ഹൂഗ്ലീതീരത്തെ ഗുസ്തി വിശേഷം
Saturday, April 15, 2023 5:09 AM IST
പ്രസിദ്ധമായ ഹൗറ പാലത്തിന് എതിർവശം ഹൂഗ്ലീതീരത്താണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ പുഷ്പമാർക്കറ്റുള്ളത്. അതിനോടു ചേർന്നാണ് കോൽക്കത്തയിൽ ഇക്കാലത്തും സജീവമായ ഏക അഖാഡയുള്ളത്. രാജ്യത്തുതന്നെ ഇതു പോലെയൊന്ന് വേറെയില്ലെന്ന് പറയാം. സിയാറാം അഖാഡ ബയാം സമിതിയെന്ന ഈ ഗുസ്തിപരിശീലന കേന്ദ്രത്തിന് ചരിത്രമേറെ പറയാനുണ്ട്. അതിരാവിലെതന്നെ കോൽക്കത്തയുടെ വിവിധ ഇടങ്ങളിൽനിന്നുള്ള അൻപതോളം ഫയൽവാൻമാർ ഇവിടെയെത്തുന്നു. ഗുസ്തി എന്ന കായിക വിനോദത്തെ നിലനിറുത്തുക എന്നൊരു ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളത്.
ലോകപ്രശസ്ത ഗുസ്തിതാരം ദാരാസിംഗിന്റെ ഗുരുവായിരുന്ന നാഥ്മൽ പരീഖ് എന്ന ഫയൽവാനാണ് 1961ൽ ഈ അഖാഡ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യനായ ജ്വാല തിവാരിയായിരുന്നു അടുത്ത കാലംവരെ അഖാഡയുടെ നടത്തിപ്പുകാരനും എല്ലാവരുടെയും ഗുരുജിയും. ഗൊരഖ്പൂർ സ്വദേശിയായ തിവാരി എട്ടാംവയസിലാണ് നാഥ്മൽ പരീഖിന്റെ ശിഷ്യത്വം സ്വീകരിച്ച് സിയാറാം അഖാഡയിലെത്തിയത്.
കഴിഞ്ഞ ജനുവരി ഒന്നിന് ജ്വാല തിവാരി അന്തരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സൂരജ് കാന്ത് അഖാഡയുടെ ചുമതല ഏറ്റെടുത്തു. അച്ചടക്കത്തിൽ കർക്കശക്കാരനായിരുന്ന പിതാവിന്റെ പതിവുകൾ അതേപടി തുടരുന്നതിനാണ് താൻ ഏറ്റവും പ്രാധാന്യം കൽപിക്കുന്നതെന്നാണ് പുതുതലമുറയിലെ ഫയൽവാൻമാരുടെ ഗുരുജിയായി മാറിയ സൂരജ് പറയുന്നത്. ആയിരക്കണക്കിന് ശിഷ്യൻമാരെ സൂരജ് ഗുസ്തി പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോഴുള്ള ശിഷ്യൻമാരിൽ 25 പേർ ഗുസ്തിതാരങ്ങളായി ഇന്ത്യയെ പല മത്സരവേദികളിലും പ്രതിനിധീകരിച്ചിട്ടുണ്ട്.
നാഥ്മൽ പരീഖ് എന്ന ഗുരുജിയുടെ ജീവിതത്തെക്കുറിച്ചു പറയാൻ ശിഷ്യൻമാർക്ക് ഉത്സാഹമാണ്. പുലർച്ചെ 2.30ന് ഉണരുന്ന അദ്ദേഹം ഹൗറ പാലത്തിലൂടെ അക്കരയിക്കരെ ഇരുപതു തവണ ഓടും. രണ്ടായിരം ദണ്ഡനമസ്കാരം (പുഷ് അപ്) എടുക്കും. അത്രയും തന്നെ ബൈഠക്കും. പിന്നെ പ്രതിദിനം ഇരുപതു ശിഷ്യരുമായി ഗുസ്തി പിടിക്കും. ഇതെല്ലാം കഴിഞ്ഞ് എട്ടു ലിറ്റർ പാൽ ഒറ്റയിരിപ്പിൽ കുടിക്കുന്നതോടെയാണ് പരീഖ് ഫയൽവാന്റെ ഒരു ദിവസത്തെ വ്യായാമമുറകൾ അവസാനിച്ചിരുന്നത്.
