ഞാൻ നാടകരംഗത്ത് സജീവമാകുന്നത് ഇരുപത്തിനാലാം വയസിലാണെങ്കിലും ഇരുപതാം വയസിൽതന്നെ ചെറുകഥകളും വിനോദ ഭാവനകളും എഴുതിത്തുടങ്ങിയിരുന്നു. പിന്നീടാണ് നാടകത്തിലേക്കു തിരിയുന്നത്.
ഞാൻ അംഗമായ കലാസംഘടനയുടെ വാർഷികത്തിന് അഭിനയിക്കാനെഴുതിയ നാടകമാണ് മാനം തെളിഞ്ഞു. തൃശൂർ ലൂർദ് കത്തീഡ്രൽ അങ്കണത്തിലാണ് അത് അവതരിപ്പിച്ചത്.
കുബേരനായ അനുജന്റെയും പാവപ്പെട്ട ജ്യേഷ്ഠന്റെയും കഥ. ലളിതമായ ഇതിവൃത്തം. ഇതിൽ പച്ചയായ ജീവിതം ഉണ്ടായിരുന്നു. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളുണ്ടായിരുന്നു. ധാർമിക സന്ദേശമുണ്ടായിരുന്നു.
പാവപ്പെട്ട ജ്യേഷ്ഠന്റെ മകനും ബിരുദധാരിയും തൊഴിൽരഹിതനുമായ ജോർജിന്റെ റോൾ ഞാനാണ് അഭിനയിച്ചത്. ഏക സ്ത്രീ കഥാപാത്രം ജോർജിന്റെ അനുജത്തി പതിനഞ്ചുകാരി അമ്മിണിയാണ്. ഈ വേഷം കെട്ടിയത് കെ.ജെ. ഇട്ട്യേച്ചൻ എന്ന പയ്യനായിരുന്നു.
നാടകത്തിലെ ഒരു സന്ദർഭം. മദ്രാസിലേക്ക് ഇന്റർവ്യൂവിനു പോകാൻ പണമില്ലാതെ ജോർജ് കുബേരനായ ഇളയപ്പനെ സമീപിച്ചെങ്കിലും ഹൃദയശൂന്യനായ ആ മനുഷ്യൻ കൊടുത്തില്ലെന്നു മാത്രമല്ല, കോപിഷ്ഠനായി ഇറങ്ങിപ്പോകാൻ ആക്രോശിക്കുകയും ചെയ്തു. പോരാൻനേരത്ത് ജോർജ് ഒരു വാചകം പറയുന്നുണ്ട്. ഇളയപ്പാ, ഒന്നു മനസിലാക്കിക്കോ, ഇളയപ്പന്റെ കോഴി കൂവിയില്ലെങ്കിലും നേരമൊക്കെ പുലരും. ഇതു പറഞ്ഞതോടെ സദസിൽനിന്നു കാതടപ്പിക്കുന്ന കൈയടികളും ഹർഷാരവങ്ങളും മുഴങ്ങി. ജോർജിന്റെ അമർഷത്തിലും വേദനയിലും പ്രേക്ഷകർ ഒരുപോലെ പങ്കുകൊണ്ടിരുന്നു. അമച്വർ നാടകമായിരുന്നിട്ടും പുതുശേരി, ചിറ്റാട്ടുകര, കുരിയച്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ ഈ ആദ്യനാടകത്തിനു ബുക്കിംഗ് ലഭിച്ചു. അഭ്യുദയകാംക്ഷികളുടെ നിർബന്ധത്തിൽ മാനം തെളിഞ്ഞു നാടകം അച്ചടിക്കാമെന്നുവച്ചു.
കടിഞ്ഞൂൽ കൃതിയല്ലേ, ഒരു അവതാരിക വേണമെന്നു തോന്നി. സാഹിത്യകാരനും പിൽക്കാലത്ത് കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനുമായ പുത്തേഴത്തു രാമമേനോനെ സമീപിച്ചു. അദ്ദേഹം സമ്മതിച്ച് കൈയെഴുത്തു പ്രതി വാങ്ങിവച്ചു. ഒരാഴ്ചയ്ക്കകമെങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്നു മനസിൽ പ്രാർഥിച്ചു മടങ്ങി.
പിറ്റേദിവസം ഞാൻ ഓഫീസിലിരിക്കുന്പോൾ പുത്തേഴൻ ഒരാൾവശം എന്റെ കൈയെഴുത്തുപ്രതി മടക്കിക്കൊടുത്തയച്ചിരിക്കുന്നു. ഞാൻ നടുങ്ങിപ്പോയി. വന്നയാളോടു ചോദിച്ചപ്പോൾ ഇതിവിടെ തരാൻ പറഞ്ഞു എന്നു പറഞ്ഞ് അയാൾ മടങ്ങി.
പൊതി അഴിച്ചുനോക്കിയപ്പോൾ ഞാൻ അതിശയിച്ചുപോയി. കൈയെഴുത്തുപ്രതിയോടൊപ്പം അവതാരികയും.
പുസ്തകം അച്ചടിക്കാൻ പ്രസിൽ ഏല്പിച്ചു. സാന്പത്തികശേഷിയില്ലാത്ത ഞാൻ അതിനായി കടംവാങ്ങി. കുറച്ചു തുക കടംപറഞ്ഞു. ഒന്നാം പതിപ്പ് 500 കോപ്പി. നൂറു പേജുള്ള നാടകത്തിന് വില പന്ത്രണ്ടണ. അതായത് 75 പൈസ.
