പൂ​ത്തു​ല​യുന്ന പൂ​ക്ക​ൾ അ​ട​ർ​ത്തി​യെ​ടു​ക്കു​ക.

ഉ​ത്രാ​ട​പ്പാ​ച്ചി​ൽ

ഉ​ത്രാ​ട​നാ​ൾ തി​ര​ക്കി​ന്‍റെ ദി​ന​മാ​ണ്. അ​ച്ചാ​റു​ക​ളും പുളിശേരിയും ത​യാ​റാ​ക്ക​ണം, പ​ച്ച​ക്ക​റി​ക​ൾ അ​രി​ഞ്ഞു വ​യ്ക്ക​ണം. പ​ല​വ്യഞ്ജന​ങ്ങ​ൾ അ​ര​ച്ചും പൊ​ടി​ച്ചും എ​ടു​ക്ക​ണം. രാ​ത്രി ഉ​റ​ക്ക​മി​ള​ച്ചാ​ണ് വിഭവങ്ങൾ ത​യാറാ​ക്കു​ക. ദി​വ​സ​ങ്ങ​ൾ മു​ന്പു​ത​ന്നെ ഉ​പ്പേ​രി, ശ​ർ​ക്ക​രവ​ര​ട്ടി തു​ട​ങ്ങി​യ​വ ത​യാ​റാ​ക്ക ും. തി​രു​വോ​ണദി​വ​സം സ്ത്രീ​ക​ൾ സ​ദ്യയൊരു​ക്കു​ന്ന തി​ര​ക്കി​ലാ​യി​രി​ക്കും. അ​തി​നാ​ൽ ഉ​ത്രാ​ട സ​ന്ധ്യ​ക്കുത​ന്നെ പൂ​ക്ക​ൾ ഇ​റു​ത്ത് വാ​ഴ​യി​ല​യി​ൽ വെ​ള്ളം ത​ളി​ച്ചുവ​യ്ക്കും. വീ​ട് തൂ​ത്ത് വൃ​ത്തി​യാ​ക്കു​വാ​നും പ​ശു​വി​നെ അ​ഴി​ച്ചുകെ​ട്ടു​വാ​നും സ​മ​യ​മി​ല്ലാ​ത്ത​തുകൊണ്ടാവും തി​രു​വോ​ണത്തിനു വീ​ട് തൂ​ത്തു വൃ​ത്തി​യാ​ക്ക​രു​തെ​ന്നും പ​ശു​വി​നെ അ​ഴി​ച്ചുകെ​ട്ട​രു​തെ​ന്നു​ം വി​ശ്വാ​സം നി​ല​നി​ന്നി​രു​ന്നു.

തൊ​ഴു​ത്തി​ൽ നി​റ​യെ പു​ല്ലും വെ​ള്ള​വും ഉ​ത്രാ​ട​നാ​ൾ കരുതലായുണ്ടാകും. ഉ​ത്രാ​ടത്തലേന്നുതന്നെ വീ​ട് വൃത്തിയാക്കും. മു​തി​ർ​ന്ന​വ​ർ പ​കി​ട്ടു​ള്ള ഓ​ണ​ക്കോ​ടി ന​ൽ​കും. മ​ക്ക​ൾ അ​ച്ഛ​ന​മ്മ​മാര്‌ക്കും ബ​ന്ധു​ക്ക​ൾ​ക്കും ന​ൽ​കു​ന്ന സ്നേ​ഹ​സ​മ്മാ​നം കൂ​ടി​യാ​ണ് ഓ​ണ​ക്കോ​ടി. മ​ഞ്ഞ​ക്കോ​ടിയണിഞ്ഞ കു​ട്ടി​ക​ൾ മു​റ്റ​ത്തും തൊ​ടി​യി​ലും പാ​റി​പ്പാ​റി ന​ട​ക്കും. ഓ​ണ​ക്കോ​ടി ഉ​ടു​ത്തു​വേ​ണം സ​ദ്യ ഉ​ണ്ണാ​ൻ.

തൂ​ശ​നി​ല മു​റി​ച്ചു വ​ച്ചു..... തു​ന്പ​പ്പൂ ചോ​റു വി​ള​ന്പി. കു​ടും​ബ​ാംഗങ്ങ​ളെ​ല്ലാ​വ​രും ച​മ്രം പ​ടി​ഞ്ഞി​രു​ന്നാ​ണ് ഉ​ണ്ണു​ക.

പ​ഴ​യ വറുതിക്കാ​ല​ങ്ങ​ളി​ൽ തി​രു​വോ​ണ​ത്തി​നാ​ണ് അ​വി​യ​ലും പ​രി​പ്പും പ​പ്പ​ട​വും പാ​യ​സ​വും കൂ​ട്ടി വ​യ​റു​നി​റ​യെ ചോ​റുണ്ടിരു​ന്ന​ത്. ഇ​ഞ്ചി, നാ​ര​ങ്ങ, മാ​ങ്ങ, കി​ച്ച​ടി, തോ​ര​ൻ, അ​വി​യ​ൽ, ഓ​ല​ൻ, കാ​ള​ൻ പായസം ഉൾപ്പെടെ സമൃ​ദ്ധ​മാ​യ സ​ദ്യ. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​ത്രാ​ടം മു​ത​ൽ ച​ത​യം വ​രെ ഓ​ണ​സ​ദ്യ​യുണ്ടാവും. എ​ങ്കി​ലും തി​രു​വോ​ണ സ​ദ്യത​ന്നെ പ്ര​ധാ​നം.

ത​ല​പ്പ​ന്ത്, കു​ട്ടി​യും കോ​ലും, കി​ളിത്ത​ട്ട് തു​ട​ങ്ങി​യ ക​ളി​ക​ൾ. അ​യ​ൽ​ക്കാ​രെ​ല്ലാംകൂ​ടി ഒ​ഴി​ഞ്ഞ പ​റ​ന്പു​ക​ളി​ലും പാ​ട​ങ്ങ​ളി​ലു​മാ​ണ് ഓ​ണ​ക്ക​ളി​ക​ൾ. വി​ശ്വാ​സ​ങ്ങ​ൾ​ക്കു​ം ആ​ചാ​ര​ങ്ങ​ൾ​ക്കു​മ​പ്പു​റം ഓ​ണം സ്നേഹത്തണലിലെ കൂടിച്ചേ​ര​ലാ ​യി​രു​ന്നു. അ​തി​ന്‍റെ പൊ​ന്ന​ല​ക​ൾ മലയാളികൾ എവിടെയൊക്കയുണ്ടോ അ​വി​ടെ​യൊ​ക്കെ ബാ​ക്കി​യുണ്ട്.

എ​സ്.​മ​ഞ്ജു​ളാ​ദേ​വി