അദ്ദേഹം മത്സരങ്ങൾ കണ്ടു മാത്രമായിരുന്നില്ല ശിഷ്യരെ അഭ്യസിപ്പിച്ചിരുന്നത്. അവരുടെ അച്ചടക്കത്തിനും ആത്മീയതയ്ക്കും ഗുരുജി ഏറെ പ്രാധാന്യം നൽകിയിരുന്നു. ആരിൽ നിന്നും ഫീസ് വാങ്ങിയല്ല ഗുസ്തി അഭ്യസിപ്പിക്കുന്നതെന്നതാണ് ഈ അഖാഡയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതിനുള്ളിൽ ജാതി, മത, വർഗ ഭേദങ്ങളുമില്ല. അങ്ങേയറ്റം സത്യസന്ധതയോടെ ഗുസ്തി പരിശീലിപ്പിക്കുക എന്നതായിരുന്നു പിതാവിന്റെ പ്രതിജ്ഞ. അത് ഇപ്പോഴത്തെ നടത്തിപ്പുകാരനായ മകൻ സൂരജും അക്ഷരംപ്രതി പാലിക്കുന്നുണ്ട്.
തന്റെ പിതാവിനെപ്പോലെ ചെറിയ പ്രായത്തിൽ അഖാഡയുടെ പടി കടന്നതാണ് സൂരജിന്റെ കായികജീവിതവും. ആറാം വയസിലായിരുന്നു സൂരജിന്റെ ഗുസ്തി അരങ്ങിലേക്കുള്ള പ്രവേശനം. ഗുസ്തിമുറകൾ തങ്ങൾക്ക് പരന്പരാഗതമായി പകർന്നു കിട്ടിയ കൈമുതലാണ്. ഒരിക്കലും അതു കൈവിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽതന്നെ ഹൂഗ്ലിയുടെ തീരത്തെ തൊട്ടുനിൽക്കുന്ന ഈ പരിശീലനകേന്ദ്രം എന്തു വിലകൊടുത്തും നിലനിർത്തി കൊണ്ടുപോകുമെന്നാണ് സൂരജ് പറയുന്നത്.
പിതാവിനു കീഴിൽ ചെറുപ്പം മുതൽക്കേ പരിശീലനം നേടിയ സൂരജ് സംസ്ഥാനതല ഗുസ്തി മത്സരങ്ങളിൽ നിരവധി സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്. നാലു തവണ ദേശീയതലത്തിലും മത്സരിച്ചിട്ടുണ്ട്. ദേശീയ മത്സരങ്ങളേക്കാൾ പ്രാദേശിക മത്സരങ്ങളിൽ വീറുറ്റ പോരാട്ടം കാഴ്ച വയ്ക്കുന്ന മത്സരങ്ങളിലായിരുന്നു പിതാവിന് കന്പം.
ദംഗൽ എന്നറിയപ്പെട്ടിരുന്ന ഈ മത്സരങ്ങളിൽ നിന്ന് ലഭിച്ചിരുന്ന പ്രതിഫലം കൊണ്ടായിരുന്നു നാഥ്മൽ ഫയൽവാൻ അദ്ദേഹത്തിന്റെ കുടുംബവും അഖാഡയും പുലർത്തിയിരുന്നത്. പക്ഷേ, ഇപ്പോൾ കോൽക്കത്തയിൽ എവിടെയും ദംഗൽ എന്ന് കേട്ടുകേൾവി പോലുമില്ലാത്ത സ്ഥിതിയായി. വല്ലപ്പോഴും നാഗപഞ്ചമി നാളിൽ ഒന്നോ രണ്ടോയിടങ്ങളിൽ ഒരു ദംഗൽ നടന്നാലായി.