സാഹിത്യരംഗത്ത് അക്കാലത്ത് ഞാൻ ആരുമല്ല. എന്നെ ആരും അറിയില്ല. കോപ്പി അഞ്ഞൂറുണ്ട്. എങ്ങനെ വിൽക്കും. ദിവസവും ഒന്പതര മണിക്ക് ഓഫീസിൽ പോകുന്ന ഞാൻ എട്ടര മണിക്ക് ഇറങ്ങും. ഓരോ ഡസൻ കോപ്പി കൈയിൽ വയ്ക്കും. പരിചയക്കാരെയും സ്നേഹിതരെയും കണ്ട് ഓരോ കോപ്പി പിടിപ്പിക്കും. അങ്ങനെ പരോക്ഷമായി പ്രോത്സാഹനം പിടിച്ചുവാങ്ങി. ആരുംതന്നെ ഞാൻ വീണ്ടും എഴുതണമെന്ന് ആശംസിച്ചില്ല. ചിലർ പുസ്തകം വാങ്ങിയിട്ട് ഒരിക്കലും പണം തരാതെ പ്രോത്സാഹിപ്പിച്ചു. ചുരുക്കം പറഞ്ഞാൽ നാടകത്തിന്റെ പ്രതികൾ മിക്കതും ഞാൻ കൊണ്ടുനടന്നു വിറ്റു.
ഇതിനകം ജീവിതം ഒരു കൊടുങ്കാറ്റാണ് എന്ന രണ്ടാമത്തെ നാടകമെഴുതി. ആ ഇടയ്ക്ക് ഒരു ദിവസം പുത്തേഴനെ കാണാൻ പോയി. ജ്ഞാനവൃദ്ധനാണ്. സൂര്യനു കീഴെയുള്ള ഏതു വിഷയത്തെക്കുറിച്ചും എഴുതാനും പ്രസംഗിക്കാനും കഴിവുള്ള വ്യക്തി. എന്നെ കണ്ടയുടനെ ങാ... എന്തുണ്ട്?
“പുതിയതൊന്ന് എഴുതിയിട്ടുണ്ട്. പക്ഷേ, നാടകരംഗത്തു തുടരണോ എന്ന ശങ്കയിലാണ് ഞാൻ.”
“എന്തു പറ്റീ...”
എന്റെ മനോവിഷമങ്ങളും പ്രയാസങ്ങളും നിരാശയും ഞാൻ തുറന്നുപറഞ്ഞു. എന്നെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല, ഉയർത്തുന്നില്ല, സഹായിക്കുന്നില്ല. ചില സാഹിത്യകാരൻമാർക്കു പുസ്തകം കൊടുത്തിട്ടും വായിച്ച് ഒരു നല്ലവാക്കു പറയുന്നില്ല...
ഇതെല്ലാം അനുഭാവപൂർവം കേട്ടുകഴിഞ്ഞപ്പോൾ ഫലിതപ്രിയനായ പുത്തേഴൻ എന്റെ പ്രശ്നവുമായി ഒരു ബന്ധമില്ലാത്ത മറ്റൊരു വിഷയത്തിലേക്കു തിരിഞ്ഞു. അദ്ദേഹം ചോദിച്ചു.
“നിങ്ങള്, ഈ അടുത്തദിവസം പത്രത്തിൽ ഒരു പ്രധാന വാർത്ത വായിച്ചില്ലേ.”
“എന്താണ്.”
“റഷ്യയിലെ ശാസ്ത്രജ്ഞന്മാർ ബഹിരാകാശാത്തേക്ക് ഒരു സ്പുട്നിക് വിട്ടിരിക്കുന്നു.”
“ഉവ്വ്, ഞാനതു വായിച്ചു.”
“അതിൽ ലെയിക്ക് എന്ന നായയെയും കയറ്റിയാണ് വിട്ടിരിക്കുന്നത്.”
“അതും ഞാൻ വായിച്ചതാണ്.”
“വായിച്ചുവല്ലോ, ഇതിൽനിന്നും എന്താണ് മനസിലാക്കിയത്.”
“എന്താ മനസിലാക്കാൻ. ശാസ്ത്രജ്ഞന്മാർ അവരുടെ കഴിവു പരമാവധി പ്രകടിപ്പിച്ചിരിക്കുന്നു.”
“അല്ല, താങ്കൾ ഇതിൽനിന്ന് ഒരു വലിയ സത്യം മനസിലാക്കണം.’’
“എന്താണാവോ?’’
കയറ്റിവിടാൻ ആളുണ്ടെങ്കിൽ ഏതു പട്ടിക്കും ഉയരാം. അതു പട്ടിയുടെ കഴിവല്ല. കയറ്റിവിട്ടവരുടെ കഴിവാണ്. താങ്കൾ സ്ഫുട്നിക്കിലെ പട്ടിയാകരുത്. താങ്കൾക്ക് പ്രതിഭയുണ്ടെങ്കിൽ, സർഗശക്തിയുണ്ടെങ്കിൽ അർപ്പണബോധമുണ്ടെങ്കിൽ സ്വയം വളരും. ഇതൊന്നുമില്ലെങ്കിൽ ആരുയർത്തിയാലും വളരില്ല.
ഞാൻ വിസ്മയിച്ചുപോയി. എന്തൊരു ലാഘവത്തോടെയാണ് വലിയൊരു സത്യം പുത്തേഴൻ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ചിന്താബന്ധുരമായ ഈ വാക്കുകൾ ജീവിതത്തിലെ അമൂല്യമായ ആപ്തവാക്യമായി ഞാൻ സ്വീകരിച്ചു. പിന്നെ ഇന്നുവരെ ആരും എന്നെ പ്രോത്സാഹിപ്പിക്കുന്നില്ലല്ലോ എന്നു പരിദേവനം ഞാൻ നടത്തിയിട്ടില്ല.
സി.എൽ. ജോസ്