എങ്കിലും ബംഗാളിൽ ഇപ്പോഴും ഗുസ്തിയുടെ കൈപിടിച്ചു നടക്കാൻ കഴിയുന്നു എന്നതുതന്നെ സൂരജിന് ഏറെ അഭിമാനകരമാണ്. സർക്കാർ സംഘടിപ്പിക്കുന്ന ഗുസ്തി മത്സരങ്ങളെപ്പോലെ ശരീരഭാരത്തിന്റെ അടിസ്ഥാനത്തിൽ ഇനം തിരിച്ചല്ല ദംഗൽ നടക്കുന്നത്. ആർക്കും ആരെയും എവിടെവച്ചും വെല്ലുവിളിക്കാം. സൂരജും ഇത്തരത്തിൽ നാല് ദംഗലുകളിൽ പങ്കെടുത്തിട്ടുണ്ട്. 54 കിലോ വിഭാഗത്തിൽ മത്സരിച്ചിരുന്ന സൂരജ് ഒരിക്കൽ 74 കിലോയുള്ള ഒരു ബിഎസ്എഫ് ജവാനെയാണ് മലർത്തിയടിച്ചത്.
രാമായണത്തിലെയും മഹാഭാരതത്തിലെയും മല്ലയുദ്ധത്തിന്റെ തുടർച്ചയാണ് ഗുസ്തിയെന്നാണ് പതിവായി അഖാഡയിൽ പരിശീലനത്തിനെത്തുന്ന രാഹുൽ നോപാനി പറയുന്നത്. ഹനുമാൻ പതിവായി മല്ലയുദ്ധം പരിശീലിച്ചിരുന്നു. മഹാഭാരതത്തിലാകട്ടെ ശ്രീകൃഷ്ണൻ തന്റെ അമ്മാവൻ കംസനുമായി മല്ലയുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഭീമനും ഗുസ്തിയുടെ വക്താവായിരുന്നു. അതുകൊണ്ടുതന്നെ ഗുസ്തിയെന്ന കായിക വിനോദത്തിന് ഒൻപതിനായിരം വർഷത്തെ പാരന്പര്യമുണ്ടെന്നാണ് രാഹുൽ കണക്കുകൂട്ടുന്നത്.
കോളജ്പഠനം ഉപേക്ഷിച്ച് മാനസികമായി വിഷമിച്ചു നടന്നിരുന്ന കാലത്ത് ഒരു ആത്മീയ ഗുരുവാണ് രാഹുലിന്റെ കൈപിടിച്ച് അഖാഡയിൽ എത്തിക്കുന്നത്. പിന്നീട് ഇങ്ങോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അടിമുടി ഗുസ്തിയിൽ മുഴുകിയ ജീവിതമായിരുന്നു.
ഗുസ്തിവേളയിൽ ധരിക്കുന്ന ശീല തങ്ങൾക്കു വെറുമൊരു തുണി മാത്രമല്ല. ഒരിക്കൽ ഈ വസ്ത്രം അണിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരു സ്ത്രീയുടെ മുഖത്തേക്കും മറ്റൊരു വിചാരത്തോടെ നോക്കരുതെന്നത് ഗുരുവിന്റെ കർശന ചിട്ടയായിരുന്നു.
ഈ വേഷത്തിൽ നിൽക്കുന്പോൾ എല്ലാ സ്ത്രീകളും അമ്മയും സഹോദരിയുമാണെന്നാണ് ഗുരുജി പഠിപ്പിച്ചിരിക്കുന്നത്. ശീല ധരിക്കുന്നത് തങ്ങളുടെ മനസിനെയും ശരീരത്തെയും ആത്മീയമായി ബന്ധിച്ചു നിർത്തുന്ന ഒരാവരണം കൂടിയാണെന്നാണ് രാഹുൽ നോപാനിയുടെ പക്ഷം. അതുകൊണ്ടു ഇക്കാലത്ത് പതിവ് കായികവേഷമായ ഷോർട്സ് അഖാഡയുടെ പടി കടന്നിട്ടില്ല.
സെബി മാത്യു